Connect with us

Articles

പിടിപ്പുകേടുകള്‍ക്ക് ബേങ്ക് ലയനം ഒറ്റമൂലിയല്ല

Published

|

Last Updated

രാജ്യത്തിന്റെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിലും നിലനിര്‍ത്തുന്നതിലും രാജ്യത്തിന്റെ പുരോഗതിയിലും ബേങ്കുകള്‍ക്കും പങ്കുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ ബേങ്കുകള്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്നതാക്കി മാറ്റാന്‍ നമ്മുടെ രാജ്യത്ത് നാളിതുവരെ കഴിഞ്ഞിട്ടില്ല. ബേങ്കിംഗ് രംഗത്ത് വളരെയധികം പരിഷ്‌കാരങ്ങള്‍ ഇതിനകം ഉണ്ടായിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ അതെല്ലാം രാജ്യത്തെ ബഹുഭൂരിപക്ഷത്തിനും പ്രയോജനകരമായിട്ടില്ല. പ്രത്യേകിച്ച്, ദേശസാല്‍കൃത ബേങ്കുകള്‍ കൊണ്ട് നേട്ടമുണ്ടാക്കുന്നത് ഭരണ കക്ഷിയുമായി ബന്ധമുള്ള വന്‍കിട കോര്‍പറേറ്റുകളാണെന്ന യാഥാര്‍ഥ്യം കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ബേങ്കിംഗ് മേഖല ജനോപകാരപ്രദമാക്കുന്നതിനു പകരം പൊതുമേഖലാ ബേങ്കുകളുടെ ലയനത്തിലേക്കും ഏകീകരണത്തിലേക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ബേങ്കുകളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ മൂക്കുകയറിട്ട് നിയന്ത്രിക്കുന്നതിനും അതിനെ വെറുമൊരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി മാറ്റാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിട്ടുമുണ്ട്.

ലളിത് മോദി

2016ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 27 പൊതുമേഖലാ ബേങ്കുകള്‍, 20 സ്വകാര്യ മേഖലാ ബേങ്കുകള്‍, 43 വിദേശ ബേങ്കുകള്‍, 56 പ്രാദേശിക ഗ്രാമീണ ബേങ്കുകള്‍, 1,579 കോ- ഓപറേറ്റീവ് ബേങ്കുകള്‍, 94,178 ഗ്രാമീണ കോ-ഓപറേറ്റീവ് ക്രെഡിറ്റ് ബേങ്കുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. 2016ലെ പൊതുമേഖലാ ബേങ്കുകളുടെ ആസ്തി മൂല്യം 1.4 ഡ്രില്യന്‍ യു എസ് ഡോളറാണ്. ഇന്ത്യന്‍ ബേങ്കിംഗ് മേഖല ആസ്തി മൂല്യം 2016 സാമ്പത്തിക വര്‍ഷം 1.96 ഡ്രില്യന്‍ യു എസ് ഡോളറായിരുന്നു. ആകെ ആസ്തി മൂല്യത്തിന്റെ 75 ശതമാനവും പൊതുമേഖലയിലാണ്. 2016 ആഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ആകെ 2,02,801 എ ടി എമ്മുകളുണ്ട്. സാമ്പത്തിക ഉള്‍ക്കൊള്ളല്‍ പദ്ധതി പ്രകാരം 2016ല്‍ 2,493 ബ്രാഞ്ചുകളിലൂടെ രാജ്യത്തിലെ 40,000 ഗ്രാമങ്ങളില്‍ ബേങ്കിംഗ് സേവനം ലഭ്യമാണ്.

