Connect with us

Kerala

റേഷൻ സാധനങ്ങൾ വാങ്ങിയില്ല; 14,350 കാർഡുടമകളെ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്താക്കി

Published

|

Last Updated

കോഴിക്കോട്: മൂന്ന് മാസത്തിലധികമായി റേഷൻ സാധനങ്ങൾ വാങ്ങാത്ത 14,350 കാർഡുടമകളെ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്താക്കി. മുൻഗണനേതര വിഭാഗങ്ങളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. റേഷൻ സാധനങ്ങൾ വാങ്ങാത്ത 70,000ത്തോളം പേരെ പുറത്താക്കുമെന്ന് ഭക്ഷ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇവരിൽ ഭൂരിഭാഗം പേരും ഇത് സംബന്ധിച്ച കാരണങ്ങൾ ബോധിപ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുകയും ചെയ്തിരുന്നു. ഇതിനും ശേഷമുള്ള പി എച്ച് എച്ച് (പിങ്ക് കാർഡ്), എ എ വൈ (മഞ്ഞ കാർഡ്), എൻ പി എസ് (നീല കാർഡ്) വിഭാഗത്തിൽപ്പെട്ട കാർഡുടമകളെയാണ് ഭക്ഷ്യവകുപ്പ് പുറത്താക്കിയത്.

സ്ഥലത്തില്ലാത്തവർ, അനർഹമായി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടവർ, അതിസമ്പന്നർ എന്നിവരാണ് മുൻഗണനാ വിഭാഗം കാർഡ് കൈവശം വെച്ചിരിക്കുന്നത്. പി എച്ച് എച്ച് വിഭാഗത്തിൽ നിന്ന് 11,824, എ എ വൈ വിഭാഗത്തിൽ നിന്ന് 1974, എൻ പി എസ് വിഭാഗത്തിൽ നിന്ന് 552 പേരെയുമാണ് പുറത്താക്കിയത്.

പി എച്ച് എച്ച് വിഭാഗത്തിൽ നിന്ന് ഏറ്റവും കൂടുതൽ പേരെപുറത്താക്കിയിരിക്കുന്നത് കോട്ടയം ജില്ലയിൽ നിന്നാണ്- 1792. ഇവിടെയുള്ള ഒരു താലൂക്ക് ഓഫീസ് പരിധിയിലും എൻ പി എസ് കാർഡുടമകളെ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റിയിട്ടില്ല. മറ്റ് രണ്ട് വിഭാഗത്തിൽ നിന്നുള്ള കാർഡുടമകളാണ് കോട്ടയം ജില്ലയിൽ നിന്ന് പുറത്തായവർ. എൻ പി എസ് വിഭാഗത്തിൽ നിന്ന് കൂടുതൽ പേരെ ഒഴിവാക്കിയത് ഇടുക്കി ജില്ലയിൽ നിന്നാണ്- 378. മുൻഗണനാ വിഭാഗങ്ങളിൽ നിന്ന് പുറത്താക്കപ്പെടുന്നവരുടെ ഒഴിവിലേക്ക് ഈ വിഭാഗത്തിലേക്ക് അപേക്ഷ നൽകിയവരെ പരിഗണിക്കും.

നേരത്തേ 1,54,800 പേരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിൽ മൂന്ന് മാസമായി റേഷൻ സാധനങ്ങൾ വാങ്ങാത്തവരെ ഒഴിവാക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ മുൻഗണനാ വിഭാഗത്തിൽ നിന്ന് റേഷൻ സാധനങ്ങൾ വാങ്ങാത്തതിന്റെ പേരിൽ കാർഡുടമകളെ പുറത്താക്കിയത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

---- facebook comment plugin here -----

Latest