പി എസ് സി ക്രമക്കേട്: ഗോകുല്‍ കീഴടങ്ങി; സസ്‌പെന്‍ഷന്‍

Posted on: September 2, 2019 3:33 pm | Last updated: September 2, 2019 at 11:36 pm

തിരുവനന്തപുരം: പി എസ് സി ക്രമക്കേട് കേസിലെ മുഖ്യ പ്രതിയും എസ് എ പി ക്യാമ്പിലെ പോലീസുകാരനുമായ ഗോകുല്‍ തിരുവനന്തപുരം സി ജെ എം കോടതിയില്‍ കീഴടങ്ങി. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് ഉത്തരം എസ് എം എസ് ആയി അയച്ച കേസിലാണ് അഞ്ചാം പ്രതി ഗോകുല്‍ കീഴടങ്ങിയത്. സെപ്തംബര്‍ 16 വരെ ഗോകുലിനെ കോടതി റിമാന്‍ഡ് ചെയ്തു. ഗോകുലിനെ കസ്റ്റഡിയില്‍ കിട്ടുന്നതിനായി ക്രൈം ബ്രാഞ്ച് അപേക്ഷ നല്‍കിയിട്ടുണ്ട്.

കേസിലെ എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനകം കീഴടങ്ങണമെന്ന്, കേസിലെ നാലാം പ്രതി സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഗോകുല്‍ കീഴടങ്ങിയത്. പി എസ് സി നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതിന് യൂനിവേഴ്‌സിറ്റി കോളജിലെ എസ് എഫ് ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതികളാക്കി ഈ മാസം എട്ടിനാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.