Connect with us

Editorial

ഈ മനുഷ്യരുടെ ഭാവി എന്താണ്?

Published

|

Last Updated

അസാമിലെ 19 ലക്ഷം പേരെ ഒഴിവാക്കി ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ ആര്‍ സി) അന്തിമ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നു. 3.11 കോടി ആളുകളെ ഉള്‍പ്പെടുത്തിയാണ് അന്തിമ പട്ടിക പുറത്തുവിട്ടത്. 2013ല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ക്കൊടുവിലാണ് പട്ടിക പുറത്തുവിടുന്നത്. പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ഫോറിനേഴ്‌സ് ട്രൈബ്യൂണലിനെ സമീപിക്കാന്‍ 120 ദിവസം അനുവദിച്ചിട്ടുണ്ട്. ട്രൈബ്യൂണല്‍ തീരുമാനത്തില്‍ പരാതിയുള്ളവര്‍ക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാന്‍ കഴിയും. വിദേശികളാണെന്ന് ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ കണ്ടെത്തുന്നതു വരെ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തവരെ തടവിലാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കില്ലെന്ന് അസാം സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ പ്രഖ്യാപനങ്ങള്‍ നേരിയ ആശ്വാസം മാത്രമേ പട്ടികക്ക് പുറത്തായവര്‍ക്ക് നല്‍കുന്നുള്ളൂ. ഇത്തരം ട്രൈബ്യൂണലുകള്‍ നീതിയുക്തമായി പ്രവര്‍ത്തിക്കാറില്ല എന്നതാണ് അനുഭവം.

രാജ്യത്താകെയുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി അധ്യക്ഷനുമായ അമിത് ഷാ നേരത്തേ തന്നെ പ്രഖ്യാപിച്ചതാണ്. ബി ജെ പി നേതാക്കള്‍ ഇടക്കിടക്ക് ഈ ഭീഷണി മുഴക്കുകയും ചെയ്യുന്നുണ്ട്. അസാം എന്‍ ആര്‍ സി വന്നപ്പോഴും അത് ആവര്‍ത്തിക്കപ്പെട്ടു. ജനങ്ങളില്‍ ഒരു വിഭാഗത്തെ ഭീതിയിലാക്കി മറ്റു വിഭാഗങ്ങളെ തീവ്ര ദേശീയതയില്‍ വിജൃംഭിതരാക്കി നിര്‍ത്തുകയെന്ന രാഷ്ട്രീയം തന്നെയാണ് ഇതുവഴി പ്രസരിപ്പിക്കുന്നത്.
ദേശസുരക്ഷയെന്ന പോലെ പൗരത്വവും വന്‍ പ്രഹര ശേഷിയുള്ള രാഷ്ട്രീയ ആയുധമായി പരിണമിക്കുകയാണ് ചെയ്യുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപും ഇസ്‌റാഈലില്‍ ബെഞ്ചമിന്‍ നെതന്യാഹുവും ഫ്രാന്‍സില്‍ മാരിനാ ലീപെന്നുമൊക്കെ ഒരേ സ്വരത്തില്‍ കുടിയേറ്റവിരുദ്ധത പ്രഖ്യാപിക്കുന്നത് അതുകൊണ്ടാണ്. വംശീയ ധ്രുവീകരണത്തിനും അതുവഴി വോട്ട് കേന്ദ്രീകരണത്തിനും വഴിവെക്കുമെന്ന് കണ്ട് തന്നെയാണ് രാജ്യത്തിന്റെ അതിര്‍ത്തിക്കകത്തുള്ള മനുഷ്യരെ സ്വദേശി/ വിദേശി വിഭജനത്തിന് വിധേയമാക്കുന്നത്.

ഇന്ത്യയിലുടനീളം അന്യരെ കുറിച്ചുള്ള ആധി പടച്ചുവിടാനും അവരെയൊക്കെ പുറത്താക്കി “ശുദ്ധീകരിക്ക”ണമെന്ന ആവശ്യം ഉയര്‍ത്താനും ഈ രജിസ്റ്ററിന്റെ രാഷ്ട്രീയ പ്രായോജകര്‍ക്ക് സാധിച്ചിരിക്കുന്നു. അതുകൊണ്ട് അസാം ദേശീയ പൗരത്വ രജിസ്റ്ററിനെ ഒരു മുസ്‌ലിം സ്വത്വ പ്രശ്‌നമായി ഉയര്‍ത്തുന്നത് ഹിന്ദുത്വ തീവ്ര വലതുപക്ഷങ്ങള്‍ക്ക് ശക്തി പകരുകയേ ഉള്ളൂ. സത്യത്തില്‍ നിരവധി ബംഗാളി ഹൈന്ദവര്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താകുന്നുണ്ട്. അതുകൊണ്ടാണ് അസാമിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പൗരത്വ രജിസ്റ്ററിനെ വല്ലാതെ ന്യായീകരിക്കാതെ ബി ജെ പി കരുതല്‍ നയം സ്വീകരിക്കുന്നത്. ഈ വസ്തുത തിരിച്ചറിഞ്ഞതോടെ രജിസ്റ്റര്‍ കുറ്റമറ്റതാക്കണമെന്ന ആവശ്യവുമായി അവര്‍ രംഗത്ത് വന്നിരിക്കുകയാണ്.

