അഭിനന്ദന് മിഗ് 21 ജെറ്റില്‍ പുതിയ ചുമതല; ഇത്തവണ എയര്‍ ചീഫ് മാര്‍ഷലിനൊപ്പം

Posted on: September 2, 2019 12:21 pm | Last updated: September 2, 2019 at 1:38 pm

ന്യൂഡല്‍ഹി: പാക് വ്യോമസേനാ വിമാനം വെടിവച്ചിട്ട ധീര കൃത്യത്തിന് വീര്‍ ചക്ര പുരസ്‌കാരം ലഭിച്ച വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമന് മിഗ് 21 ജെറ്റില്‍ പുതിയ ചുമതല. എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവയും അദ്ദേഹത്തോടൊപ്പമുണ്ട്. ചുമതലയേറ്റ ശേഷം ഇരുവരും ഇന്ന് പത്താന്‍കോട്ട് സൈനിക വിമാനത്താവളത്തില്‍ നിന്ന് പരിശീലന പറക്കല്‍ നടത്തി.

ഇന്ത്യന്‍ വ്യോമ സേന (ഐ എ എഫ്) യുടെ സ്‌ക്വാഡ്രണ്‍ 26ന്റെ കേന്ദ്രവും യുദ്ധവിമാനങ്ങളുടെ പ്രധാന താവളവുമാണ് പത്താന്‍കോട്ടിലേത്. 2019 ഫെബ്രുവരി 27ന് പാക് അധീന കശ്മീരില്‍ വച്ച് എതിര്‍ സേനയുടെ വിമാനം വെടിവച്ചിട്ട അഭിനന്ദിനെ പാക്കിസ്ഥാന്‍ ബന്ദിയാക്കുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു. മിഗ് 21 വിമാനം പറത്തിക്കൊണ്ടിരുന്നപ്പോഴാണ് പാക് സേന അഭിനന്ദിനെ പിടികൂടിയത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തിനിടെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്റെ ചരക്ക് സംഭരണ കേന്ദ്രങ്ങള്‍ ആക്രമിച്ചു തകര്‍ത്തതില്‍ പ്രമുഖ പങ്കുവഹിച്ച പൈലറ്റാണ് എയര്‍ ചീഫ് മാര്‍ഷല്‍ ധനോവ.

അതിര്‍ത്തിയിലെ പടിഞ്ഞാറ്, വടക്ക് മേഖലകളിലെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കണമെങ്കില്‍ ഐ എ ഫിന് യുദ്ധ വിമാനങ്ങളുടെ 42 സ്‌ക്വാഡ്രണുകളെങ്കിലും ആവശ്യമാണ്. എന്നാല്‍, 30 എണ്ണം മാത്രമാണ് നിലവിലുള്ളത്.