19,06,657; അവര്‍ ഒരിടത്തും പൗരനല്ല

ഭരണകൂടം സംശയത്തിന്റെ നിഴലിലാക്കിയ പൗരത്വവുമായി ദീര്‍ഘകാലം ജീവിച്ച ലക്ഷക്കണക്കിനാളുകള്‍. അവരില്‍ 19,06,657 പേര്‍ പൗരത്വമില്ലാത്തവരായി നില്‍ക്കുകയാണ് ഇപ്പോള്‍. അസാമിലെ ഈ നിസ്സഹായര്‍ക്ക് ഇനി ട്രൈബ്യൂണലിനെ സമീപിക്കാം. ദേശീയ പൗരത്വപ്പട്ടിക തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച രേഖകളില്‍ കവിഞ്ഞതൊന്നും ട്രൈബ്യൂണലിന് മുന്നില്‍ ഇവര്‍ക്ക് സമര്‍പ്പിക്കാന്‍ ഉണ്ടാകില്ല. പൗരത്വപ്പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ അസാമിലെ 40 ലക്ഷം പേരാണ് പുറത്തായത്. അവസാന പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് കരടില്‍ നിന്ന് പുറത്തായവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ പാകത്തിലുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇത് കൂടി പരിഗണിച്ച ശേഷമാണ് 19 ലക്ഷത്തിലേറെപ്പേര്‍ ഈ രാജ്യത്തെ പൗരന്‍മാരല്ലെന്ന് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 19 ലക്ഷത്തില്‍ നിന്ന് വലിയ കുറവൊന്നും ട്രൈബ്യൂണലിലെ അപ്പീലുകളില്‍ ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ചുരുക്കം. വര്‍ഗീയ ഫാസിസത്തിന് മുന്നില്‍ മനുഷ്യന്‍മാരില്ല. അവരുടെ അജന്‍ഡകളെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ സന്നദ്ധരാകേണ്ട പൗരന്‍മാര്‍ മാത്രമേയുള്ളൂ. രാജ്യമെന്നാല്‍ ഭരണകൂടമെന്നും രാജ്യക്കൂറെന്നാല്‍ ഭരണകൂടത്തോടുള്ള കൂറെന്നും വിശ്വസിക്കേണ്ടവര്‍. അസാം മാതൃകയിലുള്ള പട്ടികാ നിര്‍മാണം രാജ്യത്താകെ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്.
Posted on: September 2, 2019 10:50 am | Last updated: September 2, 2019 at 10:54 am

മനുഷ്യനും പൗരനും തമ്മില്‍ എന്താണ് വ്യത്യാസം?
ബെഡ് കോഫിയോളം മാത്രം വളര്‍ന്ന പ്രഭാതത്തില്‍ പൊടുന്നനെ ഉയര്‍ന്ന ചോദ്യം. അത്തരമൊരു ചോദ്യം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടുതന്നെ ആദ്യം കൗതുകമായിരുന്നു. പിന്നെയാണ് ഉത്തരം എത്രമാത്രം സങ്കീര്‍ണമാണെന്ന് ആലോചിച്ചത്. എങ്കിലും ആദ്യമുണ്ടായത് ഒരു മറുചോദ്യമായിരുന്നു – “എന്താ ഇപ്പോഴിങ്ങനെയൊരു ചോദ്യം’.

