Connect with us

International

കശ്മീര്‍: ഇമ്രാന്റെത് അതിരുവിട്ടതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രചാരണമെന്ന് യു എസ് മുന്‍ അംബാസഡര്‍

Published

|

Last Updated

വാഷിംഗ്ടണ്‍/ന്യൂഡല്‍ഹി: മേഖലയിലെ സംഘര്‍ഷാവസ്ഥ വര്‍ധിപ്പിക്കുന്നതില്‍ പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനെ കുറ്റപ്പെടുത്തി യു എസ് മുന്‍ അംബാസഡര്‍ ടിം റോമര്‍. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ യു എസ് തുടരണമെന്നും ഭീകരവിരുദ്ധ നടപടികളോട് സഹകരിക്കുന്നതിന് പാക്കിസ്ഥാനില്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കശ്മീരിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് അതിരുകടന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രചാരണമാണ് ഇമ്രാന്‍ ഖാന്‍ നടത്തുന്നത്. ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം വ്യക്തിപരമായി ആക്രമിക്കുകയും മേഖലയിലെ സംഘര്‍ഷാവസ്ഥയെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു- കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ആണവ യുദ്ധം നടത്തിയേക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമ്രാന്റെ പ്രതികരണം ടാഗ് ചെയ്തുകൊണ്ട് റോമര്‍ ട്വീറ്റ് ചെയ്തു.

കുറച്ചു ദിവസം മുമ്പ് ഇന്ത്യയുടെ മുന്‍ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ വേര്‍പാടില്‍ റോമര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സജീവ ഇടപെടല്‍ നടത്തിയിരുന്ന ജെയ്റ്റ്‌ലി സമര്‍ഥനായ അഭിഭാഷകനും ക്രിക്കറ്റ് ആരാധകനുമായിരുന്നുവെന്നും സമര്‍പ്പിതമനസ്‌കനായ ഒരു പൊതു പ്രവര്‍ത്തകനെയാണ് ഇന്ത്യന്‍ ജനതക്ക് നഷ്ടപ്പെട്ടതെന്നും റോമര്‍ പറഞ്ഞിരുന്നു.

ബരാക് ഒബാമ യു എസ് പ്രസിഡന്റായിരുന്ന കാലത്ത് 2009 മുതല്‍ 2011 വരെ ഇന്ത്യയിലെ അമേരിക്കന്‍ അംബാസറായിരുന്നു റോമര്‍. പ്രതിരോധ, ബഹിരാകാശ വ്യവസായ രംഗത്ത് സഹകരണം, സാങ്കേതിക കൈമാറ്റം, വ്യാപാരം എന്നിവ ഊര്‍ജിതപ്പെടുത്തുന്നതിനുള്ള നിരവധി നിര്‍ണായക നടപടികളാണ് അദ്ദേഹം അംബാസഡറായ സമയത്ത് പ്രാവര്‍ത്തികമാക്കിയത്. ഇന്ത്യയുമായി ഭീകര വിരുദ്ധ സഹകരണ കരാര്‍ ഒപ്പിടുന്നതിലും ഇന്റലിജന്‍സ്, ആഭ്യന്തര സുരക്ഷ, അതിര്‍ത്തി സുരക്ഷ തുടങ്ങിയ മേഖലകളില്‍ സഹകരണം വിപുലപ്പെടുത്തുന്നതിനും അദ്ദേഹം മേല്‍നോട്ടം വഹിക്കുകയുണ്ടായി.