ഇന്ത്യയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിവെച്ചതാണ് രണ്ട് ഘട്ടങ്ങളിലായി നടന്ന ബേങ്ക് ദേശസാല്‍കരണങ്ങള്‍. 1969 വരെ റിസര്‍വ് ബേങ്കിന് പുറമെയുള്ള ഇന്ത്യയിലെ ഏക ദേശസാല്‍കൃത ബേങ്ക് എസ് ബി ഐ മാത്രമായിരുന്നു. 1969ല്‍ 14 ബേങ്കുകളും 1980ല്‍ ആറ് ബേങ്കുകളും ദേശസാല്‍കരിച്ചു. ഇന്ദിരാ ഗാന്ധിയായിരുന്നു ഈ കാലയളവുകളില്‍ പ്രധാനമന്ത്രി. അന്ന് കോണ്‍ഗ്രസില്‍ ഉണ്ടായ ഭിന്നിപ്പില്‍, താന്‍ പുരോഗമന ആശയങ്ങളുടെ വക്താവാണെന്ന് അറിയിക്കാനാണ് ഈ നടപടി അവരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ബേങ്കിംഗ് സംവിധാനം ഗ്രാമപ്രദേശങ്ങളില്‍ എത്തിക്കുക, കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നിവ ആയിരുന്നു ദേശസാല്‍കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഒന്നാം ഘട്ട ദേശസാല്‍കരണത്തില്‍ നിക്ഷേപം 50 കോടി രൂപയിലധികമുള്ള 14 ബേങ്കുകളെയാണ് ദേശസാല്‍കരിച്ചത്. 1980ലെ രണ്ടാം ഘട്ട ബേങ്ക് ദേശസാല്‍കരണത്തില്‍ 200 കോടിയിലേറെ നിക്ഷേപ മൂലധനമുള്ള ആറ് ബേങ്കുകളെയാണ് ദേശസാല്‍കരിക്കപ്പെട്ടത്.

വിജയ് മല്യ

രാജ്യത്ത് ഏറ്റവും ഗുരുതരമായി മാറിയിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന് പരിഹാരം കാണാനുള്ള ചെപ്പടി വിദ്യ എന്ന നിലയില്‍ ഏറ്റവും പ്രമുഖമായ ബേങ്കുകളെ ആകെ ലയിപ്പിക്കാനുള്ള തീരുമാനമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നിരിക്കുന്നത്. മാന്ദ്യത്തിലായ സമ്പദ്ഘടനക്ക് ഉത്തേജനം നല്‍കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ ബേങ്കുകളെ വീണ്ടും ലയിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പ്രമുഖമായ പത്ത് ദേശസാല്‍കൃത ബേങ്കുകളെ ലയിപ്പിച്ച് നാലെണ്ണം ആക്കുമെന്നാണ് കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. 2017ലുണ്ടായിരുന്ന 27 പൊതുമേഖലാ ബേങ്കുകളുടെ എണ്ണം ഇതോടെ 12 ആകും. ഓറിയന്റല്‍ ബേങ്ക് ഓഫ് കോമേഴ്‌സ്, യുനൈറ്റഡ് ബേങ്ക് എന്നിവ പഞ്ചാബ് നാഷണല്‍ ബേങ്കില്‍ ലയിപ്പിക്കും. സിന്‍ഡിക്കേറ്റ് ബേങ്കിനെ കനറാ ബേങ്കിലും ആന്ധ്രാ ബേങ്കും കോര്‍പറേഷന്‍ ബേങ്കും യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യയിലും ലയിപ്പിക്കും. അലഹബാദ് ബേങ്ക് ഇന്ത്യന്‍ ബേങ്കിലേക്കും ലയിപ്പിക്കും. വലിയ പുതുതലമുറ ബേങ്ക് സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. വായ്പാ ശേഷി കൂട്ടാനും അപകട സാധ്യത കുറക്കാനുമാണ് ഇതെന്ന് അവര്‍ അവകാശപ്പെട്ടു.

രാജ്യത്തെ 10 പൊതുമേഖലാ ബേങ്കുകള്‍ ലയിപ്പിച്ച് നാല് ബേങ്കുകളാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ തന്നെ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയുമായി ബേങ്ക് ജീവനക്കാരും അവരുടെ യൂനിയനുകളും രംഗത്ത് വന്നു.

രാജ്യത്തെ മിക്ക നഗരങ്ങളിലും ഈ ബേങ്കുകള്‍ക്കെല്ലാം ഒന്നിലധികം ബ്രാഞ്ചുകള്‍ നിലവിലുണ്ട്. എന്നാല്‍ ഈ ബേങ്കുകള്‍ ഒന്നാകുന്നതോടെ സാമ്പത്തിക നഷ്ടം ലഘൂകരിക്കാനായി ഇവയിലെ പല ബ്രാഞ്ചുകളും ലയിപ്പിക്കുകയാണെങ്കില്‍ ബേങ്കിംഗ് മേഖലയില്‍ വന്‍ നഷ്ടം സംഭവിക്കുമെന്നുറപ്പാണ്.

