അവർ എങ്ങോട്ട് പോകും ?

തൊഴിലും വിഭവങ്ങളും പങ്കുവെക്കുന്നതിന്റെയും ക്രസമാധാനത്തിന്റെയും സാംസ്‌കാരിക സംഘട്ടനത്തിന്റെയുമൊക്കെ കാരണങ്ങൾ ഉയർത്തുമ്പോഴും അതിനേക്കാളെല്ലാം മുകളിലാണ് ഈ ആട്ടിയോടിക്കൽ ഉണ്ടാക്കുന്ന മാനുഷിക പ്രതിസന്ധി. മുപ്പതും നാൽപ്പതും വർഷം ഈ മണ്ണിൽ ജീവിച്ച മനുഷ്യർ എവിടെയും പൗരത്വമില്ലാതെ അലയേണ്ടി വരുന്നത് എത്ര ഭീകരമാണ്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര സൈനികൻ പോലും വിദേശിയായി ജയിലിൽ പോകേണ്ടി വരുന്നത് എങ്ങനെ ന്യായീകരിക്കും? അവർ എങ്ങോട്ട് പോകും? എത്രകാലം അവരെ ജയിലിലിടും? ബംഗ്ലാദേശിലേക്ക് പോകാനൊക്കുമോ? ഈ മനുഷ്യർക്ക് അവിടെയും പൗരത്വ രേഖകളില്ലല്ലോ. കൂടുതൽ സംഘർഷഭരിതമായ അസാമായിരിക്കും വരും നാളുകളിൽ കാണാനാകുക. ഇതാണ് ഈ രജിസ്റ്റർ ഉണ്ടാക്കുന്ന യഥാർഥ ദുരന്തം. ബോഡോ തീവ്രവാദമടക്കമുള്ള മണ്ണിൻ മക്കൾ വാദം ശക്തമായ 1983 മുതൽ അസാമിൽ 14,000 മുസ്ലിംകൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 1993ലും 94ലും 97ലുമെല്ലാം കലാപങ്ങൾ നടന്നു. നെല്ലി കലാപം ഇതിൽ ഏറ്റവും ഭീകരമായിരുന്നു. അന്ന് മാത്രം 3500പേർ കൊല്ലപ്പെട്ടു.
Posted on: September 1, 2019 4:06 pm | Last updated: September 1, 2019 at 4:07 pm
എൻ ആർ സി പട്ടിക പുറത്ത് വന്നതിന് ശേഷം പരിശോധിക്കുന്നവർ. ഗുവാഹത്തിയിൽ നിന്ന്

അസാമിലെ ജനങ്ങളെ പൗരൻമാരെന്നും അല്ലാത്തവരെന്നും നിർണയിക്കുന്ന എൻ ആർ സി പട്ടികയുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. 19 ലക്ഷത്തിലധികം പേർ പൗരൻമാരല്ലാതായി തീർന്നു. പത്ത് മണിയോടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത പട്ടികയിൽ തന്റെ പേരുണ്ടോ ഇല്ലയോ എന്നറിയാൻ ലക്ഷക്കണക്കായ മനുഷ്യർ ഇന്റർനെറ്റിന്റെ ഇത്തിരി വെളിച്ചമുള്ളിടത്തെല്ലാം ചങ്കിടിപ്പോടെ തടിച്ചു കൂടിയിരുന്നു. കുറേ പേർ പൗരത്വമുറപ്പിച്ച് മടങ്ങി. പിന്നെ കുറേ മനുഷ്യർ നിതാന്തമായ ഇരുട്ടിലേക്ക് എടുത്തെറിയപ്പെട്ടു. ഒരു ദുരന്ത പ്രഭാതത്തിൽ പൗരനല്ലാതായി മാറുന്നതിന്റെ വേദന അനുഭവിച്ചാൽ മാത്രം മനസ്സിലാകുന്ന വികാരമാണ്. ഇക്കാലം വരെ ജനിച്ചു വളർന്ന ഇടത്തിൽ അന്യനും ബഹിഷ്‌കൃതനും കുറ്റവാളിയുമാകുന്നതിന്റെ ശൂന്യതയെ വിശദീകരിക്കാൻ ഏത് വാക്കുകളാണ് മതിയാകുക. 2018 ജൂലൈയിൽ എൻ ആർ സിയുടെ കരട് പ്രസിദ്ധീകരിച്ചപ്പോൾ സംസ്ഥാനത്തെ നാൽപ്പത്തിയൊന്ന് ലക്ഷം ജനങ്ങളാണ് പുറംതള്ളപ്പെട്ടത്. കുറേ പേർ പൗരത്വം തെളിയിച്ചു. ഇനിയും 120 ദിവസം സമയം നൽകിയിട്ടുണ്ട്. പ്രതീക്ഷയുടെ 120 ദിനങ്ങൾ.
