പുല്ലാങ്കുഴല്‍ വിദഗ്ധന്‍ ഗുരുവായൂര്‍ എസ് ശ്രീകൃഷ്ണന്‍ നിര്യാതനായി

Posted on: September 1, 2019 11:02 am | Last updated: September 1, 2019 at 2:17 pm

തൃശൂര്‍: പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ധനും സംഗീതജ്ഞനുമായ ഗുരുവായൂര്‍ എസ് ശ്രീകൃഷ്ണന്‍ (86) നിര്യാതനായി. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം വിടവാങ്ങിയത്. മാതാവ് കനകാംബാളാണ് ശ്രീകൃഷ്ണനെ സംഗീത ലോകത്തേക്ക് വഴികാട്ടിയത്. എന്‍ കൃഷ്ണ ഭാഗവതര്‍, കെ വി രാമചന്ദ്ര ഭാഗവതര്‍ എന്നിവരില്‍ നിന്ന് പ്രാഥമിക പരിശീലനം നേടി. എണ്ണൂറിലധികം ലളിതഗാനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുല്ലാങ്കുഴല്‍ കച്ചേരി നടത്തിയ ശ്രീകൃഷ്ണന് 1985ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു. 1997ല്‍ അക്കാദമിയുടെ ഫെല്ലോഷിപ്പിന് അര്‍ഹനായി. 2001ല്‍ ഗുരുവായൂരപ്പന്‍ പുരസ്‌കാരം നേടി. 1954ല്‍ എ ഐ ആറില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1994ല്‍ സ്റ്റേഷന്‍ ഡയറക്ടറായി വിരമിച്ചു.

ഭാര്യ: ഗായത്രി ശ്രീകൃഷ്ണന്‍. മക്കള്‍: ജി എസ് രാജന്‍, സുജാതാ ദാസ്. ഗായത്രി ഗാന രംഗത്തും രാജന്‍ പുല്ലാങ്കുഴല്‍ വാദനത്തിലും സുജാത ഭരതനാട്യത്തിലും പ്രശസ്തരാണ്.