Connect with us

National

രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന തരത്തിലുള്ള പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. മോദി സര്‍ക്കാറിന്റെ കെടുകാര്യസ്ഥത സാമ്പത്തിക മേഖലയെ മന്ദീഭവിപ്പിച്ചെന്ന മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. എന്നാല്‍ മന്‍മോഹന്റെ വിമര്‍ശനത്തിന് മറുപടി പറയാനില്ലെന്ന് അവര്‍ വ്യക്തമാക്കി.

ജി എസ് ടി നിരക്കിന്റെ കാര്യം തന്റെ നിയന്ത്രണത്തിലുള്ളതല്ല. സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജി എസ് ടി കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സഹായം വേണമെന്ന് ഏതെങ്കിലും മേഖലയില്‍ നിന്ന് ആവശ്യപ്പെട്ടാല്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. ധനമന്ത്രി വ്യക്തമാക്കി.

മോദി സര്‍ക്കാറിന്റെ എല്ലാ തലത്തിലുമുള്ള കെടുകാര്യസ്ഥതയാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കടുത്ത പ്രതിസന്ധിയിലാക്കിയതെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നു മാസത്തെ പ്രതിശീര്‍ഷ വളര്‍ച്ചാ നിരക്ക് അഞ്ചു ശതമാനം മാത്രമാണെന്നത് രാജ്യം ദീര്‍ഘകാലത്തേക്കുള്ള സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്നതിന്റെ സൂചനയാണ്. ഇന്ത്യക്ക് ത്വരിതഗതിയില്‍ വളരാനുള്ള ശേഷിയുണ്ട്. എന്നാല്‍, മോദി സര്‍ക്കാറിന്റെ കെടുകാര്യസ്ഥത ഇതിന് തുരങ്കം വച്ചിരിക്കുകയാണ്. മന്‍മോഹന്‍ സിംഗ് പ്രസ്താവനയില്‍ പറഞ്ഞു.

ഉത്പാദന മേഖലയുടെ വളര്‍ച്ചാ നിരക്ക് 0.6 ശതമാനത്തിലേക്ക് പതിക്കുന്നത് ഏറെ അപകടകരമായ സ്ഥിതിവിശേഷമാണ്. നോട്ട് നിരോധനം, തിടുക്കത്തില്‍ നടപ്പിലാക്കിയ ജി എസ് ടി തുടങ്ങിയ മനുഷ്യ നിര്‍മിത മണ്ടത്തരങ്ങളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് നമ്മുടെ സാമ്പത്തിക രംഗം ഇപ്പോഴും കര കയറിയിട്ടില്ലെന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഉപഭോഗ വളര്‍ച്ചാ നിരക്ക് 18 മാസത്തെ താഴ്ന്ന നിലയിലേക്ക് പോയതായും ആഭ്യന്തര ആവശ്യകത വലിയ തോതില്‍ ഇടിഞ്ഞതായും മുന്‍ പ്രധാന മന്ത്രി പറഞ്ഞു.

Latest