Connect with us

Kerala

തുഷാറിനെ ആസൂത്രിതതമായി കുടുക്കിയോ?; സംശയം ബലപ്പെടുന്ന നാസില്‍ അബ്ദുല്ലയുടെ ശബ്ദ സന്ദേശം പുറത്ത്

Published

|

Last Updated

ദുബൈ: ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ആസൂത്രിതമായി കുടുക്കിയതാണെന്ന് സംശയിക്കുന്ന നാസില്‍ അബ്ദുല്ലയുടെ ശബ്ദ സന്ദേശം പുറത്ത്. സുഹൃത്തുമായുള്ള നാസിലിന്റെ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.

തുഷാറിനെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശമാണ് ചാനലുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ നല്‍കിയാണ് ഈ ചെക്ക് നാസില്‍ അബ്ദുള്ള സംഘടിപ്പിച്ചതെന്ന് ശബ്ദ സന്ദേശത്തില്‍ ബോധ്യമാണ്.
നേരത്തെ അജ്മാനില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ശേഷം പണം തട്ടാനുള്ള ആസൂത്രണത്തിലാണ് താന്‍ കുടുങ്ങിയതെന്ന് തുഷാര്‍ പറഞ്ഞിരുന്നു. ഈ വാദം സാധൂകരിക്കുന്ന തരത്തിലുള്ള ശബ്ദ സന്ദേശമാണ് പുറത്തായിരിക്കുന്നത്.

പേരുവെളിപ്പെടുത്താത്ത മറ്റൊരാള്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്റെ ഒപ്പുളള ബ്ലാങ്ക് ചെക്ക് തനിക്ക് ലഭിക്കുമെന്ന് നാസില്‍ സുഹൃത്തിനോട് പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. തുഷാര്‍ കുടുങ്ങിയാല്‍ വെള്ളാപ്പള്ളി നടേശന്‍ പണം തരും. തുഷാര്‍ ഇത്തരത്തില്‍ പലരെയും വിശ്വാസത്തിലെടുത്ത് ബ്ലാങ്ക് ചെക്ക് നല്‍കിയിട്ടുണ്ടെന്നും സുഹൃത്തിനോട് നാസില്‍ പറയുന്നു.

എടാ കുറച്ചു പൈസ സംഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ നല്ലൊരു വകുപ്പുണ്ട്. എങ്ങനെയെങ്കിലും പൈസ അറേഞ്ച് ചെയ്തു താ. ഒരു അഞ്ചു ലക്ഷം രൂപ നാട്ടില് വേണം. ഞാന്‍ അന്ന് ആ ചെക്കിന്റെ കഥ പറഞ്ഞില്ലേ. എനിക്ക് തരാനുള്ള പൈസയുടെ ഒരു ചെക്ക്. ആ ചെക്ക് കിട്ടാണെങ്കില്‍, ലാസ്റ്റ് അവിടം വരെ എത്തിയിട്ടുണ്ട്. നാട്ടില്‍ അഞ്ചു ലക്ഷത്തിന്റെ ഒരു 27000 ദിര്‍ഹംസ് ഇവിടെ കൊടുക്കുകയാണെങ്കില്‍ ഏകദേശം ആ ചെക്ക് കിട്ടും. ചെക്ക് കിട്ടിക്കഴിഞ്ഞാല്‍ ഞാന്‍ ഒരു 10 മില്യണെങ്കിലും എഴുതും. എന്തായാലും ഒരു അഞ്ചു മില്യണ്‍ ഒക്കെ സെറ്റിലാവുമെന്ന് വിചാരിക്കുന്നു. അടുത്ത ദിവസം ആളിവിടെ വരും. വരുമ്പോള്‍ പൂട്ടുക. പൈസ വേടിക്കുക. പൈസ പറന്നുവരും. അതുകൊണ്ട് മാക്‌സിമം രണ്ടു മാസം സമയം. അത് കിട്ടിക്കഴിഞ്ഞാല്‍ നല്ലൊരു സംരംഭം നിനക്കായിട്ടു ഇട്ടുതരാം. നമുക്ക് ഫിഫ്റ്റി ഫിഫ്റ്റി പേസന്റേജില് ഇവിടെ ഒരു സംരംഭം നമുക്ക് നടത്താം- ശബ്ദരേഖയില്‍ പറയുന്നു.

തനിക്ക് തരാനുള്ള പണം തുഷാര്‍ കുറച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ പക്കല്‍ രേഖയൊന്നുമില്ലെന്നും നാസില്‍ പറയുന്നതായി സംഭാഷണത്തില്‍ വ്യക്തമാണ്.

 

Latest