രാജ്യത്തിന്റെ സ്വഭാവം നിർണയിച്ച മൂല്യങ്ങളെ കീഴ്‌മേൽ പ്രതിഷ്ഠിക്കുന്നുവെന്നതാണ് ഇന്ന് രാജ്യം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ദേശീയത എന്ന ആശയമാണ് ഇക്കൂട്ടത്തിൽ ഏറ്റവും ക്രൂരമായ കടന്നു കയറ്റത്തിന് വിധേയമായത്. സ്വതവേ പ്രതിലോമകരമായ ആശയമാണ് ദേശീയതയെന്ന് രവീന്ദ്രനാഥ ടാഗോർ ചൂണ്ടിക്കാട്ടുന്നുണ്ട്. പിൽക്കാലത്ത് സൃഷ്ടിക്കപ്പെട്ട അതിർത്തിക്കകത്ത് മനുഷ്യനെ തളച്ചിടുകയാണ് ദേശീയത ചെയ്യുന്നതെന്നും അത് വിശാലമായ മാനവികതക്കെതിരാണെന്നും അദ്ദേഹം എഴുതുന്നു. സ്വതന്ത്ര ഇന്ത്യയിലെ ദേശീയ വികാരം ഒരു രാജ്യത്തെയും ജനതയെ അന്യരായി കാണാൻ അനുവദിക്കില്ലെന്ന് ഗാന്ധിജിയും വ്യക്തമാക്കിയിട്ടുണ്ട്. മാനവികതയാണ് ഇന്ത്യൻ പാരമ്പര്യം. അതിനാകട്ടേ അതിർത്തിയില്ല. ഇന്ത്യൻ ദേശീയത ഉൾക്കൊള്ളലിന്റെതാണ്. അത് അഹിംസയുടെതും അനുരഞ്ജനത്തിന്റെതുമാണ്. എന്നാൽ പുതിയ കാലത്ത് സൃഷ്ടിച്ചെടുത്ത തീവ്ര ദേശീയത, ജനതയിൽ ഒരു വിഭാഗത്തെ ആട്ടിയോടിക്കാനാണ് ശ്രമിക്കുന്നത്. ദാരിദ്ര്യം, ദുരിതം, തൊഴിൽരാഹിത്യം തുടങ്ങിയ എല്ലാ മാനുഷിക പ്രതിസന്ധിക്കും കാരണം പുറത്ത് നിന്ന് വന്നവരാണെന്ന് പ്രചരിപ്പിക്കപ്പെടുന്നു. ബ്രക്‌സിറ്റിനായി ബ്രിട്ടനിലും പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി അമേരിക്കയിലും പുറത്തെടുത്തത് ഇതേ തന്ത്രം തന്നെ. ആട്ടിയോടിക്കൽ വിധ്വംസക ദേശീയത കത്തിച്ച് നിർത്താനുള്ള ഉപാധിയായി മാറുന്നു.

