Connect with us

Kerala

രാജ്യത്തെ ഏറ്റവും സന്തുഷ്ടരായ കുട്ടികൾ കേരളത്തിൽ

Published

|

Last Updated

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും സന്തുഷ്ടരായ കുട്ടികൾ കേരളത്തിലാണെന്ന് ചൈൽഡ് വെൽബീയിംഗ് റിപ്പോർട്ട്. വേൾഡ് വിഷൻ ഇന്ത്യയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് ആൻഡ് റിസർച്ചും സംയുക്തമായി നടത്തിയ പഠന റിപ്പോർട്ടിലാണ് കുട്ടികളുടെ സന്തോഷത്തിൽ കേരളത്തിന്റെ മികവ് കണ്ടെത്തിയത്.

ആരോഗ്യം, വിദ്യാഭ്യാസം, മനുഷ്യാവകാശം തുടങ്ങി ഇരുപത്തിനാല് സൂചികകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ മധ്യപ്രദേശാണ് ഏറ്റവും പിറകിൽ. റിപ്പോർട്ട് പ്രകാരമുള്ള സ്‌കോർ നില അനുസരിച്ച് മികച്ച സംസ്ഥാനമായ കേരളത്തിന് 0.76 പോയിന്റും ഏറ്റവും പിറകിലുള്ള മധ്യപ്രദേശിന് 0.44 പോയിന്റുമാണ് ലഭിച്ചത്.
പഠനത്തിനായി പരിഗണിച്ച 24 സൂചികകളിൽ ആരോഗ്യം, വിദ്യാഭ്യാസം, കുടുംബ വരുമാനം, വിദ്യാർഥി അധ്യാപക അനുപാതം, സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്, വായനാശീലം തുടങ്ങിയ സൂചികകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ കുട്ടികൾ കൂടുതൽ സന്തുഷ്ടരാണെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്.

ആരോഗ്യപരിപാലനം, ശുചിത്വം, വിദ്യാഭ്യാസ നിലവാരം എന്നി മേഖലകളിലും കേരളത്തിന്റെ കുട്ടികൾ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലെത്തിയിട്ടുണ്ട്.
കുട്ടികളുടെ സന്തോഷത്തിൽ മികവ് പുലർത്തുന്ന സംസ്ഥാനങ്ങളിൽ കേരളത്തിന് പിന്നിലായി തമിഴ്‌നാടും പോണ്ടിച്ചേരിയും ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നാഗാലാൻഡാണ് കുട്ടികളുടെ സന്തോഷത്തിൽ മികച്ച നിലവാരം പുലർത്തിയിരിക്കുന്നത്.

എന്നാൽ രാജ്യത്തെ മൊത്തം സംസ്ഥാനങ്ങളുടെ കണക്ക് പരിശോധിക്കുമ്പോൾ റിപ്പോർട്ടിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ നേടിയ സ്‌കോർ കേരളത്തെ അപേക്ഷിച്ച് വളരെ കുറവാണ്.
കുട്ടികൾക്ക് ലഭിക്കുന്ന പോഷകാഹാരം, അടിസ്ഥാന വിദ്യാഭ്യാസം എന്നിവയുടെ അടിസ്ഥാനത്തിൽ ഝാർഖണ്ഡാണ് ഏറ്റവും പിന്നിൽ. ഇതോടൊപ്പം രാജ്യത്ത് ഭാരക്കുറവും വളർച്ച മുരടിപ്പുമുള്ള കുട്ടികളുടെ എണ്ണം ഝാർഖണ്ഡിൽ വളരെ കുടുതലാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

റിപ്പോർട്ടിൽ വിവിധ സംസ്ഥാനങ്ങളുടെ സ്‌കോറുകൾ: കേരളം-0.76%, തമിഴ്‌നാട്, ഹിമചൽ പ്രദേശ്-0.67%, പഞ്ചാബ്, സിക്കിം, ഗോവ-0.65 %, മിസോറാം, നാഗാലാൻഡ്-0.64 %, മണിപ്പൂർ-0.63%, പശ്ചിമബംഗാൾ, ഉത്തരാഖണ്ഡ്-0.61 %, ഒഡീഷ, കർണാടക, അരുണാചൽ പ്രദേശ്-0.59%, ഉത്തർപ്രദേശ് 0.58%, ത്രിപുര, ജമ്മുകശ്മീർ-0.57%, ഹരിയാന, മഹാരാഷ്ട്ര, ബീഹാർ-0.56%, ഗുജറാത്ത്, തെലങ്കാന-0.55 %, അസം, ആന്ധ്രപ്രദേശ്-0.54 %, മേഘാലയ, ഡൽഹി-0.53 %, ദാദ്രി നഗഗർ ഹവേലി-0.52 %, ഝാർഖണ്ഡ്-0.50 %, മധ്യപ്രദേശ്-0.44 %.