ചിദംബരത്തിന് താത്കാലികാശ്വാസം; സെപ്തംബര്‍ അഞ്ചുവരെ കസ്റ്റഡിയില്‍ തുടരട്ടെയെന്ന് സുപ്രീം കോടതി

Posted on: September 3, 2019 3:21 pm | Last updated: September 3, 2019 at 6:41 pm

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ ധനകാര്യ മന്ത്രി പി ചിദംബരം സെപ്തംബര്‍ അഞ്ചുവരെ സി ബി ഐ കസ്റ്റഡിയില്‍ തുടരട്ടെയെന്ന് സുപ്രീം കോടതി. ചൊവ്വാഴ്ച നടന്ന വിശദമായ വാദംകേള്‍ക്കലിനു ശേഷമാണ് പരമോന്നത കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തത്കാലം തിഹാര്‍ ജയിലില്‍ പോകാതെ കഴിക്കാന്‍ ഇത് ചിദംബരത്തെ സഹായിക്കും.

അന്വേഷണ ഏജന്‍സിക്ക് ചിദംബരത്തെ കൂടുതലായൊന്നും ചോദ്യം ചെയ്യാനില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു നോക്കിയെങ്കിലും കേള്‍ക്കാന്‍ കോടതി തയാറായില്ല. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പോകാന്‍ പ്രതിക്ക് താത്പര്യമില്ലെന്നതു കൊണ്ടു മാത്രം കോടതി ഉത്തരവ് പുറപ്പെടുവിക്കാതിരിക്കുന്നതിനെ സോളിസിറ്റര്‍ ജനറല്‍ ചോദ്യം ചെയ്തു. എന്നാല്‍, വിചാരണ കോടതി മുമ്പാകെ ജാമ്യാപേക്ഷ നല്‍കില്ലെന്ന് മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് സിങ്‌വിയും ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് ചിദംബരത്തിന് കോടതി താത്കാലിക ഇളവ് അനുവദിക്കുകയായിരുന്നു. അഞ്ചാം തീയതി വരെ കാത്തിരിക്കാമെന്ന് ഇരു അഭിഭാഷകരും പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ ഡി) സി ബി ഐയും അന്വേഷിക്കുന്ന കേസില്‍ അറസ്റ്റിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് ചിദംബരം മേല്‍കോടതിയെ സമീപിച്ചത്. ആഗസ്റ്റ് 21ന് വൈകീട്ട് ഡല്‍ഹിയിലെ വസതിയിലെത്തിയാണ് ചിദംബരത്തെ സി ബി ഐ അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ സി ബി ഐ കസ്റ്റഡിയിലാണ് ചിദംബരം. മുന്‍കൂര്‍ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ അപേക്ഷയില്‍ കോടതി വ്യാഴാഴ്ച വിധി പറയും.