രാഷ്ട്രീയം തന്നെ മുഖ്യം

അസാം പൗരത്വ രജിസ്റ്ററിന്റെ നിയമപരമായ സാധുതക്കും ശരിതെറ്റുകൾക്കുമപ്പുറം ചർച്ചയാകേണ്ടത് ഈ രാഷ്ട്രീയമാണ്. രജിസ്റ്ററിൽ നിന്ന് പുറത്താകുന്നവർക്ക് അകത്തേക്ക് വരാൻ അവസരം നൽകുമെന്നും അതിനായി നിരവധി ട്രൈബ്യൂണലുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി തന്നെ ഇക്കാര്യത്തിൽ ആവശ്യമായ മേൽനോട്ടം വഹിക്കുമെന്നും പറയുന്നു. ആരും ആശങ്കപ്പെടേണ്ടെന്ന് കേന്ദ്ര സർക്കാറും വ്യക്തമാക്കിയിട്ടുണ്ട്. അതൊക്കെ നടക്കുമായിരിക്കാം. എന്നിട്ടും പുറത്താകുന്നവരെ ബംഗ്ലാദേശിലേക്ക് അയക്കുകയും അവർക്ക് അഭയം നൽകാൻ കേന്ദ്ര സർക്കാർ സമ്മർദം ചെലുത്തുകയും ചെയ്യുമായിരിക്കാം. അതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്. അല്ലെങ്കിൽ വെറുതേ ശുഭാപ്തി വിശ്വാസം കൊള്ളാവുന്ന കാര്യവുമാണ്. എന്നാൽ ഈ രജിസ്റ്റർ അതിന്റെ രാഷ്ട്രീയ ദൗത്യം പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നുവെന്നതാണ് ഉറപ്പിച്ചു പറയാവുന്ന യാഥാർഥ്യം. വർഗീയ, വംശീയ വിഭജനം നേരത്തേ സംഭവിച്ചു കഴിഞ്ഞ അസാമിൽ കൂടുതൽ അക്രമാസക്തമായ നിലയിലേക്ക് അതിനെ പരിവർത്തിപ്പിക്കുകയാണ് ഈ രജിസ്റ്ററിന്റെ രാഷ്ട്രീയനിയോഗം. അതിലുമപ്പുറം ഇന്ത്യയിലുടനീളം അന്യരെ കുറിച്ചുള്ള ആധി പടച്ചു വിടാനും അവരെയൊക്കെ പുറത്താക്കി ‘ശുദ്ധീകരിക്ക’ണമെന്ന ആവശ്യം ഉയർത്താനും ഈ രജിസ്റ്ററിന്റെ രാഷ്ട്രീയ പ്രായോജകർക്ക് സാധിച്ചിരിക്കുന്നു. അതുകൊണ്ട് അസാം ദേശീയ പൗരത്വ രജിസറ്ററിനെ ഒരു മുസ്‌ലിം സ്വത്വ പ്രശ്‌നമായി ഉയർത്തുന്നത് ഹിന്ദ്വത്വ തീവ്രവലതുപക്ഷങ്ങൾക്ക് ശക്തി പകരുകയേ ഉള്ളൂ. സത്യത്തിൽ നിരവധിയായ ബംഗാളി ഹൈന്ദവർ പൗരത്വ പട്ടികയിൽ നിന്ന് പുറത്താകുന്നുണ്ട്. അത്‌കൊണ്ടാണ് അസാമിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പൗരത്വ രജിസ്റ്ററിനെ വല്ലാതെ ന്യായീകരിക്കാതെ ബി ജെ പി കരുതൽ നയം സ്വീകരിക്കുന്നത്. ഈ വസ്തുത തിരിച്ചറിഞ്ഞതോടെ രജിസ്റ്റർ കുറ്റമറ്റതാക്കണമെന്ന ആവശ്യവുമായി അവർ രംഗത്ത് വരികയായിരുന്നു.

