ശ്രോദ്ധാക്കളെ സൂഫീ സംഗീതത്തില്‍ ലയിപ്പിച്ച് ഖവാലി മത്സരം

Posted on: September 1, 2019 9:41 pm | Last updated: September 1, 2019 at 9:41 pm


പട്ടാമ്പി: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിലെ ഖവാലി മത്സരം കാണാന്‍ നിരവധി പേരാണ് എത്തിയത്. കടുത്ത മത്സരം നടന്ന ഒരിനം കൂടിയായി മാറി ഖവാലി. ഓരോ സംഘങ്ങളും വിവിധ തരത്തിലുള്ള വേഷവിധാനത്തോടെ രംഗത്തെത്തിയതും കാണികള്‍ക്ക് ആവേശമായി. ആസ്വാദക ഹൃദയങ്ങളെ സൂഫീ സംഗീതത്തിന്റെ മായാലോകത്തേക്ക് കൈപ്പിടിച്ചാനയിച്ചപ്പോള്‍ ആവേശത്തോടെയാണ് സദസ്സ് ഓരോ ഖവാലി ഗ്രൂപ്പിനെയും എതിരേറ്റത്.

പൂർവസൂരികളായ മഹാന്മാരെ പ്രകീര്‍ത്തിക്കുന്ന വിവിധ ഭാഷകളിലുള്ള കവിതകളാണ് ഖവാലിയില്‍ ആലപിക്കാറുള്ളത്. അഞ്ച് പേരടങ്ങുന്ന സംഘത്തിന് ദഫോ അറബനയോ പശ്ചാത്തലമായി ഉപയോഗിക്കാം. സാഹിത്യോത്സവ് നഗരിയെ അക്ഷരാർത്ഥത്തില്‍ പുളകമണിയിച്ച ഖവാലി ഇനത്തിലൂടെ മാറ്റുരച്ച കലാകാരന്മാര്‍ ഭാവി കേരളത്തിന്റെ പ്രതീക്ഷയാണ്.