Connect with us

Gulf

ജനപ്രീതി പ്രകടമാക്കുന്നു; വേനല്‍ക്കാലത്ത് അബൂദബി വിമാനത്താവളത്തില്‍ 45 ലക്ഷം യാത്രക്കാര്‍

Published

|

Last Updated

അബൂദബി: കഴിഞ്ഞ വേനല്‍ക്കാലത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 45 ലക്ഷം യാത്രക്കാര്‍ എത്തിയതായി അബൂദബി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. യാത്രക്കാരും യാത്ര ചെയ്യുന്നവരുമായവരുടെ ഉയര്‍ന്ന എണ്ണം വിമാനത്താവളത്തിന്റെ ജനപ്രീതി പ്രകടമാക്കുന്നു. ആകര്‍ഷകമായ റൂട്ടുകളും സുഗമമായ പ്രവര്‍ത്തന കാര്യക്ഷമതയും ഉയര്‍ന്ന ഉപഭോക്തൃ സംതൃപ്തിയും എയര്‍പോര്‍ട്ട് വാഗ്ദാനം ചെയ്യുന്നതിനാലാണ് ഇത്രയും യാത്രക്കാര്‍ അബൂദബിയിലെത്തിയതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

വേനല്‍ക്കാലത്ത്, അബൂദബി അന്താരാഷ്ട്ര വിമാനത്താവളം വഴി ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ യാത്ര ചെയ്തത് ലണ്ടന്‍, ഡല്‍ഹി, ബോംബെ, കെയ്റോ, കൊച്ചി എന്നിവിടങ്ങളിലേക്കാണ്. ഈ നഗരങ്ങള്‍ക്കും അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ 900,104 പേര്‍ യാത്ര ചെയ്തു. ജൂലൈ ഏഴിനും 17 നും ഇടയില്‍ ബലി പെരുന്നാള്‍ കാലയളവില്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളം വഴി 713,297 യാത്രക്കാരെത്തി. ഈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

യു എ ഇയിലെ പല നിവാസികളും വേനല്‍ക്കാലത്ത് അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും കാണാനും പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനും ആഗ്രഹിക്കുന്നു. അബൂദബി നഗരം വാഗ്ദാനം ചെയ്യുന്നവ അനുഭവിക്കാന്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. വേനല്‍ക്കാലത്തെ യാത്രക്കാരുടെ എണ്ണത്തെ കുറിച്ച് സംസാരിക്കവെ അബൂദബി വിമാനത്താവളങ്ങളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബ്രയാന്‍ തോംസണ്‍ പറഞ്ഞു.

ഈ വര്‍ഷത്തെ സുപ്രധാന അവധി ദിനങ്ങളായ വലിയ പെരുന്നാളിലും, ഹജ്ജ് ദിവസങ്ങളിലും ഞങ്ങളുടെ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തവരെ സ്വാഗതം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അവര്‍ ഫലപ്രദമായ തീര്‍ഥാടനം ആസ്വദിച്ചതായി പ്രതീക്ഷിക്കുന്നതായും തോംസണ്‍ കൂട്ടിച്ചേര്‍ത്തു.

Latest