കുടിയേറ്റത്തിന്റെ ആഗോള സാഹചര്യവും യാഥാർഥ്യവുമാണ് ഇവിടെ ചർച്ചയാകേണ്ടത്. ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ രാജ്യം മനുഷ്യാവകാശ സംരക്ഷണത്തിൽ എവിടേക്കാണ് സഞ്ചരിക്കുന്നതെന്ന ചോദ്യവും ഇപ്പോൾ ഉയരണം. മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്കെടുത്ത് യു എസും യു എന്നും തയ്യാറാക്കുന്ന പട്ടികയിൽ ഉൾപ്പെടാറുള്ള രാജ്യങ്ങൾ പലതും എത്ര ഭേദമാണെന്ന സത്യമാണ് അപ്പോൾ ഉയർന്നു വരിക. കുടിയേറ്റത്തിന് വിധേയമാകാത്ത ഒരു രാജ്യവും ഭൂമുഖത്തില്ല. അമേരിക്ക പോലുള്ള താരതമ്യേന പുതിയ വൻകരകളെ ജനപഥങ്ങളാക്കി മാറ്റിയത് തന്നെ കുടിയേറ്റമാണ്. ഓരോ പ്രദേശത്തും ആദിമനിവാസികൾ ഉണ്ടാകുമ്പോൾ പല കാലങ്ങളായി വന്നു ചേർന്നവരുണ്ടാകും. വംശ വ്യാപനത്തിന്റെ ജീവശാസ്ത്ര പ്രക്രിയയിൽ പിന്നെയുണ്ടാകുന്നത് സ്വാഭാവികമായ കലർപ്പായിരിക്കും. വന്നു കൂടിയവരും നേരത്തേയുള്ളവരും എന്ന വ്യത്യാസമില്ലാതെ ഒറ്റ ജനതയായി അവർ മാറുന്നു. എക്കാലവും മനുഷ്യപ്രവാഹം സംഭവിച്ചു കൊണ്ടേയിരിക്കുന്നു. അതിർത്തികൾ കീറിമുറിച്ചുള്ള ഈ സഞ്ചാരം തടഞ്ഞു നിർത്താൻ ആര് ശ്രമിച്ചാലും പരാജയപ്പെടുകയേ ഉള്ളൂ. ഇന്ത്യയിലെ ഭരണാധികാരികൾ അത്തരമൊരു അടച്ചിടലിനും ഇറക്കിവിടലിനും മുതിർന്നുവെന്നിരിക്കട്ടെ. ഇന്ത്യക്കാരുള്ള പുറം ഇടങ്ങളിൽ നിന്ന് സമാനമായ എതിർ പ്രവാഹങ്ങൾ ഉണ്ടാകും. അത് താങ്ങാൻ ഇന്ത്യക്ക് സാധിച്ചെന്ന് വരില്ല.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മനുഷ്യപ്രവാഹം ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. അസാമിന്റെ കാര്യം തന്നെയെടുക്കാം. പാഴ്ഭൂമിയെന്ന് വിശേഷിപ്പിക്കാവുന്ന ഇടമായിരുന്നു ഈ ഭൂവിഭാഗം. ഇത്തരം പ്രദേശങ്ങളാണ് ബ്രിട്ടീഷുകാർ ചായത്തോട്ടങ്ങൾക്കായി തിരഞ്ഞെടുത്തത്. ഇത്തരം ചായത്തോട്ടങ്ങളിൽ പണിയെടുക്കാൻ തങ്ങളുടെ അധീനതയിൽ പെട്ട വിവിധയിടങ്ങളിൽ നിന്ന് മനുഷ്യരെ അവർ ഇറക്കുമതി ചെയ്തു. ആദ്യം പുരുഷൻമാരെ പിന്നെ, സ്ത്രീകളെ. ഇവരിൽ പലരും പിന്നെ തിരിച്ചു പോയില്ല. അവർ ഒരു ജനതയായി അവിടെ രൂപപ്പെട്ടുവന്നു. അന്ന് ബംഗ്ലാദേശോ പാക്കിസ്ഥാനോ ഒന്നുമില്ലല്ലോ. അതിർത്തിയുടെ ഈ തിട്ടമില്ലായ്മയാണ് റോഹിംഗ്യൻ മുസ്‌ലിംകളെയും അന്യരാക്കി മാറ്റിയത്. ബ്രിട്ടീഷ് അധിനിവേശക്കാലത്ത് അവരുടെ തീട്ടൂരമനുസരിച്ച് ഒരു കൂട്ടം റോഹിംഗ്യൻ മുസ്ലിംകൾ ഇന്നത്തെ ബംഗ്ലാദേശ് ഉൾക്കൊള്ളുന്ന ഭാഗത്തേക്കും ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ മറ്റു ചില ഭാഗങ്ങളിലേക്കും കുടിയേറിയിരുന്നു. ബ്രിട്ടീഷ് കമ്പനികൾ അവരുടെ തോട്ടങ്ങളിലും കെട്ടിട നിർമാണങ്ങളിലും പണിയെടുപ്പിക്കാൻ അവരെ കൊണ്ടു പോകുകയായിരുന്നു. പണിക്കാരോടൊപ്പം കുടുംബവും നാടുവിട്ടു. ബ്രിട്ടീഷുകാരുടെ ശക്തി ക്ഷയിച്ചപ്പോൾ അവരെല്ലാവരും തിരിച്ച് രാഖിനെ പ്രവിശ്യയിൽ, സ്വന്തം നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു. ഇവരെ ചൂണ്ടിയാണ് ബുദ്ധതീവ്രവാദികൾ റോഹിംഗ്യ മുസ്ലിംകളെ ഒന്നാകെ വിദേശികളാക്കിയത്. പറഞ്ഞുവരുന്നത് ചരിത്രത്തിന്റെ വിവിധ ദശാസന്ധികളിൽ സംഭവിച്ച പ്രവാഹങ്ങളെ ഇന്നത്തെ അതിർത്തിയുടെ സങ്കുചിതത്വത്തിലേക്ക് കൊണ്ടുവരുന്നത് മനുഷ്യത്വവിരുദ്ധമാണ്. ചരിത്ര വിരുദ്ധവുമാണ്.
