Connect with us

Eranakulam

ഗ്രാമങ്ങളിലും വായു മലിനീകരണം കൂടുന്നു

Published

|

Last Updated

കൊച്ചി: നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വലിയ തോതിൽ ഉയരുന്നുവെന്ന് പഠനം. വാഹനങ്ങളുടെ ആധിക്യവും മാലിന്യം കത്തിക്കുന്നതും സംസ്ഥാനത്തെ നഗരങ്ങളിലേതിന് തുല്യമെന്ന നിലയിൽ ഗ്രാമീണ മേഖലയിലെ അന്തരീക്ഷത്തെ ദുഷിപ്പിക്കുന്നുവെന്നാണ് പഠനത്തിൽ വ്യക്തമായിരിക്കുന്നത്.

കോട്ടയം, എറണാകുളം, കണ്ണൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പൊടിപടലങ്ങൾ കൂടുതൽ. ഗ്രാമീണ മേഖലയിൽ ചിലയിടങ്ങളിൽ മലിനീകരണത്തിന്റെ അളവ് പരിധിയിൽ കൂടുതലാണെന്നും എം ജി സർവകലാശാല സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസ് നടത്തിയ പഠനത്തിൽ കണ്ടെത്തി.

ഇത് പ്രധാനമായും പ്രാദേശികമായി മാലിന്യങ്ങൾ കത്തിക്കുമ്പോൾ സംഭവിക്കുന്നതാണെന്ന് പഠനങ്ങൾക്ക് നേതൃത്വം നൽകിയ പരിസ്ഥിതി ശാസ്ത്രജ്ഞനും പ്രോ വൈസ് ചാൻസലറുമായ പ്രൊഫ. സി ടി അരവിന്ദകുമാർ പറഞ്ഞു. വീടുകൾക്കുള്ളിൽ പൊടിപടലങ്ങൾ മൂലമുള്ള മലിനീകരണം പുറത്തെ അന്തരീക്ഷത്തിലുള്ളതിനേക്കാൾ പതിന്മടങ്ങ് കൂടുതലാണ്.

വീടിനുള്ളിലെ വായു സഞ്ചാരം കുറയുന്നതും പൊടിപടലങ്ങൾ അടിഞ്ഞുകൂടുന്നതുമാണ് ഇതിന് കാരണം. വീടിനുള്ളിൽ വായു സഞ്ചാരം കൂട്ടുകയും വീട് ശുചിയാക്കാൻ പ്രകൃതിദത്ത ഉത്്പന്നങ്ങൾ ഉപയോഗിക്കുകയുമാണ് ഇതിന് പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു.

അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാ പദാർഥങ്ങളുടെ അളവ് സംസ്ഥാനത്ത് പലയിടങ്ങളിലും നിശ്ചിത വാർഷിക പരിധിക്ക് മുകളിലാണ്. ഒരു ക്യുബിക് മീറ്റർ വായുവിലുള്ള 2.5 മൈക്രോണിന് താഴെയുള്ള കണികാ പദാർഥങ്ങളുടെ മൈക്രോഗ്രാം അളവിന്റെ നിശ്ചിത വാർഷിക പരിധി രാജ്യത്ത് 40 ആണ്. ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന പരിധി 10 മാത്രമാണ്്. പൊടിപടലങ്ങളുടെ അളവ് ഏറ്റവും കൂടുതൽ കണ്ടെത്തിയത് എറണാകുളം വൈറ്റിലയിലാണ്. 92. കോട്ടയം കെ കെ റോഡിൽ ഇത് 80ഉം കണ്ണൂരിൽ 50, പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് 60, വയനാട് സുൽത്താൻ ബത്തേരിയിൽ 63, തിരുവനന്തപുരത്ത് 42ഉം ആണ്. കട്ടപ്പന, പത്തനംതിട്ട ജില്ലകളിൽ ഇത് യഥാക്രമം 25, 22 ആണ്.

കോട്ടയത്ത് കെ കെ റോഡിലും എറണാകുളത്ത് വൈറ്റിലയിലും തിരുവനന്തപുരത്ത് പി എം ജി യിലും നടത്തിയ പഠനത്തിൽ നൈട്രജൻ ഓക്‌സൈഡിന്റെ അളവ് നിശ്ചിത പരിധിയായ 40ലും മുകളിലാണ്. എറണാകുളത്ത് ഒരു ക്യുബിക് മീറ്റർ വായുവിൽ 65 മൈക്രോഗ്രാമാണ് നൈട്രജൻ ഓക്‌സൈഡിന്റെ തോത്. തിരുവനന്തപുരത്ത് 45 ആണ്. ആഗോളതലത്തിൽ വായു മലിനീകരണമുള്ള ആദ്യ 30 നഗരങ്ങളിൽ 22ഉം ഇന്ത്യയിലാണ്.

ജല മലിനീകരണത്തിന്റെ പതിന്മടങ്ങ് വേഗത്തിലാണ് അന്തരീക്ഷ മലിനീകരണം ജനങ്ങളെ ബാധിക്കുന്നതെന്നും ഗവേഷകർ പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ വിവിധ സമയങ്ങളിൽ വർഷത്തോളം നിരന്തര നിരീക്ഷണം നടത്തിയാണ് മലിനീകരണത്തോത് കണക്കാക്കിയതെന്ന് ഗവേഷകനായ ജോൺ റിച്ചാർഡ് പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest