പാലായില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

Posted on: September 1, 2019 11:08 am | Last updated: September 11, 2019 at 1:23 pm

കോട്ടയം: പാലായില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ വിവാദം പുകയുന്നതിനിടെ മുന്നണി നിലപാട് വ്യക്തമാക്കി ഉമ്മന്‍ ചാണ്ടി. സ്ഥാനാര്‍ഥിയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും യു ഡി എഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇന്നു തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

എന്നാല്‍, സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നാണ് പി ജെ ജോസഫിന്റെ നിലപാട്. കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും ചൊവ്വാഴ്ച പ്രഖ്യാപനം നടത്താനാകുമെന്നാണ് കരുതുന്നതെന്നും ജോസഫ് പ്രതികരിച്ചു. നിഷ ജോസ് കെ മാണി സ്ഥാനാര്‍ഥിയാകുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി. സ്ഥാനാര്‍ഥിയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും രണ്ടില ചിഹ്നത്തില്‍ തന്നെയായിരിക്കും മത്സരിക്കുകയെന്നും മാണി വിഭാഗം നേതാവ് ജോസ് കെ മാണി നേരത്തെ പറഞ്ഞിരുന്നു.