16 ലക്ഷം പേരെ രാഷ്ട്രരഹിതരാക്കിയാണ് അസാമിൽ ദേശീയ പൗരത്വപട്ടിക നിലവിൽ വന്നിരിക്കുന്നത്. തങ്ങൾ പിന്നിട്ട ജീവിതം മുഴുവൻ തെളിയിക്കപ്പെടേണ്ട വസ്തുതയായിരുന്നുവെന്ന സത്യത്തിന് മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് ഈ മനുഷ്യർ. പുതുക്കിയ പൗരത്വ പട്ടിക സമ്പൂർണ അബദ്ധ പഞ്ചാംഗമാണെന്ന് തെളിയിക്കുന്ന വാർത്തകൾ ഇത്തവണയും പുറത്ത് വരുന്നുണ്ട്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത കരസേനാംഗം മുഹമ്മദ് സനാഉല്ലക്ക് ഇത്തവണയും പട്ടികയിൽ ഇടം കിട്ടിയില്ലെന്നത് മാത്രം മതി ഈ രജിസ്റ്ററിന്റെ വിശ്വാസ്യതയും കൃത്യതയും എത്രയുണ്ടെന്നതിന്റെ തെളിവ്.

ആട്ടിയോടിക്കലിന്റെ ചരിത്രം

മുഖ്യമായും സാമ്പത്തിക കാരണങ്ങളാൽ ആയിരക്കണക്കിനാളുകൾ പല കാലങ്ങളിലായി ബംഗ്ലാദേശിൽ നിന്ന് അസാമിലേക്ക് കുടിയേറിയെന്നത് വസ്തുതയാണ്. 1961ലെയും 1971ലെയും രണ്ട് കാനേഷുമാരികൾക്ക് ഇടക്ക് അസാമിലെ ജനസംഖ്യ 34ശതമാനം വർധിച്ചുവെന്ന കണക്ക് ഇതാണ് വ്യക്തമാക്കുന്നത്. അസാമിലെ തദ്ദേശീയർ ബംഗാളി, ബംഗ്ലാദേശി മുസ്‌ലിംകളെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി അംഗീകരിച്ചില്ലെന്നതും സത്യമാണ്. ഇതിന്റെ ഏറ്റവും ക്രൂരമായ ആവിഷ്‌കാരമായിരുന്നു നെല്ലി കൂട്ടക്കൊല.
അഭയാർഥികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തമായതോടെ 1982ൽ കേന്ദ്ര സർക്കാറും അസാം പ്രക്ഷോഭകാരികളും തമ്മിലുണ്ടാക്കിയ ഉടമ്പടി 1961നു മുമ്പ് അസാമിൽ എത്തിയവർക്ക് പൗരത്വം നൽകുക, 1961നും 71നും ഇടയിൽ എത്തിയവരുടെ കാര്യം പിന്നീട് തീരുമാനിക്കുക, 1971നു ശേഷം എത്തിയവരെ നാടുകടത്തുക എന്നീ തീരുമാനങ്ങളിൽ എത്തിച്ചേർന്നു. ഇതിനു ശേഷം വന്ന സർക്കാറുകൾ 1990കളിലും 2015 വരെയും ഈ തീരുമാനങ്ങൾ നടപ്പാക്കാൻ ശ്രമിച്ചില്ല. നാഷനൽ സിറ്റിസൺ രജിസ്റ്റർ സമയബന്ധിതമായി പൂർത്തിയാക്കാൻ 2015ൽ സുപ്രീം കോടതി ഉത്തരവിട്ടു, 2016ൽ അസാമിൽ ബി ജെ പി അധികാരത്തിൽ വന്നു. ഇതിന് ശേഷമാണ് പട്ടികാ നിർമാണത്തിന് ജീവൻ വെച്ചത്.

