ലാലു പ്രസാദ് യാദവിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് റിപ്പോര്‍ട്ട്

Posted on: September 1, 2019 10:38 am | Last updated: September 1, 2019 at 11:00 am

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്ന ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമെന്ന് റിപ്പോര്‍ട്ട്. ലാലുവിന്റെ വൃക്കകള്‍ക്ക് 63 ശതമാനവും തകരാറ് സംഭവിച്ചതായി റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. പി കെ ഝാ അറിയിച്ചു. ഒരാഴ്ചയായി ലാലുവിന്റെ ആരോഗ്യനില സ്ഥിരമല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രമേഹം, രക്തസമ്മര്‍ദം, രക്തത്തില്‍ അണുബാധ എന്നിവ അദ്ദേഹത്തെ അലട്ടുന്നുണ്ട്. കാലിത്തീറ്റ കുംഭകോണക്കേസില്‍ 14 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചു വരികയാണ് ലാലു. 2017 ഡിസംബര്‍ 23 നാണ് അദ്ദേഹം ജയിലിലായത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി അദ്ദേഹം ചികിത്സയിലാണ്.