നീരവ് മോദി

അതേസമയം, ബേങ്കുകളുടെ സംയോജനം നടന്നാലും തൊഴിലാളികളെ സംരക്ഷിക്കുമെന്ന ഉറപ്പാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത്. ഇക്കാര്യം മന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എങ്കിലും ബേങ്കുകളുടെ സംയോജനം സംഭവിക്കുന്ന മുറക്ക് ബേങ്കുകള്‍ തൊഴിലാളികളെ വെട്ടിക്കുറക്കാനാണ് വലിയ സാധ്യത. ബേങ്കുകളുടെ സംയോജനം വഴി ഉപഭോക്താവിന് മികച്ച സേവനം ലഭ്യമാകുമെന്നാണ് സര്‍ക്കാറിന്റെ അവകാശ വാദം. ബേങ്കിംഗ് മേഖലയിലെ വന്‍ തട്ടിപ്പുകളടക്കമുള്ളവ നിയന്ത്രിക്കാനാകുമെന്നും ധനമന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം വെറും പാഴ് വാക്കുകള്‍ മാത്രമായി മാറാനാണ് സാധ്യത.

ബേങ്കുകളുടെ ഏകീകരണം മികച്ച പരിഷ്‌കരണമാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ വെറും ലയനം കൊണ്ടുമാത്രം യാതൊരു പ്രയോജനവും ഉണ്ടാകണമെന്നില്ല. പൊതുമേഖലാ ബേങ്കുകളുടെ പ്രവര്‍ത്തന ശൈലിയില്‍ മൗലിക മാറ്റം കൊണ്ടുവരണം. മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് വേണ്ടത്ര ഓപ്ഷന്‍സ് പൊതുമേഖലാ ബേങ്കുകളുടെ കാര്യത്തിലാണെങ്കിലും ലഭ്യമാകുകയും വേണം. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനെ ബേങ്ക് ലയനം ബാധിക്കരുത്. വിപണിയില്‍ വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രം എന്നത് ജനാധിപത്യ ശൈലിയല്ല.

പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുക, ഉപഭോക്ത അടിത്തറ വിപുലപ്പെടുത്തുക, ബാധ്യതകള്‍ കുറക്കുക, കിട്ടാക്കടത്തില്‍ നിന്ന് രക്ഷ നേടുക തുടങ്ങി നിരവധി കാര്യങ്ങളാണ് ലയനത്തിലൂടെ സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നാണ് സൂചനകള്‍. എന്നാല്‍ ഇതെല്ലാം കാര്യക്ഷമമായി നടപ്പാകുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും അനിവാര്യമാണ്. ലയനം കൊണ്ട് മാത്രം ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധ്യമല്ല.
പൊതുമേഖല ബേങ്കുകളിലെ കേന്ദ്ര സര്‍ക്കാറിന്റെ ഓഹരി പങ്കാളിത്തം 52 ശതമാനമായി സാവധാനം കുറക്കണമെന്ന് ധനകാര്യ മന്ത്രാലയം നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്തായാലും ബേങ്കുകളുടെ എണ്ണം കുറച്ച് വന്‍കിട കുത്തകകളെ സഹായിക്കുന്നതിനുള്ള ബോധപൂര്‍വമായ നീക്കം ബേങ്കിംഗ് രംഗത്തുള്ള മത്സരം ഇല്ലാതാക്കുകയും ഫലത്തില്‍ അത് ഉപഭോക്താവിന് ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നുള്ളതില്‍ തര്‍ക്കമില്ല. സര്‍ക്കാറിന് ഓഹരി പങ്കാളിത്തമുള്ള കൂടുതല്‍ ബേങ്കുകള്‍ സ്വതന്ത്രമായി മികച്ച രീതിയില്‍ നിലനില്‍ക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്ന കാര്യമാണ് പരിഗണിക്കപ്പെടേണ്ടത്. ഇതിലൂടെ ബേങ്കിംഗ് മേഖല ജനകീയമാക്കി മാറ്റാനുള്ള ശക്തമായ നടപടികളാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകേണ്ടത്.

