ബുംറ ഇന്ത്യന്‍ ടീമിനു ലഭിച്ച വരദാനം; ഹാട്രിക്ക് നേട്ടത്തില്‍ കോലിക്കും പങ്ക്: ഹര്‍ഭജന്‍

Posted on: September 1, 2019 1:47 pm | Last updated: September 1, 2019 at 1:51 pm

ന്യൂഡല്‍ഹി: ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ താരമെന്ന ബഹുമതി സ്വന്തമാക്കിയ ജസ്പ്രീത്‌ ബുംറയെ മുക്തകണ്ഠം പ്രശംസിച്ച് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച വരദാനമാണ് ബുംറയെന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ആദ്യ ഹാട്രിക്ക് നേടിയ താരമായ ഹര്‍ഭജന്‍ പറഞ്ഞു. ബുംറയെ പോലെ കളി ജയിപ്പിക്കാന്‍ സാധിക്കുന്നൊരു ബൗളറെ ലഭിച്ചതിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്.

അതേസമയം, വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ നേടിയ ഹാട്രിക്കിന് ബുംറ നായകന്‍ വിരാട് കോലിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. കോലി ഡി ആര്‍ എസിന് ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഹാട്രിക് നേട്ടം ബുംറക്ക് നിഷേധിക്കപ്പെടുമായിരുന്നു. 18 വര്‍ഷം മുമ്പ് തനിക്ക് ഹാട്രിക് സ്വന്തമാക്കാന്‍ സഹായിച്ച സദഗോപന്‍ രമേഷിന്റെ അവശ്വസനീയമായ ക്യാച്ചിന് സമാനമാണിത്. ഹാട്രിക് പന്തില്‍ റോസ്റ്റണ്‍ ചേസ് വിക്കറ്റിനു മുന്നില്‍ കുരുങ്ങിയോയെന്ന് ബുംറക്ക് ഉറപ്പുണ്ടായിരുന്നില്ല. അമ്പയര്‍ വിക്കറ്റ് അനുവദിച്ചതുമില്ല. തുടര്‍ന്ന് കോലി ഡി ആര്‍ എസ് ആവശ്യപ്പെടുകയായിരുന്നു. അതാണ് ഉജ്ജ്വല നേട്ടത്തിലേക്ക് ബുംറയെ ആനയിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ ഏഴ് ഓവറില്‍ അഞ്ചു വിക്കറ്റ്, രണ്ടാമത്തെ മത്സരത്തില്‍ ഒമ്പത് ഓവറില്‍ ആറ്. ഇതിലധികം ആവശ്യപ്പെടാനാകില്ല. അപൂര്‍വമായ വൈരക്കല്ലാണ് ബുംറ. ഒരു ടെസ്റ്റ് മത്സരത്തിലാണ് ഹാട്രിക്ക് നേടിയതെന്നതാണ് കൂടുതല്‍ സ്തുത്യര്‍ഹം. ഏകദിനത്തില്‍, പ്രത്യേകിച്ച് 47-40 ഓവറുകള്‍ക്കിടയില്‍ ഹാട്രിക്ക് ലഭിക്കാന്‍ സാധ്യതകളുണ്ട്. ബാറ്റ്‌സ്മാന്‍ ആക്രമിച്ചു കളിക്കാന്‍ മുതിരുമെന്നതിനാലാണിത്. എന്നാല്‍, ടെസ്റ്റില്‍ സ്ഥിതി വ്യത്യസ്തമാണ്. ബാറ്റ്‌സ്മാന്മാര്‍ ആക്രമിച്ചു കളിക്കാനുള്ള സാധ്യത വിരളമാണ്. പ്രതിരോധ മാര്‍ഗമായിരിക്കും കൂടുതലും ബാറ്റ്‌സ്മാന്മാര്‍ അനുവര്‍ത്തിക്കുക. അതുകൊണ്ടു തന്നെ മഹത്തായ നേട്ടം തന്നെയാണ് ബുംറ കൈവരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പന്തുകളിലെ ലൈനും ലെങ്ത്തും മിടുക്കിന്റെ പ്രതിഫലനമാണ്. ഹര്‍ഭജന്‍ പറഞ്ഞു.