ഡി ജി പി ലോക്‌നാഥ് ബഹ്‌റക്കെതിരെ കടുത്ത പരിഹാസവുമായി കെ മുരളീധരന്‍

Posted on: September 3, 2019 2:46 pm | Last updated: September 3, 2019 at 6:41 pm

കൊച്ചി: ഡി ജി പി ലോക്‌നാഥ് ബഹ്‌റക്കെതിരെ വിമര്‍ശനവും പരിഹാസവും ചൊരിഞ്ഞ് കെ മുരളീധരന്‍ എം പി. സകല സി പി എം നേതാക്കളുടെ മുന്നിലും നടുവളച്ച് നില്‍ക്കുന്ന മഡ്ഗുണനാണ് ബഹറയെന്നും ഇയാളെ പിണറായിക്ക് എവിടെ നിന്നാണ് കിട്ടിയതെന്നും മുരളി ചോദിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാനാണ് ബഹ്‌റയുടെ നീക്കം. മാനമുള്ളവര്‍ക്കാണ് മാനനഷ്ടം സംഭവിക്കുക. ഇതില്ലാത്ത ബഹ്‌റയാണ് മാനനഷ്ടത്തിന് കേസ് കൊടുക്കുന്നത്. വിമര്‍ശനത്തിന് തനിക്കെതിരെയും ബഹറ് കേസ് കൊടുക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളജ് അവിടെ നിന്നു മാറ്റുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഒന്നുകില്‍ ഇടിച്ചു നിരത്തി പൊതുസ്ഥലം ആക്കും. അല്ലെങ്കില്‍ ചരിത്ര മ്യൂസിയമാക്കും. ഇതു പറഞ്ഞതിനു ബുദ്ധിജീവികള്‍ക്ക് എന്തു തോന്നിയാലും തനിക്ക് ഒന്നുമില്ല.
പി എസ് സി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിലും ഭേദം കോടിയേരി അന്വേഷിക്കുന്നതാണ്. ആദ്യ പ്രളയകാലത്ത് അടിച്ച് മാറ്റിയത് കൊണ്ടാണ് രണ്ടാം പ്രളയകാലത്ത് സഹായം കുറഞ്ഞതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനെ വഞ്ചിച്ച് ബി ജെ പിയിലെത്തിയ ആളെ ഗവര്‍ണറാക്കിയതിലൂടെ കേരളത്തിലും കടന്ന് കയറാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.