“”ഒരു സ്വപ്‌നം കണ്ടു. പുലര്‍കാലത്ത് കണ്ട സ്വപ്‌നം ഫലിക്കുമെന്നാണല്ലോ! ഞാനൊരു ഫോറം പൂരിപ്പിക്കുകയായിരുന്നു. അതിലൊരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങളിലൊന്ന് തിരഞ്ഞെടുക്കണമായിരുന്നു. മനുഷ്യന്‍/പൗരന്‍ എന്നായിരുന്നു ഉത്തരങ്ങള്‍. ഏത് തിരഞ്ഞെടുക്കണമെന്ന് ആലോചിച്ച് ആശയക്കുഴപ്പത്തിലായാണ് ഉണര്‍ന്നത്”
മറു ചോദ്യത്തിന് ഉത്തരമായി. പക്ഷേ, യഥാര്‍ഥ ചോദ്യത്തിന് എന്ത് ഉത്തരം? മനുഷ്യനും പൗരനും തമ്മില്‍ വ്യത്യാസമുണ്ടോ എന്ന ആലോചന ഇതുവരെയുണ്ടായിട്ടില്ല. കേരളത്തില്‍ 45 ആണ്ട് ജീവിച്ച ഒരാള്‍ക്ക് ഇത്തരമൊരു ആലോചന നടത്തേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ലല്ലോ.
ഉത്തരം ലളിതമാണെന്ന മുഖവുരയോടെയാണ് തുടങ്ങിയത്. മനുഷ്യന്‍ മനുഷ്യനാണ്. എല്ലായിടത്തും അതങ്ങനെയാണ്. പൗരന്‍ ഓരോ രാജ്യാതിര്‍ത്തിയുടെയും അടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെടും. അമേരിക്കന്‍ ഐക്യനാടുകളില്‍ ജീവിക്കുന്ന മനുഷ്യര്‍ അവിടുത്തെ പൗരന്‍മാരാകും. ഇന്ത്യന്‍ യൂനിയനില്‍ താമസിക്കുന്നവര്‍ ഇവിടുത്തെ പൗരന്‍മാരും. അതാണ് മനുഷ്യനും പൗരനും തമ്മിലുള്ള വ്യത്യാസം.
പറഞ്ഞു നിര്‍ത്തിയപ്പോള്‍ സംശയങ്ങള്‍ ചോദ്യങ്ങളായി വീണ്ടും. ഒരു രാജ്യത്ത് ജീവിക്കുന്നുവെന്നതു കൊണ്ട് അവിടുത്തെ പൗരനാകണമെന്നില്ലല്ലോ? ഇല്ല, ആ രാജ്യത്ത് ജനിച്ചവര്‍ക്കാണ് സ്വാഭാവികമായും അവിടെ പൗരത്വം ലഭിക്കുക. അല്ലെങ്കില്‍ പിന്നെ ഭരണകൂടം പൗരത്വം അനുവദിക്കണം. ജനനം കൊണ്ട് മാത്രം പൗരത്വം ലഭിക്കാത്ത രാജ്യങ്ങളുമുണ്ടല്ലോ? ഉണ്ട്, ജനനം കൊണ്ട് പൗരത്വം ലഭിക്കാത്ത രാജ്യങ്ങളുമുണ്ട്. അവിടുത്തെ പൗരന്‍മാരായവരുടെ കുഞ്ഞുങ്ങളെ മാത്രമേ അത്തരം രാജ്യങ്ങള്‍ സ്വന്തം പൗരന്മാരായി പരിഗണിക്കൂ.
പൗരന്‍മാരല്ലാത്ത മനുഷ്യരോ? ചോദ്യങ്ങളുടെ എണ്ണം കൂടുകയാണ്, കനവും. അങ്ങനെയുള്ളവരുണ്ടോ? ചോദ്യകര്‍ത്താവ് ആത്മഗതം പോലെ തുടര്‍ന്നു – എല്ലാ മനുഷ്യരും ഏതെങ്കിലും രാജ്യത്തെ പൗരന്‍മാരായിരിക്കുമല്ലോ?

ആകണം. മറുപടി പറഞ്ഞു തുടങ്ങുമ്പോള്‍ പല ചിന്തകളായിരുന്നു മനസ്സില്‍. പല കാരണങ്ങളാല്‍ രാജ്യം വിട്ടുപോയവര്‍ ധാരാളം. ഇപ്പോഴും ആയിരങ്ങള്‍ ഇങ്ങനെ പലായനം ചെയ്യുന്നു. ഫലസ്തീന്‍, ബര്‍മ, ഇറാഖ്, സിറിയ എന്നിങ്ങനെ പല രാജ്യങ്ങളില്‍ നിന്ന് ഓടിപ്പോകേണ്ടിവന്നവര്‍. ലോകത്തിന് മുന്നിലെ അഭയാര്‍ഥികള്‍. അഭയാര്‍ഥികളാണെങ്കിലും അവര്‍ക്കൊക്കെ ഒരു പൗരത്വം നിലവിലുണ്ട്.

