Connect with us

Kerala

തര്‍ക്കം കടുക്കുന്നു; സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കാന്‍ ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം

Published

|

Last Updated

കോട്ടയം: പാലായിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് കേരള കോണ്‍ഗ്രസിലെ തര്‍ക്കാം ഓരോ നിമിഷവും രൂക്ഷമാകുന്നു. തങ്ങള്‍ മുന്നോട്ടു വെക്കുന്ന സ്ഥാനാര്‍ഥി തന്നെ മത്സരിക്കണമെന്നും അത് രണ്ടില ചിഹ്നത്തില്‍ തന്നെ വേണമെന്നുമുള്ള കടുത്ത നിലപാടിലാണ് ജോസ് കെ മാണി. ജോസഫിന് കീഴടങ്ങേണ്ടതില്ലെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. ചിഹ്നം തരാന്‍ ജോസഫ് തയ്യാറായില്ലെങ്കില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കാനും മടിക്കില്ലെന്ന വെടിയും ജോസ് കെ മാണി പൊട്ടിച്ചിട്ടുണ്ട്.

അനാവശ്യ വിവാദങ്ങളുമായി ജോസഫ് മുന്നോട്ടു പോയാല്‍ സ്വതന്ത്രമായി മത്സരിക്കുന്ന കാര്യം ആലോചിക്കുമെന്നും ജോസ് കെ മാണി യു ഡി എഫിനെ അറിയിച്ചിട്ടുണ്ട്. ചിഹ്നം ജോസഫിന്റെ ഔദാര്യമല്ലെന്നും നിഷാ ജോസ് കെ മാണി മത്സരിക്കുന്നതിനോടാണ് പാര്‍ട്ടിയില്‍ ഭൂരിഭാഗം പേര്‍ക്കും താത്പര്യമെന്നും ജോസ് കെ മാണി പക്ഷം പറയുന്നു. ഇരു വിഭാഗത്തിനുമിടയില്‍ സമവായമുണ്ടാക്കുന്നതിനായുള്ള ശ്രമത്തിന്റെ ഭാഗമായി കോട്ടയത്ത് ഇന്ന് വൈകിട്ട് യു ഡി എഫ് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

സ്ഥാനാര്‍ഥിയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്ന് മാണി വിഭാഗം നേതാവ് ജോസ് കെ മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടില ചിഹ്നത്തില്‍ തന്നെയായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നാണ് പി ജെ ജോസഫിന്റെ നിലപാട്. കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും ചൊവ്വാഴ്ച പ്രഖ്യാപനം നടത്താനാകുമെന്നാണ് കരുതുന്നതെന്നും ജോസഫ് പ്രതികരിച്ചു.

നിഷ ജോസ് കെ മാണി സ്ഥാനാര്‍ഥിയാകുന്നതിനോട് യോജിപ്പില്ലെന്നു തന്നെയാണ് ജോസഫ് ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. വിജയ സാധ്യത മുന്‍നിര്‍ത്തി മാത്രമെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനാകൂ. ആരുടെയും ഏകപക്ഷീയ തീരുമാനം അംഗീകരിക്കാനാകില്ലെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ജോസഫ് പറഞ്ഞു. അതേസമയം, സ്ഥാനാര്‍ഥിയെ ഇന്നു തന്നെ തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയും മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പറയുന്നത്.