തൊഴിലും വിഭവങ്ങളും പങ്കുവെക്കുന്നതിന്റെയും ക്രസമാധാനത്തിന്റെയും സാംസ്‌കാരിക സംഘട്ടനത്തിന്റെയുമൊക്കെ കാരണങ്ങൾ ഉയർത്തുമ്പോഴും അതിനേക്കാളെല്ലാം മുകളിലാണ് ഈ ആട്ടിയോടിക്കൽ ഉണ്ടാക്കുന്ന മാനുഷിക പ്രതിസന്ധി. മുപ്പതും നാൽപ്പതും വർഷം ഈ മണ്ണിൽ ജീവിച്ച മനുഷ്യർ എവിടെയും പൗരത്വമില്ലാതെ അലയേണ്ടി വരുന്നത് എത്ര ഭീകരമാണ്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര സൈനികൻ പോലും വിദേശിയായി ജയിലിൽ പോകേണ്ടി വരുന്നത് എങ്ങനെ ന്യായീകരിക്കും? അവർ എങ്ങോട്ട് പോകും? എത്രകാലം അവരെ ജയിലിലിടും? ബംഗ്ലാദേശിലേക്ക് പോകാനൊക്കുമോ? ഈ മനുഷ്യർക്ക് അവിടെയും പൗരത്വ രേഖകളില്ലല്ലോ.

കൂടുതൽ സംഘർഷഭരിതമായ അസാമായിരിക്കും വരും നാളുകളിൽ കാണാനാകുക. ഇതാണ് ഈ രജിസ്റ്റർ ഉണ്ടാക്കുന്ന യഥാർഥ ദുരന്തം. ബോഡോ തീവ്രവാദമടക്കമുള്ള മണ്ണിൻ മക്കൾ വാദം ശക്തമായ 1983 മുതൽ അസാമിൽ 14,000 മുസ്ലിംകൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 1993ലും 94ലും 97ലുമെല്ലാം കലാപങ്ങൾ നടന്നു. നെല്ലി കലാപം ഇതിൽ ഏറ്റവും ഭീകരമായിരുന്നു. അന്ന് മാത്രം 3,500പേർ കൊല്ലപ്പെട്ടു. വോട്ടർപ്പട്ടികയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന ആവശ്യമുയർത്തി തുടങ്ങിയ അക്രമാസക്ത പ്രക്ഷോഭമാണ് ആ കൂട്ടക്കൊലയിലേക്ക് നയിച്ചത്. കേന്ദ്രത്തിലും സംസ്ഥാനത്തും അന്ന് കോൺഗ്രസാണ് ഭരിക്കുന്നത്. ആൾ അസാം സ്റ്റുഡന്റ്സ് യൂനിയൻ എന്ന തീവ്രവലതുപക്ഷ സംഘടന അന്നുയർത്തിയ മുദ്രാവാക്യം ബംഗാളി സംസാരിക്കുന്നവരെ മുഴുവൻ പുറത്താക്കണമെന്നായിരുന്നുവെങ്കിലും ആക്രമിക്കപ്പെട്ടത് മുസ്‌ലിംകളായിരുന്നു. ബംഗ്ലാദേശിൽ നിന്ന് വന്നവരെ തിരിച്ചയക്കണമെന്ന് ഉത്തരവിടുന്ന പൗരത്വ രജിസ്റ്ററും ഫലത്തിൽ വിനയാകുക മുസ്‌ലിംകൾക്കാണെന്ന് കാണാനാകും. അയൽ രാജ്യങ്ങളിൽ നിന്ന് വരുന്ന ഹിന്ദു, സിഖ് ന്യൂനപക്ഷങ്ങൾക്ക് നിരുപാധികം പൗരത്വം നൽകാൻ അനുമതി നൽകുന്ന ബിൽ കേന്ദ്ര സർക്കാർ പാസ്സാക്കാനിരിക്കുകയാണ്. ഇത് കണ്ടാണ് ബി ജെ പി നേതാവ് വിജയ് വർഗീയ പറഞ്ഞത് രജിസ്റ്ററിൽ നിന്ന് പുറത്തായ ഹിന്ദുക്കളാരും പേടിക്കേണ്ടതില്ല, അവരുടെ കൈയിൽ രേഖയില്ലെങ്കിലുമെന്ന്.