പൗരന്‍മാരല്ലാത്ത മനുഷ്യരുണ്ടാകുമോ? ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. നിങ്ങള്‍ ഈ രാജ്യത്തെ പൗരനല്ലെന്ന് നാളെ നമ്മളോട് ഈ ഭരണകൂടം പറഞ്ഞാല്‍ എന്തുചെയ്യും?
പൗരത്വം തെളിയിക്കാന്‍ നമ്മുടെ പക്കല്‍ രേഖകളുണ്ടല്ലോ? ജനന സര്‍ട്ടിഫിക്കറ്റുണ്ട്, എസ് എസ് എല്‍ സി പുസ്തകമുണ്ട്, റേഷന്‍ കാര്‍ഡുണ്ട്, പാസ്സ്‌പോര്‍ട്ടുണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡുണ്ട്, ആധാര്‍ നമ്പറുണ്ട്. ഇതിലപ്പുറമെന്ത് വേണം. മറുപടി പറഞ്ഞു കഴിഞ്ഞപ്പോള്‍ ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കേണ്ടി വന്നു. ഇപ്പറഞ്ഞവയൊക്കെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഭരണകൂടമാണല്ലോ? നിങ്ങളുടെ രേഖകളൊന്നും സ്വീകാര്യമല്ലെന്ന് അവര്‍ പറഞ്ഞാല്‍! പിന്നെ കോടതിയേ ശരണമുള്ളൂ. അവിടെയും ഭരണകൂടത്തിനാണ് മേല്‍ക്കൈ. സ്വീകാര്യമായ രേഖകളല്ല ഇവയെന്ന് സ്ഥാപിക്കാന്‍ അവര്‍ക്ക് എളുപ്പമാണ്. അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് കേരളത്തിലുള്ളവര്‍ക്ക് തത്കാലം പ്രതീക്ഷിക്കാം. എന്നാല്‍ അത്തരമൊരു അവസ്ഥ വന്നുകൂടെന്നില്ല.

ഭരണകൂടം സംശയത്തിന്റെ നിഴലിലാക്കിയ പൗരത്വവുമായി ദീര്‍ഘകാലം ജീവിച്ച ലക്ഷക്കണക്കിനാളുകള്‍. അവരില്‍ 19,06,657 പേര്‍ പൗരത്വമില്ലാത്തവരായി നില്‍ക്കുകയാണ് ഇപ്പോള്‍. അസാമിലെ ഈ നിസ്സഹായര്‍ക്ക് ഇനി ട്രൈബ്യൂണലിനെ സമീപിക്കാം. ദേശീയ പൗരത്വപ്പട്ടിക തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച രേഖകളില്‍ കവിഞ്ഞതൊന്നും ട്രൈബ്യൂണലിന് മുന്നില്‍ ഇവര്‍ക്ക് സമര്‍പ്പിക്കാന്‍ ഉണ്ടാകില്ല. പൗരത്വപ്പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ അസാമിലെ 40 ലക്ഷം പേരാണ് പുറത്തായത്. അവസാന പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് കരടില്‍ നിന്ന് പുറത്തായവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ പാകത്തിലുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇത് കൂടി പരിഗണിച്ച ശേഷമാണ് 19 ലക്ഷത്തിലേറെപ്പേര്‍ ഈ രാജ്യത്തെ പൗരന്‍മാരല്ലെന്ന് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 19 ലക്ഷത്തില്‍ നിന്ന് വലിയ കുറവൊന്നും ട്രൈബ്യൂണലിലെ അപ്പീലുകളില്‍ ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ചുരുക്കം.

ആഭ്യന്തര സംഘര്‍ഷങ്ങളോ അധിനിവേശം ഉദ്ദേശിച്ചുള്ള ആക്രമണങ്ങളോ ഒക്കെയാണ് അഭയാര്‍ഥികളെ സൃഷ്ടിക്കാറുള്ളത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ അവരവരുടെ നാട്ടിലേക്ക് മടക്കി അയക്കാന്‍ ഓരോ രാജ്യങ്ങളും നടപടികള്‍ സ്വീകരിക്കാറുമുണ്ട്. അത്തരത്തിലുള്ള മനുഷ്യന്‍മാര്‍ക്കൊക്കെ പേരിനെങ്കിലും ഒരു പൗരത്വമുണ്ട്, സ്വന്തം നാടെന്ന് പറഞ്ഞ് മടങ്ങിപ്പോകാന്‍ ഒരിടമുണ്ട്. അസാമില്‍ നിന്ന് പുറന്തള്ളപ്പെടാന്‍ പോകുന്ന ആളുകള്‍ക്ക് അങ്ങനെയൊന്നില്ല എന്നതാണ് നടുക്കുന്ന വസ്തുത. പല തലമുറകളായി ഈ ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവര്‍ പോലും പൗരന്‍മാരല്ലാതായി മാറിയിരിക്കുന്നു. അസാം നിയമസഭയില്‍ മുമ്പ് അംഗങ്ങളായിരുന്ന ചിലര്‍ പോലും ഇപ്പോള്‍ നാടില്ലാത്തവരാണ്. സ്വന്തം നാട്ടുകാരെ, പൗരന്‍മാരല്ലെന്ന് പ്രഖ്യാപിച്ച് പുറത്താക്കാന്‍ നടപടിയെടുത്ത ഒരു പക്ഷേ, ലോകത്തെ ആദ്യ രാജ്യമെന്ന “ബഹുമതി’ ഇന്ത്യന്‍ യൂനിയന് നേടിക്കൊടുക്കാനുള്ള ധൃതിയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. വര്‍ഗീയ രാഷ്ട്രീയമല്ലാതെ മറ്റൊന്ന് ഈ ധൃതിക്ക് പിറകിലില്ല. അതിനുള്ള വഴി അവര്‍ക്ക് ഒരുക്കിക്കൊടുത്തത് കോണ്‍ഗ്രസാണ്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയം വര്‍ഗീയ ധ്രുവീകരണത്തിലൂടെ സ്വാധീനമുറപ്പിക്കാനുപയോഗിച്ച ഏതാണ്ടെല്ലാ ആയുധങ്ങളും സംഭാവന ചെയ്തത് കോണ്‍ഗ്രസാണല്ലോ!

സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ തുടര്‍ന്ന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ വടക്കു കിഴക്കന്‍ മേഖലയെ വലിയ തോതില്‍ പരിഗണിച്ചിരുന്നില്ല. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഭരണകൂടം പ്രത്യേകിച്ചൊന്നും ചെയ്യാതിരുന്നതിന്റെ ഫലമായിരുന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വളര്‍ന്നുവന്ന തീവ്ര നിലപാടുള്ള സംഘടനകള്‍. അസാമില്‍ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയനായിരുന്നു കേന്ദ്ര വിരുദ്ധ സമരത്തിന്റെ മുന്‍പന്തിയില്‍. ഇന്ത്യന്‍ യൂനിയനില്‍ നിന്ന് വേറിട്ട്, സ്വതന്ത്ര പ്രദേശമാകണമെന്ന ആവശ്യം പോലും അവരുയര്‍ത്തിയിരുന്നു. അസാം സ്വത്വത്തില്‍ അധിഷ്ഠിതമായ ഈ സംഘടന മുഖ്യമായും ഉന്നയിച്ച മറ്റൊരു പ്രശ്‌നം അസാമിലേക്കുള്ള അനധികൃത കുടിയേറ്റമായിരുന്നു. പ്രധാനമായും ബംഗ്ലാദേശില്‍ നിന്നുള്ളത്. കുടിയേറ്റക്കാരെന്ന് സംശയിക്കുന്നവരെ ആക്രമിക്കാനും സംഘടന മടിച്ചിരുന്നില്ല. ഇത് അസാമിനെ പലപ്പോഴും ചോരയില്‍ കുളിപ്പിച്ചു. 1984ല്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ രാജീവ് ഗാന്ധി സര്‍ക്കാര്‍ അസാം സ്റ്റുഡന്റ്‌സ് യൂനിയനുമായി സന്ധി സംഭാഷണം നടത്തി. അതിലാണ് അസാമിന് സവിശേഷമായി ഉണ്ടായിരുന്ന ദേശീയ പൗരത്വപ്പട്ടിക (1951ലേത്) പരിഷ്‌കരിക്കാമെന്ന ഉപാധി അംഗീകരിച്ചത്. 1971 മാര്‍ച്ച് 24ന് ശേഷം കുടിയേറിയവരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. ഉടമ്പടിയില്‍ ഒപ്പുവെച്ചെങ്കിലും പട്ടിക പുതുക്കി, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുക എന്നത് എളുപ്പമല്ലെന്ന് കോണ്‍ഗ്രസിന് വൈകാതെ ബോധ്യപ്പെട്ടു. അതിനാല്‍ ഇതിനുള്ള നടപടികള്‍ പിന്നീടുവന്ന സര്‍ക്കാറുകള്‍ സ്വീകരിച്ചില്ല.

