മഅ്ദിൻ ഹിജ്‌റ ക്യാമ്പയിൻ; ഫസ്റ്റ് ഓഫ് മുഹറം സംഘടിപ്പിച്ചു

Posted on: September 1, 2019 11:53 pm | Last updated: September 1, 2019 at 11:53 pm

മഅ്ദിൻ ഹിജ്‌റ ക്യാമ്പയിനിന്റെ ഭാഗമായി  സ്വലാത്ത് നഗർ ഗ്രാന്റ് മസ്ജിദിൽ സംഘടിപ്പിച്ച ഫസ്റ്റ് ഓഫ് മുഹറം പ്രോഗ്രാം സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി ഉദ്ഘാടനം ചെയ്യുന്നു.മലപ്പുറം: മഅ്ദിൻ അക്കാദമിക്ക് കീഴിൽ സംഘടിപ്പിക്കുന്ന ദശദിന ഹിജ്‌റ ക്യാമ്പയിനിന്റെ ഭാഗമായി ഫസ്റ്റ് ഓഫ് മുഹറം സംഘടിപ്പിച്ചു. സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി ഉദ്ഘാടനം ചെയ്തു. പുതുവർഷത്തെ നന്മകൾ കൊണ്ടും സുകൃതങ്ങൾ കൊണ്ടും ധന്യമാക്കണം. രാജ്യത്തിനും സമൂഹത്തിനും ഉപകാരപ്രദമായ നന്മ നിറഞ്ഞ ജീവിതത്തിന് നാം പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ മുശാവറ അംഗം കെ.സി അബൂബക്കർ ഫൈസി കാവനൂർ, കെ.കെ അബൂബക്കർ കുട്ടി ഫൈസി, സ്‌കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി അരീക്കോട് എന്നിവർ പ്രസംഗിച്ചു.

ഹിജ്‌റ ക്യാമ്പയിനിന്റെ ഭാഗമായി ഇന്ന് (തിങ്കൾ) രാവിലെ 9 ന് സ്റ്റുഡന്റ്‌സ് അസംബ്ലി സംഘടിപ്പിക്കും. ഹിജ്‌റ ശിൽപ്പശാല, ഗോള ശാസ്ത്ര സെമിനാർ, മെസ്സേജ് ഡിസ്‌പ്ലേ, ക്വിസ് മത്സരം, പ്രബന്ധ മത്സരം എന്നിവ നടക്കും. സെപ്തംബർ 11 ന് ബുധനാഴ്ച (മുഹറം 10) പതിനായിരങ്ങൾ സംബന്ധിക്കുന്ന ആശൂറാഅ് ദിന പ്രാർത്ഥനാ സമ്മേളനത്തോടെ സമാപിക്കും. വനിതകൾക്കായി മുഹറം 9 ന് മഹ്‌ളറത്തുൽ ബദ്‌രിയ്യ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിക്കും.