പ്രളയം അതിജീവിച്ച കേരളത്തെ പുതിയ പ്രതീക്ഷയിലേക്ക് കൈപിടിച്ച് ഇന്ന് അത്തം

Posted on: September 2, 2019 6:25 am | Last updated: September 2, 2019 at 12:26 pm


തിരുവനന്തപുരം: പ്രളയം തകർത്ത കേരളത്തെ പ്രതീക്ഷയിലേക്ക് കൈപിടിച്ചു കയറ്റി ഇന്ന് അത്തം നാൾ. പൂവിളികളുമായി അത്തം പിറന്നാൽ പ്രത്യാശയുടെ തിരുവോണത്തിനു പിന്നെ പത്തുനാൾ എന്നതാണ് കണക്ക്. പ്രളയക്കെടുതിയുടെ മുറിവിൽ നിന്ന് പൂർണമായും കരകയാറാത്തതിനാൽ സർക്കാറിന്റെ ഓണാഘോഷ പരിപാടികളിൽ ഉൾപ്പെടെ ആർഭാടം കുറച്ചിട്ടുണ്ട്. അത്തച്ചമയ ഘോഷയാത്രയും ഓണം വാരാഘോഷവും ഉൾപ്പെടെയുള്ളവ ചെലവ് ചുരുക്കി നടത്തും. പ്രളയ ദുരന്തത്തെ തുടർന്ന് കഴിഞ്ഞ വർഷം സർക്കാർ ഓണാഘോഷ പരിപാടികൾ പൂർണമായും മാറ്റിവെച്ചിരുന്നു.

അതേസമയം, ചിങ്ങം പിറന്നപ്പോൾ തന്നെ എല്ലായിടത്തും ഓണവിപണികളും ഉണർന്നു തുടങ്ങിയിരുന്നു. ഓണം ലക്ഷ്യമിട്ട് കേരളത്തിലും സമീപ സംസ്ഥാനങ്ങളിലുമായി പച്ചക്കറി, പുഷ്പ കൃഷികളും ഒരുങ്ങുന്നുണ്ട്. കേരളത്തിലേക്ക് ഏറ്റവും അധികം പൂക്കളെത്തുന്ന തോവാള ഇത്തവണയും പൂക്കാലം ഒരുക്കി കാത്തിരിക്കുന്നുണ്ട്.

അത്തപ്പൂക്കളങ്ങളൊരുക്കാൻ ഇന്നലെ വൈകീട്ടോടെ തന്നെ ചാല മാർക്കറ്റിലെ പൂവിപണിയിൽ പൂക്കളെത്തിത്തുടങ്ങി. പിച്ചി, മുല്ല, അരളി, റോസ്, ജമന്തി തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ പൂക്കളാണ് ചാലയിലെ ഓണക്കച്ചവടത്തിനായി എത്തിയിട്ടുള്ളത്. തോവാളക്ക് പുറമെ കോയമ്പത്തൂർ, മധുര, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും പൂക്കളെത്തുന്നുണ്ട്. ടൂറിസം വകുപ്പിന്റെ അത്തപ്പൂക്കള മത്സരങ്ങളും മറ്റ് ക്ലബ്ബുകൾ, വിദ്യാലയങ്ങൾ, റസിഡന്റസ് അസോസിയേഷനുകൾ ഉൾപ്പെടെ എല്ലാ സംഘടനകളും സ്ഥാപനങ്ങളും അത്തപ്പൂക്കളമൊരുക്കാൻ തയ്യാറെടുത്തിരിക്കുകയാണ്. പച്ചക്കറി വിപണിയും ഉയരുകയാണ്. നേന്ത്രക്കായയും വാഴയിലയും നാഗർകോവിൽ, വള്ളിയൂർ വിപണികളിൽ എത്തിത്തുടങ്ങി. വിവിധ സ്ഥാപനങ്ങളുടെ ഓണച്ചന്തകൾ ആരംഭിച്ചു കഴിഞ്ഞു. വേനലിലും പിന്നീട് മഴയിലും അമർന്ന ടൂറിസം മേഖലയും ഓണക്കാലത്തെ പ്രത്യാശയോടെയാണ് കാണുന്നത്.