അസാമിലെ ജനങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഒരു ഉത്കണ്ഠയുമില്ലേയെന്നാണ് ബി ജെ പി നേതാക്കൾ കോൺഗ്രസിനോടും തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തോട് ചോദിക്കുന്നത്. കുടിയേറ്റക്കാരാണ് അസാമിന്റെ സ്വാസ്ഥ്യം കെടുത്തുന്നതെന്ന വാദം എളുപ്പത്തിൽ ഉയർത്താവുന്ന ഒന്നാണ്. ജനാധിപത്യത്തിന്റെ തനതായ മൂല്യങ്ങളുടെ മുഴുവൻ കഴുത്തറുക്കുന്ന ഒരു സർക്കാർ രാജ്യം ഭരിക്കുമ്പോൾ രാജ്യരക്ഷ എന്നത് ഭൂരിപക്ഷത്തിന്റെ രക്ഷയാകുമെന്നുറപ്പാണല്ലോ. അതുകൊണ്ട് രാഷ്ട്ര സുരക്ഷയെന്ന ആർക്കും ചോദ്യം ചെയ്യാനാകാത്ത ആശയഗതിയുടെ മുഖംമൂടിയണിഞ്ഞ് പച്ചയായ വർഗീയ വികാരം സൃഷ്ടിക്കുകയാണ് ബി ജെ പിയും സംഘ്പരിവാർ സംഘടനകളും ചെയ്യുന്നത്.
പൗരത്വ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സുപ്രീം കോടതി ഒരു ഭാഗത്ത് ശ്രമിക്കുകയും അന്താരാഷ്ട്ര സമ്മർദം ചില അനുകൂല നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര സർക്കാറിനെ നിർബന്ധിതമാക്കുകയും ചെയ്താലും ഈ രജിസ്റ്റർ സൃഷ്ടിച്ച വർഗീയ വിഭജനം രൂക്ഷമായി നിലനിൽക്കും. രജിസ്റ്ററിൽ നിന്ന് പുറത്തായവർക്കെതിരെ ആക്രമണങ്ങൾ വ്യാപകമായേക്കും. ഇരു പക്ഷത്തും പടരുന്ന അതൃപ്തിയും ഭയവും വലിയ സംഘർഷത്തിനാകും വഴിമരുന്നിടുക. ഇവിടെയാണ് തൃണമൂൽ നേതാവ് മമതാ ബാനർജിയടക്കമുള്ളവർ നടത്തുന്ന ‘മുസ്‌ലിം അനുകൂല പോരാട്ടം’ നിഷ്ഫലമാകുന്നത്. സംഘ് ശക്തികൾ ഉയർത്തുന്ന വൈകാരികവത്കരണത്തിന്റെ മറുപുറമാണ് തൃണമൂൽ രാഷ്ട്രീയം. ഇത് മുസ്‌ലിംകളെ കൂടുതൽ അന്യവത്കരിക്കാനേ ഉപകരിക്കൂ. സി പി എം ബംഗാൾ ഭരിച്ചപ്പോൾ ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് അലറിയയാളാണ് മമതയെന്നോർക്കണം.
അസാമിൽ നിന്ന് പുറത്തേക്ക് ആനയിച്ച് അതിർത്തി സംസ്ഥാനങ്ങളിലാകെയും വേണമെങ്കിൽ ഇന്ത്യയൊട്ടാകെയും പയറ്റാവുന്ന ആയുധമാണ് തീവ്രഹിന്ദുത്വത്തിന് കൈവന്നിരിക്കുന്നത്. ഈ രാഷ്ട്രീയ യാഥാർഥ്യം മനസ്സിലാക്കി, രാഷ്ട്രീയ പ്രചാരണങ്ങളേക്കാൾ കോടതി വഴിയുള്ള നിയമപരമായ പരിഹാരത്തിനാണ് ജനാധിപത്യവാദികൾ ശ്രമിക്കേണ്ടത്.