2018 ജനുവരി ഒന്നിനാണ് അസാമില്‍ എന്‍ ആര്‍ സിയുടെ ആദ്യ കരട് പുറത്തുവന്നത്. 19 ദശലക്ഷം പേരുകളാണ് ഈ പട്ടികയില്‍ ഉണ്ടായിരുന്നത്. രജിസ്റ്ററില്‍ ഉള്‍പ്പെടാന്‍ അപേക്ഷിച്ചത് 32.9 ദശലക്ഷം പേരാണ്. അതേവര്‍ഷം ജൂലൈയില്‍ പുറത്തിറക്കിയ രണ്ടാം കരടില്‍ പൗരന്‍മാരുടെ എണ്ണം 28.9 ദശലക്ഷമായി. അന്ന് നാല് ദശലക്ഷം പേരാണ് പുറത്തായത്. ഇതില്‍ 3.6 ലക്ഷം പേര്‍ രേഖകള്‍ ശരിയാക്കി വീണ്ടും എന്‍ ആര്‍ സി അധികൃതരെ സമീപിച്ചു. ഇതോടെ പട്ടികയില്‍ വീണ്ടും മാറ്റം വന്നു. ഒടുവില്‍ 19 ലക്ഷം പുറത്തായിരിക്കുന്നു.

1961ലെയും 1971ലെയും രണ്ട് കാനേഷുമാരികള്‍ക്ക് ഇടക്ക് അസാമിലെ ജനസംഖ്യ 34 ശതമാനം വര്‍ധിച്ചുവെന്ന കണക്ക് നിരവധി പേര്‍ അസാമിലേക്ക് വന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. ദാരിദ്ര്യവും തൊഴില്‍ രാഹിത്യവും തന്നെയാണ് പ്രശ്‌നം. നിരവധി കലാപങ്ങള്‍ക്കും ആട്ടിയോടിക്കലുകള്‍ക്കും ശേഷം കുറേ പേര്‍ പിടിച്ചു നിന്നു. അവര്‍ അവിടെ കഠിനാധ്വാനം ചെയ്തു ജീവിതം കരുപ്പിടിപ്പിച്ചു. ഇങ്ങനെ ഈ മണ്ണില്‍ കാലൂന്നി നിന്ന് ശീലിച്ച ഈ മനുഷ്യരോട് പട്ടിക നീട്ടി, പുറത്തു പോകൂ എന്ന് നിഷ്‌കര്‍ഷിക്കുമ്പോള്‍ വല്ലാത്തൊരു ശൂന്യതയിലേക്കാണ് അവര്‍ എടുത്തെറിയപ്പെടുന്നത്. അവര്‍ക്ക് പോകാനിടമില്ല. ഒറ്റയടിക്ക് രാഷ്ട്ര രഹിതരാകുകയെന്ന നിസ്സഹായതയില്‍ നില്‍ക്കുന്ന ഈ മനുഷ്യരുടെ ഭാവി എന്താണ്? ജയിലിലടക്കാമെന്ന് വെച്ചാല്‍, എത്രനാള്‍?

കൂടുതല്‍ സംഘര്‍ഷഭരിതമായ അസാമായിരിക്കും വരും നാളുകളില്‍ കാണാനാകുക. ഇതാണ് ഈ രജിസ്റ്റര്‍ ഉണ്ടാക്കുന്ന യഥാര്‍ഥ ദുരന്തം. പൗരന്‍മാരുടെ സംരക്ഷണത്തിന് നിയമങ്ങള്‍ ഊഴം കാത്തു നില്‍ക്കുകയും പൗരത്വത്തില്‍ പുറത്തായവര്‍ക്ക് മുന്നില്‍ വാതിലുകള്‍ അടയുകയും ചെയ്യുമ്പോള്‍ അക്രമം വ്യാപകമാകാനാണ് സാധ്യത.

തിരസ്‌കൃതരായവര്‍ അളമുട്ടുമ്പോള്‍ അക്രമത്തിലേക്ക് നീങ്ങുകയും ചെയ്‌തേക്കാം. ഈ രജിസ്റ്ററിലെ വര്‍ഗീയതലം കാണാതിരിക്കാനാകില്ല. ബംഗാളി ഭാഷ സംസാരിക്കുന്ന ഹിന്ദുക്കള്‍ വ്യാപകമായി പുറത്താകുന്നുവെന്ന് ബി ജെ പിയുടെ സംസ്ഥാന ഘടകം ഇപ്പോള്‍ വിലപിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് പൗരത്വം നല്‍കാനുള്ള ബില്‍ കേന്ദ്ര സര്‍ക്കാറിന്റെ ആവനാഴിയിലുണ്ട്. അയല്‍രാജ്യങ്ങളിലെ മുസ്‌ലിമേതരരെ അഭയാര്‍ഥികളായി സ്വീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
ഈ സാഹചര്യത്തില്‍ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കേണ്ടത് ഇന്ത്യയുടെ പാരമ്പര്യമാണ്. രാഷ്ട്ര ശില്‍പ്പികള്‍ മുന്നോട്ട് വെച്ചത് അടഞ്ഞ ദേശീയതയല്ല. വിശാല മാനവികതയില്‍ പടുത്തുയര്‍ത്തിയ ദേശീയതയാണ്. സര്‍ക്കാര്‍ അത് മറക്കുമ്പോള്‍ നീതി പീഠങ്ങളെങ്കിലും ഓര്‍ത്താല്‍ നന്നായിരുന്നു.

Latest