Connect with us

Malappuram

പി വി അൻവർ-കോൺഗ്രസ് പോര്;  ലീഗടക്കമുള്ള ഘടക കക്ഷികളുടെ മൗനം ചർച്ചയാകുന്നു

Published

|

Last Updated

വണ്ടൂർ: രാഹുൽഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പി വി അൻവർ എം എൽ എയുമായുള്ള പോരിൽ ലീഗടക്കമുള്ള ഘടക കക്ഷികളുടെ മൗനം നിലമ്പൂരിൽ ചർച്ചയാകുന്നു. സംഭവം എം എൽ എയും കോൺഗ്രസിലെ ഒരു വിഭാഗവും തമ്മിലുള്ള പ്രശ്നമായി മാത്രമേ കാണുന്നുള്ളൂവെന്നാണ് പ്രമുഖ ലീഗ് നേതാവ് പ്രതികരിച്ചത്.

ഘടകകക്ഷികളെ കോൺഗ്രസ് തഴയുന്നുവെന്നാരോപണം നിലമ്പൂരിൽ കാലങ്ങളായി നിലനിൽക്കുന്നുണ്ട്.
വണ്ടൂർ മണ്ഡലത്തിൽ എ പി അനിൽകുമാർ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ കോൺഗ്രസിനും ലീഗിനും തുല്യ പ്രധാന്യം നൽകിയപ്പോൾ നിലമ്പൂരിൽ മുസ്്ലിം ലീഗിനെ പിന്തള്ളി കോൺഗ്രസ് പരിപാടിയായി രാഹുൽഗാന്ധിയുടെ സന്ദർശനം മാറിയതിലുള്ള അതൃപ്തി തന്നെയാണ് മുസ്്ലി ലീഗിന്റെ മൗനത്തിന് കാരണമെന്ന് പറയപ്പെടുന്നു. നിലമ്പൂർ മണ്ഡലത്തിലെ പ്രളയബാധിത മേഖലകളിൽ മുസ്്ലി ലീഗ് അഖിലേന്ത്യ ട്രഷറർ കൂടിയായ പി വി അബ്ദുൽ വഹാബ് ഉൾപ്പെടെ സജീവമാണ്.

രാഷ്ട്രീയ നിറം നോക്കാതെ എം എൽ എ അടക്കമുള്ളവരുമായി പ്രളയമേഖലയിൽ യോജിച്ച പ്രവർത്തനങ്ങൾ നടത്തണമെന്നാണ് വഹാബ് എല്ലാ പരിപാടികളിലും ഓർമിപ്പിക്കുന്നത്. രാഹുൽഗാന്ധി കഴിഞ്ഞ 11ന് കവളപ്പാറ സന്ദർശിച്ചപ്പോൾ ലീഗ് നേതാക്കൾ സജീവമായി ഒപ്പമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 30ന് രാഹുൽഗാന്ധി വഴിക്കടവിലും കൈപ്പിനിയിലും നടത്തിയ സന്ദർശനങ്ങളിൽ ലീഗ് നേതാക്കൾ പങ്കെടുത്തില്ലെന്ന് മാത്രമല്ല അന്ന് രാവിലെ കൈപ്പിനി കടവിൽ പി വി അൻവറിന്റെ നേതൃത്വത്തിൽ കൈപ്പിനി പാലം പുനർ നിർമാണവുമായി ബന്ധപ്പെട്ട യോഗത്തിൽ ലീഗ് നേതാക്കൾ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു.

കോൺഗ്രസിന്റെ നിലമ്പൂരിലെ ചില നേതാക്കൾ മനഃപൂർവം ലീഗ് നേതാക്കളെ രാഹുൽഗാന്ധിയുടെ പരിപാടിയിൽ ക്ഷണിക്കാതിരുന്നതാണെന്ന ആരോപണവും ലീഗിനുണ്ട്. അതിനാൽ തത്ക്കാലം വിഷയത്തിൽ മൗനം പാലിക്കാനാണ് ലീഗ് തീരുമാനം. അനാവശ്യ വിവാദങ്ങളുണ്ടാക്കി വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള ചിലരുടെ ശ്രമമാണ് ഇപ്പോഴുള്ളതെന്നും ഇവർ പറയുന്നു. കേരളാ കോൺഗ്രസ് (എം), കേരളാ കോൺഗ്രസ് ജേക്കബ് കക്ഷികൾക്കും നിലമ്പൂരിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധമുണ്ട്.

Latest