ദുരിതാശ്വാസ നിധി: ഹാജിമാരുടെ വിഹിതം 20 ലക്ഷം കവിഞ്ഞു

Posted on: September 2, 2019 11:35 am | Last updated: September 2, 2019 at 11:35 am

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജ് കർമം പൂർത്തിയാക്കി വരുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വരുന്ന തുക ഇന്നലെ വരെ 20,82,000 കവിഞ്ഞു. നാളെയും മറ്റന്നാളുമായി എത്തുന്ന ഹാജിമാരുടെ വിഹിതം കൂടെയാകുമ്പോൾ കാൽ ലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, നടുന്പാശ്ശേരിയിൽ മടങ്ങിയെത്തിയ ഹാജിമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7,45,000 രൂപ കൈമാറി. ഓരോ വിമാനവും നെടുമ്പാശേരിയിൽ എത്തിയ ശേഷം തുക ഹജ്ജ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.

കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഹാജിമാരുടെ
മടക്കയാത്ര പൂർത്തിയായി

നെടുമ്പാശ്ശേരി/ കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി എംബാർക്കേഷൻ പോയിന്റിൽ നിന്ന് ഈ വർഷം ഹജ്ജിന് പുറപ്പെട്ട ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി. കഴിഞ്ഞ മാസം 29നാണ് ആദ്യ സംഘം മടങ്ങിയെത്തിയത്. 2,749 പേരാണ് നെടുമ്പാശ്ശേരി വഴി യാത്ര തിരിച്ചിരുന്നത്. ഇവരിൽ ഒരാൾ മക്കയിൽ മരിക്കുകയും ഒരാൾ മക്കയിലെ ആശുപത്രിയിൽ ചികിത്സയിലുമാണ്. നാല് പേർ ഹജ്ജ് കഴിഞ്ഞയുടനെ സ്വന്തമായി നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. മടങ്ങിയെത്തിയവരിൽ രണ്ട് കുട്ടികളുമുണ്ട്. എയർ ഇന്ത്യയുടെ എട്ട് ചാർട്ടേർഡ് വിമാനങ്ങളിലും ഒരു യാത്രാ വിമാനത്തിലുമായാണ് ഹാജിമാർ എത്തിയത്. ഇന്നലെ രണ്ട് വിമാനങ്ങളിലായി ഒരു കുട്ടി അടക്കം 681 പേരാണ് എത്തിയത്. ആദ്യ വിമാനം പുലർച്ചെ 2.05നും രണ്ടാമത്തെ വിമാനം പുലർച്ചെ 4.25നുമാണ് നെടുമ്പാശേരിയിൽ എത്തിയത്. മടങ്ങിയെത്തിയവരിൽ 331പേർ ലക്ഷദ്വീപ് ഹാജിമാരാണ്.

അതേസമയം, കരിപ്പൂരിൽ ഇന്നലെ വരെ 33 വിമാനങ്ങളിലായി 9,860 ഹാജിമാർ തിരിച്ചെത്തി. നാളെയും മറ്റന്നാളുമായി നാല് വിമാനങ്ങൾ കൂടി എത്തും. നാളെ ആദ്യ വിമാനം കാലത്ത് 7:50 നും രണ്ടാമത്തെ വിമാനം 12:20 നും എത്തും. മറ്റന്നാൾ ആദ്യ വിമാനം 9:20 നും രണ്ടാമത്തെ വിമാനം 11:20 നും എത്തും. ഒരോ വിമാനങ്ങളിലും 300 ഹാജിമാർ വീതമാണെത്തുക.

കരിപ്പൂർ വഴി പുറപ്പെട്ട ഹാജിമാരിൽ മൂന്ന് പേർ മക്കയിലും ഒരാൾ മടക്കയാത്രയിൽ വിമാനത്തിൽ വെച്ചും മരിച്ചിരുന്നു. ഗൾഫ് പ്രവാസികളായ15 ഹാജിമാർ സ്വന്തം ടിക്കറ്റിൽ ജോലി സ്ഥലത്തേക്ക് തിരിച്ചു പോയിട്ടുണ്ട്.
എല്ലാ ഹാജിമാർക്കും അഞ്ച് ലിറ്റർ വീതം സംസം വെള്ളം വിതരണം ചെയ്തിതു. ഇതിന് ആവശ്യമായ സംസം വെള്ളത്തിന്റെ ക്യാനുകൾ നേരത്തേ തന്നെ എത്തിച്ചിരുന്നു. അവസാന വിമാനത്തിൽ എത്തിയ ഹാജിമാരെ നെടുമ്പാശ്ശേരിയിൽ മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുസമ്മിൽ ഹാജി, അനസ് ഹാജി, ക്യാന്പ് ഓഫീസർ എ പി ഷാജഹാൻ, അബ്ദുൽ അസീസ് സഖാഫി എന്നിവർ ചേർന്ന് സ്വീകരിച്ചു.