Connect with us

Travelogue

പാമ്പന്‍ പാലത്തിലെ കടല്‍ കാഴ്ചകള്‍

Published

|

Last Updated

ഇത്തവണ അവധിക്കാലത്തെ യാത്ര എവിടേക്കാണെന്ന് കൂട്ടുകാർ ചോദിച്ചപ്പോൾ തമിഴ്‌നാട്ടിലേക്കായാലോ എന്ന മറുപടിയാണ് ഈ യാത്രയുടെ പിറവി. “തമിഴ്‌നാട്ടിലേക്കോ” എന്ന ചോദ്യത്തോടെ മൂന്ന് പേരും മുഖം ചുളിച്ചെങ്കിലും ഏർവാടിയുടെ ആത്മീയതയെയും പാമ്പൻ പാലത്തിന്റെ മനോഹാരിതയെയും കുറിച്ച് വിവരിച്ചപ്പോൾ ആർക്കും എതിർപ്പുണ്ടായില്ല. മൂന്ന് ദിവസത്തെ യാത്രയായിരുന്നു പ്ലാൻ. തമിഴ് സംസ്‌കാരവും ഏർവാടിയുടെ ആത്മീയതയും ആസ്വദിക്കാൻ ഞങ്ങൾ കാസർകോട് നിന്ന് വണ്ടി കയറി. ചെന്നൈയിൽ നിന്ന് നേരെ പാമ്പൻ പാലം ലക്ഷ്യമാക്കിയായിരുന്നു ആദ്യം പോയത്.

നീളംകൂടിയ
അസാധാരണ
റെയിൽവേ പാലം

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പൻ ദ്വീപിനെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന പാലം പാക് കടലിടുക്കിന് കുറുകെയാണ്. പാമ്പൻ പാലത്തെ പറ്റി വായിച്ച വിവരങ്ങളൊക്കെ കൂട്ടുകാർക്ക് പകുത്ത് നൽകി ഞാൻ മുമ്പിൽ നടന്നു. രാമേശ്വരത്തിന്റെ കിഴക്ക് ഭാഗത്ത് കടലിലേക്ക് നീണ്ടുകിടക്കുന്ന തുരുത്തായ ധനുഷ്‌കൊടിയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കാനാണ് പാലം പണിതത്. ധനുഷ്‌കൊടിയിൽ നിന്ന് അയൽ രാജ്യമായ ശ്രീലങ്കയിലേക്ക് പതിനാറ് കിലോമീറ്ററേയുള്ളൂ. 1914ലാണ് പാലത്തിന്റെ പണി പൂർത്തിയായത്. പിന്നീട് 2009ലാണ് പുനർനിർമാണം നടത്തി ചരക്ക് തീവണ്ടികൾക്ക് പോകാനുള്ള സൗകര്യം ഏർപ്പെടുത്തിയത്. 145 തൂണുകൾ സ്ഥാപിച്ചായിരുന്നു പാലം ശക്തിപ്പെടുത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലമാണിത്. ഇന്ദിരാ ഗാന്ധി ബ്രിഡ്ജ് എന്ന പേരിലും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ അസാധാരണ റെയിൽവേ പാലം എന്ന അംഗീകാരവും ലഭിച്ചിട്ടുണ്ട്. ലോകത്തെ മുഴുവൻ പാലങ്ങളെയും പറ്റി പഠിച്ച ശേഷം നാഷനൽ ചാനൽ ഓഫ് ജ്യോഗ്രഫിയാണ് ഫല പ്രഖ്യാപനം നടത്തിയത്. 2014 ഫെബ്രുവരിയിൽ പാലത്തിന്റെ ശതവാർഷികം ആഘോഷിച്ചിരുന്നു. വിവരങ്ങൾ പങ്കുവെച്ചുകൊണ്ടിരിക്കെ, ഞങ്ങൾ ആ അത്ഭുത കാഴ്ച കണ്ടു. കപ്പൽ വരുമ്പോൾ റെയിൽ പാളം മുകളിലേക്ക് ഉയരുന്നു, കപ്പൽ സുഗമമായി കടന്നുപോകുന്നു. പാമ്പൻ പാലത്തെ വായിച്ച നേരത്ത് കാണാൻ കൊതിച്ച കാഴ്ചയായിരുന്നു ഇത്. ഇതെങ്ങനെയാണ് സംവിധാനിച്ചതെന്ന സംശയവും ഉയർന്നിരുന്നു. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ പാമ്പൻ പാലം കണ്ടെങ്കിലും കപ്പൽ കടന്നുവരുന്നതിന് സാക്ഷിയായി.

