യു ഡി എഫ് ചിഹ്നം പുലിയായാലും എല്‍ ഡി എഫിന് പ്രശ്‌നമല്ല: കോടിയേരി

Posted on: September 3, 2019 12:55 pm | Last updated: September 3, 2019 at 3:39 pm

കോട്ടയം: പാലായില്‍ നടക്കുന്നത് യു ഡി എഫിന് ചിഹ്നം പോലുമില്ലാത്ത തിരഞ്ഞെടുപ്പാണിതെന്ന്‌സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു ഡി എഫ് സ്ഥാനാര്‍ഥി പുലി ചിഹ്നത്തില്‍ മത്സരിച്ചാലും എല്‍ ഡി എഫിന് പ്രശ്‌നമില്ലെന്നും കോടിയേരി പറഞ്ഞു. എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ പാലായിലെത്തി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

പി ജെ ജോസഫ് നേരത്തെ കേരള കോണ്‍ഗ്രസന്റെ ഒട്ടക ചിഹ്നം കൊണ്ടുപോയി. ഇപ്പോഴിതാ രണ്ടിലയും കൊണ്ടുപോയി. ഇനിയിപ്പോ ചിഹ്നം പുലി ആയാലും, എന്തായാലും ഇടതുപക്ഷത്തിന് പ്രശ്‌നമില്ല- കോടിയേരി പറഞ്ഞു.

ശബരിമല ഇപ്പോള്‍ കേരളത്തില്‍ ഒരു ചര്‍ച്ചാ വിഷയമല്ല. എന്നാല്‍ ആരെങ്കിലും ചര്‍ച്ചയാക്കിയാല്‍ സി പി എം അതില്‍നിന്ന് ഒളിച്ചോടില്ല. സി പി എം നിലപാട് വിശ്വാസികള്‍ക്ക് മുമ്പില്‍ വിശദീകരിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായ വിത്യാസമില്ല. കോണ്‍ഗ്രസും ബി ജെ പിയും വിശ്വാസികളെ കബളിപ്പിക്കുന്നു. സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം പറ്റില്ലെന്നാണ് ബി ജെ പി ഇപ്പോള്‍ പറയുന്നത്. പാര്‍ലിമെന്റിനു പോലും നിയമനിര്‍മാണം നടത്താനാവാത്ത കാര്യത്തില്‍ നിയമസഭ നിയമമുണ്ടാക്കും എന്നാണ് കോണ്‍ഗ്രസിന്റെ വാദമെന്നും കോടിയേരി പറഞ്ഞു.