എട്ട് അപ്പാഷെ ഹെലികോപ്ടറുകള്‍ അമേരിക്ക ഇന്ന് ഇന്ത്യക്ക് കൈമാറും

Posted on: September 3, 2019 10:27 am | Last updated: September 3, 2019 at 12:39 pm

പഞ്ചാബ്: ലോകത്തെ 14 രാജ്യങ്ങള്‍ മലമുകളിലെ യുദ്ധമുഖത്ത് പ്രധാനമായും ആശ്രയിക്കുന്ന എട്ട് അപ്പാഷെ ഹെലികോപ്ടര്‍ അമേരിക്ക ഇന്ന് ഇന്ത്യക്ക് കൈമാറും. പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് , എയര്‍ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ എന്നിവര്‍ പങ്കെടുക്കും. ലഡാക്ക് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ നിരീക്ഷണം സാധ്യമാക്കുന്ന അപ്പാഷെ ഹെലികോപ്റ്ററുകള്‍ പത്താന്‍കോട്ട് വ്യോമസേനാത്താവളത്തില്‍ തന്നെ വിന്യസിക്കും.

2015ലാണ് അപ്പാഷെ ഹെലികോപ്റ്ററുകള്‍ക്കുള്ള കരാര്‍ അമേരിക്കയുമായി ഇന്ത്യ ഒപ്പുവെച്ചത്.
കഴിഞ്ഞ മെയില്‍ ആദ്യത്തെ അപ്പാഷെ ഹെലിക്കോപ്റ്റര്‍ അരിസോണയിലെ ബോയിങ് കേന്ദ്രത്തില്‍ വെച്ച് അമേരിക്ക ഇന്ത്യക്ക് കൈമാറിയിരുന്നു.

യുഎസ് ആയുധ നിര്‍മാതാക്കളായ ബോയിങ് ആണ് അപ്പാഷെ ഹെലികോപ്റ്റര്‍ നിര്‍മ്മിക്കുന്നത്. ഏത് കാലാവസ്ഥയിലും യുദ്ധസജ്ജമായ ഹെലികോപ്റ്ററാണ് അപ്പാഷെ.

ശത്രു പീരങ്കികളെ തകര്‍ക്കാന്‍ കെല്‍പുള്ള ഹെല്‍ഫയര്‍ മിസൈല്‍, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിന്‍ ഗണ്‍ എന്നിവയാണ് അപാഷെയുടെ ആയുധക്കരുത്ത്. 50 കിലോമീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങള്‍ നിരീക്ഷിക്കാനും ആക്രമിക്കാനും അപ്പാഷെയ്ക്ക് സാധിക്കും. രാത്രിക്കാഴ്ച, അത്യാധുനിക സെന്‍സര്‍ എന്നിവ സജ്ജമാക്കിയ കോപ്റ്ററില്‍ രണ്ടാള്‍ ഇരിക്കാനാകും. വെടിയുണ്ടകളില്‍ തകരാത്ത കവചമാണ് ഇതിനുള്ളത്.