ദേശസാല്‍കൃത ബേങ്കുകളില്‍ നിന്ന് കോടാനുകോടി രൂപ കടമെടുത്ത് വിദേശ രാജ്യങ്ങളിലേക്ക് മുങ്ങിയ ലളിത് മോദി, നീരവ് മോദി, വിജയ് മല്യ എന്നീ കുത്തക മുതലാളിമാര്‍ക്കെതിരെ കാര്യമായ ഒരു നടപടിയും കൈക്കൊള്ളാന്‍ നാളിതുവരെ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇവര്‍ മാത്രമല്ല, നൂറുകണക്കിന് മറ്റ് കുത്തകകളും കോര്‍പറേറ്റ് പ്രമാണിമാരും ശതകോടീശ്വരന്‍മാരും പൊതുമേഖല ബേങ്കുകളില്‍ നിന്ന് പതിനായിരക്കണക്കിന് കോടി രൂപ കടമെടുത്ത് മുങ്ങിയിട്ടുണ്ട്. ഇവരുടെ വായ്പകള്‍ പലതും ഇതിനകം എഴുതിത്തള്ളുകയും പുതിയ ലോണുകള്‍ എല്ലാ നിബന്ധനകളും ലംഘിച്ച് ഇവര്‍ക്ക് നല്‍കുകയും ചെയ്തിട്ടുമുണ്ട്.

പൊതുമേഖല ബേങ്കുകളില്‍ നിന്ന് ചെറിയ തുകകള്‍ കടമെടുത്തിട്ടുള്ള രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് നേരെ ബേങ്കുകള്‍ കടുത്ത ജനദ്രോഹ നിയമവും മറ്റും പ്രയോഗിച്ച് അവരുടെ കിടപ്പാടം ജപ്തി ചെയ്യുന്നു. സര്‍ഫാസി നിയമം അനുസരിച്ച് കിടപ്പാടം ജപ്തി ചെയ്യുന്നത് കാണാനുള്ള ചങ്കുറപ്പില്ലാത്തതു കൊണ്ട് ബേങ്ക് നടപടിയെ നേരിടുന്ന ഈ പാവങ്ങള്‍ ആത്മഹത്യ ചെയ്യുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുകയുമാണ്.
നമ്മുടെ രാജ്യത്തെ പൊതുമേഖല ബേങ്കുകള്‍ക്ക് വളരെ വലിയ ചുമതലകളാണ് നിര്‍വഹിക്കാനുള്ളത്. ജനസേവനത്തിനുള്ള ചുമതലകളില്‍ നിന്ന് ഒളിച്ചോടുകയും സര്‍ക്കാര്‍ നയങ്ങളും തീരുമാനങ്ങളും മാത്രം നടപ്പാക്കുന്ന വകുപ്പാക്കി മാത്രം ഈ ദേശസാല്‍കൃത ബേങ്കുകളെ മാറ്റുകയും ചെയ്യുക എന്നുള്ളത് മാത്രമാണ് ദേശസാല്‍കൃത ബേങ്കുകളുടെ ലയനത്തിലൂടെയും ഏകീകരണത്തിലൂടെയും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.

രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ ചെന്നെത്തിയിരിക്കുകയാണ്. ഇതിന് ഒറ്റമൂലിയൊന്നുമില്ല. നിലവിലുള്ള തെറ്റായ സാമ്പത്തിക നയം അപ്പാടെ മാറ്റി എഴുതണം. രാജ്യത്തെ വിരലിലെണ്ണാവുന്ന വന്‍കിട കുത്തകകളുടെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നതിനും പകരം ബഹു ഭൂരിപക്ഷത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പര്യാപ്തമായ ഒരു പുത്തന്‍ സാമ്പത്തിക നയത്തിന് രൂപം നല്‍കണം. അതിനനുസൃതമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൈകൊള്ളുകയും ചെയ്യുക എന്നുള്ളതു മാത്രമാണ് ഇതിനുള്ള ഏക പരിഹാരം. എന്നാല്‍ ദേശസാല്‍കൃത ബേങ്കുകളുടെ ലയനം കൊണ്ട് മാത്രം ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഹീനമായ നീക്കത്തിലാണ് മോദി സര്‍ക്കാര്‍. സമ്പദ്ഘടനയെ താറുമാറാക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റിസര്‍വ് ബേങ്കിന്റെ കരുതല്‍ ഫണ്ടില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ സര്‍ക്കാര്‍ എടുത്ത് ചെലവാക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ സൃഷ്ടിക്കും. വിത്തെടുത്ത് തിന്നുന്നതിന് സമാനമായ ഒരു നടപടിയാണ് ഇത്. പ്രമുഖ ബേങ്കുകളുടെ ഏകീകരണവും ഇതിന് സമാനമായ നടപടി തന്നെയാണ്.

(ലേഖകന്റെ ഫോണ്‍: 9847132428)

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428