ഖബറടക്കം തടഞ്ഞ സംഭവത്തിൽ മാനുഷിക പരിഗണന ലഭിച്ചില്ല: അഡ്വ. പി എ പൗരൻ

Posted on: September 2, 2019 11:30 am | Last updated: September 2, 2019 at 11:30 am
പുത്തൂർ പള്ളിക്കലിൽ നടന്ന മനുഷ്യാവകാശ സമ്മേളനത്തിൽ
അഡ്വ. പി എ പൗരൻ സംസാരിക്കുന്നു

തേഞ്ഞിപ്പലം: പുത്തൂർ പള്ളിക്കലിൽ ഖബറടക്കം തടഞ്ഞ മുജാഹിദ് മഹല്ല് കമ്മിറ്റിയുടെ നിലപാട് മനുഷ്യത്വ വിരുദ്ധമാണെന്ന് മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി എ പൗരൻ. മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ കാണിക്കുന്ന ആദരവ് മരിച്ചാലും വേണമായിരുന്നു. സംഭവത്തിൽ മാനുഷിക പരിഗണന പോലും ലഭിച്ചില്ല. ഇത്തരം നികൃഷ്ടമായ പ്രവർത്തനങ്ങൾ ഇക്കാലത്തും നടക്കുന്നത് ദൗർഭാഗ്യകരമാണെന്നും മയ്യിത്ത് മറമാടാൻ തടസ്സം നിന്നവർ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

പുത്തൂർ പള്ളിക്കലിൽ സുന്നി കോ- ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുത്തൂർ പള്ളിക്കലിൽ മൃതദേഹത്തോട് അനാദരവ് കാണിക്കുകയും മനുഷ്യത്വ രഹിതമായി പെരുമാറുകയും ചെയ്ത സലഫീ ഭീകരതക്കെതിരെയുള്ള താക്കീതായി സമ്മേളനം മാറി.

കേരള ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പ്രൊഫ. എ പി അബ്ദുൽ വഹാബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പനയപ്പുറം മുഹമ്മദ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുർറഹ്‍മാൻ സഖാഫി, പ്രൊഫ. കെ എം എ റഹീം, സിദ്ദീഖ് സഖാഫി അരിയൂർ, പത്തപ്പിരിയം അബ്ദുർറശീദ് സഖാഫി, ഇ യഅ്കൂബ് ഫൈസി പ്രസംഗിച്ചു.