പാക് കടലിടുക്കിൽ നിന്നുള്ള തണുത്ത കാറ്റ് ആസ്വദിച്ച് മുളക് പൊടിയും കുരമുളക് പൊടിയും സമം വിതറിയ മാങ്ങയും പൈനാപ്പിളും രുചിച്ചത് വർണിക്കാവതല്ല. പ്ലേറ്റ് നിറയെ മുറിച്ച മാങ്ങയും പൈനാപ്പിളുമായി അനേകം വിൽപ്പനക്കാർ. പതിനഞ്ച് രൂപയാണ് വില.

സ്വദേശികളെണോ വിദേശികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരും വാങ്ങി കഴിക്കുന്നുണ്ട്. സംഘങ്ങളായി അവിടെ എത്തുന്നവരെ തേടി ഫോട്ടോഗ്രാഫറുമുണ്ട്. നിമിഷ നേരം കൊണ്ട് ഫോട്ടോ കൈയിൽ തരാമെന്ന് അയാൾ വാഗ്ദാനം നൽകിയെങ്കിലും സാങ്കേതികവിദ്യ വളർന്ന് വികസിച്ചതിനാൽ അത്ര താത്പര്യപ്പെട്ടില്ല. വേണ്ടെന്ന ഭാവത്തോടെ മുന്നോട്ട് നടന്നെങ്കിലും അയാൾ വിടാൻ ഒരുക്കമായിരുന്നില്ല. ഒടുവിൽ, കൂട്ടുകാരെ കൂടെ നിർത്തി എന്നും ഓർമിക്കാനായി ഞങ്ങളും ഫോട്ടോയെടുത്തു.
പാലത്തിൽ നിന്ന് വർത്തമാനം പറഞ്ഞിരുന്ന വിദേശി സംഘത്തിനടുത്ത് പോയി തന്ത്രപൂർവം അവരുടെ സംഭാഷണത്തിൽ പങ്കാളികളായി. ഒരേ പോലുള്ള വസ്ത്രം ധരിച്ചിരുന്നത് അവരെ വല്ലാതെ ആകർഷിച്ചു. എവിടെ നിന്നാണ് വരുന്നതെന്ന ചോദ്യത്തിന് കേരളമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പരിചയ ഭാവം പ്രകടിപ്പിച്ചു. പ്രതികരണം ഒരു പുഞ്ചിരിയിലൊതുക്കി സംസാരം തുടർന്നു. തമിഴ്‌നാടിന് ശേഷം കേരളത്തിലേക്ക് വരുന്നുണ്ടെന്നും അവർ പറഞ്ഞു. 2345 മീറ്റർ നീളമാണ് പാലത്തിനുള്ളത്. ഞങ്ങളുടെ വണ്ടി നിർത്തിയത് പാലത്തിന്റെ നടുവിലാണ്. അടിച്ച് വീശുന്ന തണുത്ത കാറ്റ് ആസ്വദിച്ച് ഏറെ നേരം നടന്നു. കണ്ടും ആസ്വദിച്ചും കൊതി തീരാതെ ഇനിയും ഒരുപാട് തവണ വരുമെന്ന് ഉറപ്പിച്ച് അടുത്ത കേന്ദ്രം ലക്ഷ്യമാക്കി വണ്ടിയിൽ കയറി.

