ആണവായുധം പാക്കിസ്ഥാന്‍ ആദ്യം ഉപയോഗിക്കില്ല: ഇമ്രാന്‍ ഖാന്‍

Posted on: September 2, 2019 11:36 pm | Last updated: September 3, 2019 at 10:49 am

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ആദ്യം ആണവായുധങ്ങള്‍ ഉപയോഗിക്കില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയും പാക്കിസ്ഥാനും ആണവായുധ രാജ്യങ്ങളാണ്. ഈ പിരിമുറുക്കങ്ങള്‍ വര്‍ദ്ധിച്ചാല്‍ ലോകം അപകടത്തിലാകാമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ നഗരമായ ലാഹോറിലെ സിഖ് സമുദായത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവന.

ആദ്യം ഉപയോഗിക്കില്ല എന്ന നയം ഇന്ത്യ പതിറ്റാണ്ടുകളായി പിന്തുടരുന്നുണ്ട്. എന്നാല്‍ ഈ നയം മാറ്റാനുള്ള അവകാശം ഇന്ത്യക്ക് ഉണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ആദ്യ ഉപയോഗമില്ല എന്ന നയത്തിന് അനുസൃതമായി സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു, എന്നാല്‍ ഭാവിയില്‍ സംഭവിക്കുന്നത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും ഇതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.

പാകിസ്താന്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം തരംതാഴ്ത്തുകയും ഇന്ത്യന്‍ സ്ഥാനപതിയെ പുറത്താക്കുകയും ചെയ്തിരുന്നു.