വര്‍ഗീയ ധ്രുവീകരണത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് ബി ജെ പി ഇതൊരു അജന്‍ഡയായി എടുത്തിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ പുറം തള്ളുക എന്നതിന്റെ മറവില്‍ അസാമിലെ മുസ്‌ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിടുക എന്നതായിരുന്നു ഉദ്ദേശ്യം. അനധികൃതമായി താമസിക്കുന്ന മുസ്‌ലിംകളുടെ എണ്ണം വളരെ വലുതാണെന്ന് പ്രചരിപ്പിക്കുക വഴി രാജ്യത്താകെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള വേഗം കൂട്ടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ അവസാന ഘട്ടമെത്തുകയാണ്. പക്ഷേ, ഒഴിവാക്കപ്പെടുന്നവരില്‍ മുസ്‌ലിംകളോളം ഹിന്ദുക്കളുമുണ്ടെന്ന് വന്നതോടെ തങ്ങളുടെ അജന്‍ഡ പൂര്‍ണമായി നടപ്പാക്കാന്‍ പാകത്തിലല്ല അന്തിമ പട്ടിക എന്ന് ബി ജെ പി തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് പൗരത്വ പട്ടികയില്‍ പാളിച്ചകളുണ്ടെന്ന ആരോപണവുമായി അതിന്റെ നേതാക്കള്‍ തന്നെ രംഗത്തുവരുന്നത്. പട്ടിക കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിക്കുന്നതും. നരേന്ദ്ര മോദി സര്‍ക്കാര്‍ പൗരത്വ നിയമത്തില്‍ വരുത്തിയ ഭേദഗതിയനുസരിച്ച് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറുന്ന ഹിന്ദു, ജൈന, പാഴ്‌സി, ബുദ്ധ മതങ്ങളില്‍ പെട്ടവര്‍ക്കും ക്രിസ്തുമത വിശ്വാസികള്‍ക്കും പൗരത്വം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് അസാമിലെ പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം അനുവദിക്കുമെന്നും ബി ജെ പി പറയുന്നു. മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുക എന്നതായിരുന്നു പൗരത്വ പട്ടിക പരിഷ്‌കരണത്തിന്റെ ലക്ഷ്യമെന്ന് ഇതിലും പച്ചയായി പറയാന്‍ സാധിക്കില്ല.

സംശയിക്കപ്പെടുന്ന പൗരത്വവുമായി ദീര്‍ഘകാലം കഴിയേണ്ടിവരിക, കരട് പട്ടികയില്‍ പേരില്ലാതെ വന്നതോടെ പൗരത്വം സ്ഥാപിച്ചെടുക്കാന്‍ നെട്ടോട്ടമോടേണ്ടി വരിക, അവസാനപ്പട്ടികയില്‍ പേരില്ലാതെ വന്നതോടെ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ നിസ്സഹായരായി നില്‍ക്കേണ്ടി വരിക – ലക്ഷക്കണക്കിന് മനുഷ്യര്‍ അനുഭവിച്ച/അനുഭവിച്ചു കൊണ്ടിരിക്കുന്ന തീവ്രമായ മാനസിക സംഘര്‍ഷം നമ്മള്‍ മനസ്സിലാക്കുന്നതിനേക്കാള്‍ എത്രയോ വലുതായിരിക്കും. ഭരണകൂടം ഒരുക്കുന്ന വലിയ ജയിലുകളിലേക്ക് എന്നാണ് മാറേണ്ടിവരിക എന്ന് മാത്രമേ അവര്‍ ആലോചിക്കുന്നുണ്ടാകൂ. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ ആചാര മര്യാദകള്‍ എന്തൊക്കെയായിരിക്കുമെന്നും.

ഒരിടത്തെയും പൗരന്‍മാരല്ലാതായി മാറുന്ന ഈ നിസ്സഹായര്‍ക്ക് മുന്നില്‍ മറ്റെന്ത് സാധ്യത?
വര്‍ഗീയ ഫാസിസത്തിന് മുന്നില്‍ മനുഷ്യന്‍മാരില്ല. അവരുടെ അജന്‍ഡകളെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ സന്നദ്ധരാകേണ്ട പൗരന്‍മാര്‍ മാത്രമേയുള്ളൂ. രാജ്യമെന്നാല്‍ ഭരണകൂടമെന്നും രാജ്യക്കൂറെന്നാല്‍ ഭരണകൂടത്തോടുള്ള കൂറെന്നും വിശ്വസിക്കേണ്ടവര്‍. അസാം മാതൃകയിലുള്ള പട്ടികാ നിര്‍മാണം രാജ്യത്താകെ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. മാട്ടിറച്ചിയുടെ പേരില്‍ മനുഷ്യനെ തല്ലിക്കൊല്ലാന്‍ അവകാശമുണ്ടെന്ന് അംഗീകരിക്കുന്ന “പൗരന്‍മാര്‍’ മാത്രമടങ്ങുന്ന പട്ടികയാണ് സങ്കല്‍പ്പത്തില്‍. ചോദ്യത്തിന് ഉത്തരമായി – ഇന്ത്യന്‍ യൂനിയനില്‍ മനുഷ്യനും പൗരനും തമ്മില്‍ ഏറെ അന്തരമുണ്ട്. മനുഷ്യനോ പൗരനോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട കാലം കാത്തിരിക്കാം.