Connect with us

National

യു പി സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ദയനീയ അവസ്ഥ പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകനെതിരെ കേസ്

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശിലെ പ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ ദയനീയ അവസ്ഥ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്ത് യോഗി സര്‍ക്കാര്‍. മിര്‍സാപുരിലെ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പും നല്‍കുന്ന വാര്‍ത്ത വീഡിയോ സഹിതം പുറത്തുവിട്ട പവന്‍ ജയ്‌സ്വാളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ദേശീയ മാധ്യമങ്ങളിലടക്കം ഇത് വലിയ വര്‍ത്തയാകുകയും രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇത് ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേസെടുത്തത്.  ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസറുടെ പരാതിയിലാണ് കേസ്.

കുട്ടികള്‍ സ്‌കൂള്‍ വരാന്തയില്‍ ഇരുന്ന് ഉപ്പ് കൂട്ടി ചപ്പാത്തി കഴിക്കുന്നതായിരുന്നു ദൃശ്യം. യു പിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരം പരിപ്പുകള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ നല്‍കണമെന്നാണ് നയം. എന്നാല്‍ കുട്ടികള്‍ക്ക് മിക്ക ദിവസങ്ങളിലും ചപ്പാത്തിയോ ചോറോ ഉപ്പ് കൂട്ടി മാത്രമേ നല്‍കാറുള്ളുവെന്ന രക്ഷിതാക്കളുടെ പരാതി സഹിതമുള്ള ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകന്‍ പുറത്തുകൊണ്ടുവരുകയായിരുന്നു.

വാര്‍ത്തയെ തുടര്‍ന്ന് സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകനെയും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

Latest