തൈക്കുടംവരെ ദീര്‍ഘിപ്പിച്ച കൊച്ചി മെട്രോ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

Posted on: September 3, 2019 1:00 pm | Last updated: September 3, 2019 at 3:41 pm

കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതവരെ ദീര്‍ഘിപ്പിച്ച പാത മുഖ്യമന്ത്രി ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
ചടങ്ങില്‍ നഗരത്തിന്റ കുതിപ്പിന് വിപ്ലവകരമായ മാറ്റം കൈവരുന്ന വാട്ടര്‍ മെട്രോയുടെ ആദ്യ ടെര്‍മിനലിന്റെയും പേട്ട എസ് എന്‍ ജംഗ്ഷന്റെയും നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

വാട്ടര്‍ മെട്രോകൂടി വരുന്നതോടെ നഗര വികസനത്തിന് വിപ്ലവകരമായ മാനം കൈവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെട്രോ തൈക്കുടം വരെ ദീര്‍ഘിപ്പിച്ചതോടെ ആലുവ മുതല്‍ തൈക്കുടം വരെയുള്ള ട്രാഫിക് കുരുക്കില്‍പ്പെടാതെ സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുകളിലെത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ 11.30ന് കടവത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ്
മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേന്ദ്രനഗരവികസന സഹമന്ത്രി ഹര്‍ദീപ് സിംഗ്പൂരി, ഹൈബി ഈഡന്‍ എം പി തുടങ്ങിയ നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രി മെട്രോയില്‍ യാത്ര ചെയ്തു.

ഉച്ചയ്ക്ക് നിപാ പ്രതിരോധത്തില്‍ ഉള്‍പ്പടെ നേഴ്‌സുമാര്‍ വഹിച്ച പങ്കിന് ആദരസൂചകമായി സൗജന്യ യാത്രയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി കെ കെ ശൈലജയും യാത്രയില്‍ നേഴ്‌സുമാര്‍ക്കൊപ്പം ചേരും. നാളെ മുതല്‍ പതിനാല് ദിവസത്തേക്ക് യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവ് ലഭിക്കും. പുതിയ അഞ്ച് സ്റ്റേഷന്‍ കൂടി വരുന്നതോടെ ആകെയുള്ള സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നാകും. ആകെ ദൂരം 23.81 കിലോമീറ്ററും.

ഏഴ് മിനുട്ട് ഇടവേളയില്‍ ട്രെയിന്‍ സര്‍വ്വീസുണ്ടാകും. തൈക്കുടം ഭാഗത്തേക്ക് തുടക്കത്തില്‍ വേഗം കുറച്ചാകും ട്രെയിന്‍ സര്‍വ്വീസ് നടത്തുക. അഞ്ച് പുതിയ സ്റ്റേഷനുകളിലും സൗജന്യ പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.