വിശ്വപൗരന്റെ
രാമേശ്വരം

വിശപ്പിന്റെ കാഹളം മുഴങ്ങിയതിനാൽ ഹോട്ടലിനടുത്ത് വണ്ടി നിർത്തി. പത്ത് പേർക്ക് മാത്രം ഇരിക്കാൻ സൗകര്യമുള്ളതാണ് ഹോട്ടൽ. ആധുനിക സൗകര്യങ്ങളുള്ള ഹോട്ടലുകളൊന്നും വഴിയിൽ കണ്ടില്ല. രുചിയൂറും ദോശയും ചട്ണിയും കഴിച്ചു. വലുപ്പം തീരെയില്ലാത്ത ഗ്ലാസിൽ ലഭിക്കുന്ന തമിഴ് ചായക്ക് പ്രത്യേക രുചിയാണ്. സുന്ദരമായ രുചി സമ്മാനിച്ചത് കൊണ്ട് ഞാൻ രണ്ട് ഗ്ലാസ് ചായ വാങ്ങിയിരുന്നു. വിശ്വപൗരൻ എ പി ജെ അബ്ദുൽ കലാമിന്റെ രാമേശ്വരത്തേക്കായിരുന്നു അടുത്ത യാത്ര. ആർത്തിരമ്പുന്ന തിരമാലകൾ ഭേദിച്ച് കുതിക്കുന്ന വൻ സ്രാവുകളാകണം വലിയ സ്വപ്‌നങ്ങൾ കാണാൻ കലാമിനെ പഠിപ്പിച്ചത്. അനന്തകോടികൾക്ക് സ്വപ്‌നം കാണാൻ പഠിപ്പിച്ച അത്ഭുത മനുഷ്യൻ ജനിച്ചതും പഠിച്ചതും വളർന്നതുമൊക്കെ രാമേശ്വരത്താണ്. രാമേശ്വരം കടപ്പുറത്ത് അക്കരെ കാണാതെ പറക്കുന്ന കടൽ കാക്കകളെ നോക്കി വലിയ ലക്ഷ്യങ്ങൾ കണ്ട് വളർന്ന ബാലൻ, ഇന്ന് ഒരു പുരുഷായുസ്സ് കൊണ്ട് നേടിയെടുത്ത വിജയാരവങ്ങളുടെ അകമ്പടിയോടെ ശാന്തമായി ഉറങ്ങുന്നുണ്ട്. അവിടെക്കായിരുന്നു അടുത്ത യാത്ര. കലാം മെമ്മോറിയൽ എന്ന പേരിൽ ഒരു മ്യൂസിയവും അവിടെയുണ്ട്. മ്യൂസിയത്തിന് പുറത്തൊരു തട്ടുകടയും. കലാമിന്റെ ചിത്രങ്ങളും ചെറിയ പുസ്തകങ്ങളും തട്ടുകടയിലുണ്ട്. കുട്ടിക്കാലം മുതൽ രാഷ്ട്രപതിയായത് വരെയുള്ള ബഹുമതികളും അംഗീകാരങ്ങളുമാണ് മ്യൂസിയം നിറയെ.

ഒറ്റ നോട്ടത്തിൽ തന്നെ മ്യൂസിയം ഏറെ ഇഷ്ടമായി. മ്യൂസിയത്തിനകത്തേക്ക് ക്യാമറക്ക് പ്രവേശനമില്ല. അകത്തേക്ക് ക്യാമറക്ക് പ്രവേശനമില്ലെങ്കിലും പുറത്ത് വീഡിയോക്കും ഫോട്ടോക്കും പോസ് ചെയ്യുന്നവർ വിരളമല്ല. ചുറ്റുപാടും നന്നായി അലങ്കരിച്ച മ്യൂസിയം കാണാൻ സന്ദർശകരുടെ വൻ പ്രവാഹമാണ്. ഒരു ധീരപുരുഷന്റെ ജീവിത കാൽപ്പാടുകൾ കണ്ട തൃപ്തിയോടെ ഞങ്ങൾ വീണ്ടും വണ്ടിയിൽ കയറി.

അനസ് ആലങ്കോൾ
• anasalangol@gmail.com

anasalangol@gmail.com