Connect with us

Kerala

കേരളത്തില്‍ നിന്ന് ദിനംപ്രതി 30 വിമാന സര്‍വീസുകള്‍ കൂടുതലായി നടത്തും

Published

|

Last Updated

തിരുവനന്തപുരം: ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ നിന്ന് ദിനംപ്രതി 30 വിമാനങ്ങള്‍ കൂടുതലായി സര്‍വീസ് നടത്തും. കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് ഖരോള വിമാനക്കമ്പനി മേധാവികളുടെ യോഗത്തിലാണ് ഈ ഉറപ്പ് നല്‍കിയത്. മൂന്നു മാസത്തിനകം അധിക സര്‍വീസുകള്‍ നിലവില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് ദിവസേന അഞ്ച് സര്‍വീസുകള്‍ കൂടുതലായി ഉണ്ടാകും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഗണ്യമായ തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചു ചേര്‍ത്തത്.

സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളില്‍ ഇന്ധന നികുതി നിരക്ക് 25ല്‍ നിന്ന് അഞ്ചു ശതമാനമായും കണ്ണൂര്‍ വിമാനത്താവളത്തിലെത് ഒരു ശതമാനമായും കുറച്ചതായി മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയാല്‍ നിരക്ക് ഇനിയും കുറക്കാം. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ എയര്‍പോര്‍ട്‌സ് അതോറിറ്റി തയാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രാജ്യങ്ങള്‍ തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് വിദേശ വിമാനക്കമ്പനികള്‍ക്ക് സീറ്റ് അനുവദിക്കുന്നതെന്ന് ഖരോള പറഞ്ഞു. ഭൂരിഭാഗം വിദേശക്കമ്പനികളും കരാര്‍ പ്രകാരമുള്ള ക്വാട്ട പൂര്‍ണമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ കമ്പനികള്‍ ക്വാട്ട തികക്കുന്നില്ല. ഇത് കൂടുതല്‍ വിദേശ സര്‍വീസിന് തടസ്സം സൃഷ്ടിക്കുന്നു. സ്വകാര്യ വിമാനക്കമ്പനികള്‍ വലിയ വിമാനങ്ങള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ വിദേശ സര്‍വീസുകള്‍ നടത്താനാകും. വിമാനത്താവളത്തിലെ ലാന്‍ഡിംഗ് ഫീ, പാര്‍ക്കിംഗ് ഫീ, യൂസര്‍ ഫീ എന്നിവയില്‍ കുറവ് വരുത്തണമെന്ന് വിമാനക്കമ്പനികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം 2021ല്‍ മാത്രമെ പരിഗണിക്കാനാകൂവെന്ന് എയര്‍പോര്‍ട്‌സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അനൂജ് അഗര്‍വാള്‍ അറിയിച്ചു.

കേന്ദ്ര സിവില്‍ ഒഏവിയേഷന്‍ ജോയിന്റ് സെക്രട്ടറി ഉഷാ പാഡി, ചീഫ് സെക്രട്ടറി ടോം ജോസ്, സിവില്‍ ഏവിയേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സിയാല്‍ എം ഡി. വി ജെ കുര്യന്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട് എം ഡി. വി തുളസീദാസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി എസ് സെന്തില്‍, ഐ ടി സെക്രട്ടറി എം ശിവശങ്കര്‍ എന്നിവരും വിവിധ വിമാനക്കമ്പനികളുടെ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.

Latest