വഴങ്ങാതെ ജോസഫ്; തർക്കം പുതിയതലത്തിലേക്ക്

Posted on: September 2, 2019 6:12 am | Last updated: September 11, 2019 at 1:23 pm

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിന് യു ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് നാടകീയ നീക്കങ്ങൾക്കൊടുവിൽ. ജോസ് കെ മാണിയുടെ വിശ്വസ്തനായ ജോസ് ടോം പുലിക്കുന്നേലിനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഭാര്യ നിഷക്ക് വേണ്ടി അവസാന നിമിഷം വരെ പൊരുതിനോക്കിയെങ്കിലും പി ജെ ജോസഫിന്റെ വാശിക്ക് മുന്നിൽ ജോസ് കെ മാണിക്ക് വിജയിക്കാനായില്ല. നിഷയെ സ്ഥാനാർഥിയാക്കിയാൽ പാർട്ടി ചെയർമാനെന്ന നിലയിൽ പി ജെ ജോസഫിനെ അംഗീകരിക്കണമെന്ന ജോസഫ് വിഭാഗത്തിന്റെ നിലപാടിന് മുന്നിൽ ജോസ് കെ മാണി കീഴടങ്ങുകയായിരുന്നു.

എന്നാൽ പകരം തന്റെ വിശ്വസ്തനായ ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാർഥിയാക്കിയു ഡി എഫിന്റെ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞുവെന്നത് വിജയമായാണ് ജോസ് കാണുന്നത്. നേരത്തെ നിഷക്ക് രണ്ടില ചിഹ്നം നൽകില്ലെന്ന് പി ജെ ജോസഫ് നിലപാട് വ്യക്തമാക്കിയപ്പോൾ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ ഒരുക്കമാണെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു. എന്നാൽ നിഷയുടെ സാധ്യത പി ജെ ജോസഫ് പാടേ തള്ളിയതോടെ ജോസ് കെ മാണി തന്ത്രപരമായി നിലപാട് മാറ്റുകയായിരുന്നു. യു ഡി എഫിന്റെ ഇടപെടലിനെ തുടർന്നായിരുന്നു ഇത്. ജോസഫ് സസ്‌പെൻഡ് ചെയ്ത നേതാവിനെ തന്നെ സ്ഥാനാർഥിയായി നിർദേശിച്ച് പാർട്ടിയിലെ തന്റെ അധീശത്വം ജോസ് കെ മാണി ഉറപ്പിക്കുകയാണുണ്ടായത്.

അതേസമയം, യു ഡി എഫിന്റെ തീരുമാനത്തോട് തത്വത്തിൽ യോജിച്ചിട്ടുണ്ടെങ്കിലും ജോസ് ടോം പുലിക്കുന്നേലിനെതിരായ തന്റെ അതൃപ്തി പി ജെ ജോസഫ് പരസ്യമായി തന്നെ പ്രകടമാക്കി. ജോസ് ടോമാകട്ടെ, ജോസഫിനെ പൂർണമായും പിന്തള്ളി കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ യു ഡി എഫ് പ്രഖ്യാപിച്ച ജോസ് ടോമിന്റെ സ്ഥാനാർഥിത്വം പി ജെ ജോസഫ് പൂർണമായും അംഗീകരിച്ചേക്കില്ലെന്നാണ് സൂചന. പാർട്ടിയിൽ അച്ചടക്ക നടപടി നേരിടുന്നയാളാണ് ജോസ് ടോമെന്ന് പി ജെ ജോസഫ് പ്രതികരിച്ചിരുന്നു. ഇതിനിടെ ചിഹ്നവുമായി ബന്ധപ്പെട്ട വിഷയത്തിൽ പി ജെ ജോസഫിനെ തള്ളിയ ജോസ് ടോമിന് പാർട്ടി ചിഹ്നമായ രണ്ടില നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ജോസ് കെ മാണി വിഭാഗത്തിന് ആരുടെയും മുമ്പിൽ തലകുനിക്കേണ്ട കാര്യമില്ലെന്നും പാലായിൽ മത്സരിക്കാൻ ചിഹ്നത്തിന്റെ ആവശ്യമില്ലെന്നും സ്ഥാനാർഥിത്വം സംബന്ധിച്ച വാർത്തകൾ പുറത്തുവന്ന ശേഷം ജോസ് ടോം പുലിക്കുന്നേൽ പ്രതികരിച്ചിരുന്നു.
സ്ഥാനാർഥി പ്രഖ്യാപനത്തോടെ യു ഡി എഫിന് ചെറിയ ആശ്വാസമായെങ്കിലും ഇരുവിഭാഗം നേതാക്കളും നിലപാടിൽ ഉറച്ച് നിൽക്കുന്നത് മുന്നണിക്ക് തലവേദനയാകും.