കേന്ദ്ര ഭരണത്തിനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

Posted on: September 3, 2019 3:12 pm | Last updated: September 3, 2019 at 3:12 pm

കൊച്ചി: ആള്‍കൂട്ട ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ ബുദ്ധിജീവികള്‍ക്കൊപ്പം പ്രധാനമന്ത്രിക്ക് കത്ത് എഴുതിയതിന് പിന്നാലെ വീണ്ടും കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ജയ്ശ്രീറാം വിളിച്ച് രാജ്യത്ത് ഒരു വിഭാഗം ആക്രമിക്കപ്പെടുന്നത് ചീഫ് എക്‌സിക്യൂട്ടീവായ പ്രധാനമന്ത്രിയെ അറിയിക്കാനാണ് ആ കത്തെഴുതിയതെന്ന് അടൂര്‍ പ്രതികരിച്ചു. തിരുവായ്ക്ക് എതിര്‍വായില്ല എന്ന് പറയുന്ന രാജഭരണമല്ലിത്. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമൊക്കെയായി മാറുന്നത് നമ്മളില്‍പ്പെട്ട ആളുകള്‍ തന്നെയാണ്. ജനകീയ ഭരണമാണിത്. പറയുന്ന കാര്യങ്ങളെ നേരെയുള്ള അര്‍ഥത്തില്‍ കാണാതെ ആ ശബ്ദം അടിച്ചമര്‍ത്തുക എന്നത് തെറ്റായ നടപടിയാണ്.

ജനാധിപത്യം കൂടുതല്‍ നേടിയവരുടെയും കുറച്ചു കിട്ടിയവരുടെയും കൂടിയാണ്. ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടിക്കു സ്വേച്ഛാധികാരത്തിലേക്കു പോകാം എന്ന് ഭരണഘടനയില്‍ ഇല്ല. ആ പാര്‍ട്ടിയുടെ മാത്രം അജന്‍ഡകളുമല്ല രാജ്യത്ത് നടപ്പാക്കേണ്ടത്. എണ്ണത്തില്‍ മുന്നിലെത്തിയവരാണ് ഭരിക്കാന്‍ കയറുന്നത്. പക്ഷേ, മറ്റുള്ളവര്‍ക്ക് ഇതില്‍ റോളില്ല എന്ന് അര്‍ഥമില്ലെന്നും അടൂര്‍ പറഞ്ഞു.