Connect with us

Kozhikode

ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞത് 12 പവൻ; കണ്ടെടുത്ത് തിരിച്ചുനൽകി ഓട്ടോ ഡ്രൈവർ

Published

|

Last Updated

ജാസിർ

ഫറോക്ക്: ബസ് യാത്രക്കിടയിൽ വീട്ടമ്മ ഭക്ഷണാവശിഷ്ടങ്ങളാണെന്ന് കരുതി പുറത്തേക്കെറിഞ്ഞത് 12 പവൻ സ്വർണാഭരണങ്ങൾ. ഫറോക്ക് ദേശീയപാതയോരത്ത് ഏറെ നേരം തിരച്ചിലിനൊടുവിൽ റോഡിൽ നിന്ന് കണ്ടെത്തിയ സ്വർണാഭരണങ്ങൾ തിരിച്ചുനൽകി മാതൃകകാട്ടി ഓട്ടോ ഡ്രൈവർ. കഴിഞ്ഞ ദിവസം രാത്രി പത്തോടെ രാമനാട്ടുകര പൂവന്നൂർ പള്ളിക്കു സമീപത്താണ് സംഭവം. സുൽത്താൻ ബത്തേരി, ചുള്ളിയോട് കൈതകുന്നം വീട്ടിൽ കൗലത്ത് കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലാണ് ബസിൽ നിന്ന് സ്വർണാഭരണമടങ്ങിയ പൊതി പുറത്തേക്കെറിഞ്ഞത്.

ബസ് യാത്രക്കിടയിൽ ഭക്ഷണം കഴിച്ച കൗലത്ത് ഭക്ഷണാവശിഷ്ടങ്ങൾ പുറത്തേക്കെറിയുന്നതിനിടയിൽ കൈവശമുണ്ടായിരുന്ന 12 പവൻ സ്വർണാഭരണമടങ്ങിയ ബാഗ് അബദ്ധത്തിൽ പുറത്തേക്കെറിയുകയായിരുന്നു.
വീട്ടുജോലിയെടുത്തു ജീവിക്കുന്ന കൗലത്ത് ബേങ്കിൽ പണയംവെച്ച് തിരിച്ചെടുത്ത സ്വർണാഭരണങ്ങളാണ് നഷ്ടമായത്. ബസ് അൽപം മുന്നോട്ടെടുത്തപ്പോഴാണ് ഭക്ഷണാവശിഷ്ടങ്ങൾക്കൊപ്പം പുറത്തേക്ക് താനെറിഞ്ഞ് സ്വർണാഭരണമാണെന്ന് കൗലത്തിന് മനസ്സിലായത്. നിലവിളി കേട്ട യാത്രക്കാർ കാര്യം അന്വേഷിച്ചപ്പോഴാണ് യുവതി കാര്യം വ്യക്തമാക്കിയത്. ഉടൻ ബസ് നിർത്തി. ചെറുവണ്ണൂർ ഇറങ്ങേണ്ട ഒരു യാത്രക്കാരനും ബസിൽനിന്നിറങ്ങി തിരച്ചിലാരംഭിച്ചു. ഇതിനിടെ ഓട്ടോക്കാരനും തിരയാൻ കൂടി. കിട്ടാതായതോടെ തൊട്ടടുത്തുള്ള ഫറോക്ക് പോലീസ് സ്റ്റേഷനിൽ സഹായം അഭ്യർഥിച്ചു.

എ എസ് ഐ ജയരാജന്റെ നേതൃത്വത്തിൽ പോലീസും തിരച്ചിലിന് നേതൃത്വം നൽകി. ഇതിനിടെ, പൂവന്നൂർ പള്ളിക്കടുത്ത് ഡിവൈഡറിനു സമീപത്തുവെച്ച് ഓട്ടോ ഡ്രൈവർ കള്ളിത്തൊടി കണ്ണംപറമ്പത്ത് ജാസിറിന് സ്വർണാഭരണങ്ങൾ അടങ്ങിയ പൊതി ലഭിച്ചത്. പോലീസിന്റെ സാന്നിധ്യത്തിൽ ഓട്ടോ ഡ്രൈവർ ആഭരണങ്ങൾ വീട്ടമ്മക്ക് കൈമാറി.