മോദി സ്തുതിയും വിവാദവും

Posted on: August 31, 2019 11:05 am | Last updated: August 31, 2019 at 11:05 am


ദിവസങ്ങളായി മോദി സ്തുതി സംബന്ധിച്ച വിവാദം രാഷ്ട്രീയ മേഖലയിലും പൊതുസമൂഹത്തിലും കത്തിനില്‍ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടിമുടി എതിര്‍ക്കുകയും വിമര്‍ശിക്കുകയുമാണ് പ്രതിപക്ഷ ബാധ്യത, മോദി നല്ലതു ചെയ്താലും അനുകൂലിച്ചു സംസാരിക്കാവതല്ല എന്നതാണ് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളില്‍ ചിലരുടെ നിലപാട്. കണ്ണടച്ചുള്ള വിമര്‍ശം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അത് ക്രിയാത്മകമായിരിക്കണമെന്ന് മറ്റൊരു വിഭാഗവും. മോദിയെ അന്ധമായി, നിരന്തരം വിമര്‍ശിക്കുന്നതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും മനു അഭിഷേക് സിംഗ്‌വിയും നടത്തിയ അഭിപ്രായ പ്രകടനങ്ങളും അതിനെ അനുകൂലിച്ചുള്ള ശശി തരൂരിന്റെ ട്വീറ്റുമാണ് വിവാദത്തിനാധാരം.

എല്ലായ്‌പ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നതും ദുഷ്ടനാക്കി ചിത്രീകരിക്കുന്നതും പ്രതിപക്ഷത്തിന് ഗുണം ചെയ്യില്ലെന്നായിരുന്നു ജയറാം രമേശിന്റെ പ്രസ്താവന. മോദിയുടെ പ്രവര്‍ത്തനങ്ങളെ വ്യക്ത്യാധിഷ്ഠിതമായല്ല, പ്രശ്‌നാധിഷ്ഠിതമായാണ് വിലയിരുത്തേണ്ടതെന്നും നല്ല പ്രവൃത്തികളും മോശം പ്രവൃത്തികളും വേര്‍തിരിച്ചറിയണമെന്നുമായിരുന്നു സിംഗ്‌വിയുടെ അഭിപ്രായം. ഇരുവരെയും പിന്തുണച്ച് ശശി തരൂര്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു: “മോദി എപ്പോഴെങ്കിലും നല്ലതു പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അതിനെ പ്രശംസിക്കുന്നത് അദ്ദേഹത്തിനെതിരായുള്ള വിമര്‍ശനങ്ങളെ കൂടുതല്‍ വിശ്വാസ്യ യോഗ്യമാക്കുമെന്ന് ആറ് വര്‍ഷമായി ഞാന്‍ പറയുന്നതാണ്. ആ അഭിപ്രായത്തിന് അനുകൂലമായി ഉയരുന്ന ചിന്തകളെ സ്വാഗതം ചെയ്യുന്നു’. തരൂരിന്റെ ഈ ട്വീറ്റിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, കെ മുരളീധരന്‍, ടി എന്‍ പ്രതാപന്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വന്നു. സമുന്നത കോണ്‍ഗ്രസ് നേതാവ് പി ചിദംബരമടക്കം ദേശീയ നേതാക്കള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടികളെടുക്കുന്ന സമയത്ത് മോദിയനുകൂല പ്രസ്താവന നടത്തുന്നത് ഗുരുതര അച്ചടക്ക ലംഘനമാണെന്നാണ് നേതാക്കളുടെ വാദം. തരൂര്‍ മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തരൂര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

വിമര്‍ശവും തെറ്റുകള്‍ ചൂണ്ടിക്കാണിക്കലും രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അത് ജനാധിപത്യത്തിന്റെ തേട്ടവുമാണ്. ഭരണകൂടങ്ങളെ ശരിയായ ദിശയിലൂടെ ചലിപ്പിക്കുന്നതിനും അവബോധമുള്ള സമൂഹ സൃഷ്ടിപ്പിനും വിമര്‍ശനം സഹായിക്കും. അത് പക്ഷേ ക്രിയാത്മകമായിരിക്കണം. വിമര്‍ശനത്തിനു വേണ്ടിയുള്ള വിമര്‍ശനമാകരുത്. ഭരണകൂടത്തില്‍ നിന്ന് നല്ലതു കണ്ടാല്‍ അതിനെ അനുകൂലിക്കാനും ആവശ്യമെങ്കില്‍ പുകഴ്ത്താനും പിശുക്ക് കാണിക്കരുത്. മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറിന്റെ നയങ്ങളില്‍ വൈകല്യങ്ങളുണ്ട്. മുത്വലാഖ് നിരോധനം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി, പൗരത്വബില്‍ തുടങ്ങി പല നയങ്ങളും മതേതരത്വ, ജനാധിപത്യ മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമാണ.് ഈ വക നയങ്ങളും വര്‍ഗീയ അജന്‍ഡകളും ശക്തിയുക്തം എതിര്‍ക്കപ്പെടുക തന്നെ വേണം. അതോടൊപ്പം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വച്ഛ്ഭാരത്, ഉജ്വലയോജന, ആവാസ് യോജന തുടങ്ങിയ നല്ല പദ്ധതികളെ അനുകൂലിക്കുകയും പിന്തുണക്കുകയും വേണം. രാജ്യത്ത് പല ജനോപകാര പദ്ധതികളും വിജയം കണ്ടത് പ്രതിപക്ഷത്തിന്റെ കൂടി പിന്തുണ കൊണ്ടാണ്. കേരളത്തിലെ ജനകീയാസൂത്രണ പദ്ധതി ഉദാഹരണം. ഇടതു സര്‍ക്കാറാണ് ഇതുകൊണ്ടു വന്നതെങ്കിലും കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങി യു ഡി എഫ് ഘടക കക്ഷികള്‍ അതിനു മികച്ച പിന്തുണ നല്‍കിയിരുന്നു. അതാണ് ശരിയായ രാഷ്ട്രീയ സംസ്‌കാരവും.

ചിലരെ സംബന്ധിച്ച് രാഷ്ട്രീയ എതിരാളികളെ വിലയിരുത്തുമ്പോള്‍ ഇകഴ്ത്തലും സ്വന്തം നേതൃത്വത്തെക്കുറിച്ചു പറയുമ്പോള്‍ പുകഴ്ത്തലും മാത്രമേ പരിചയമുള്ളൂ. ഇതു ശരിയല്ല. വിമര്‍ശനത്തിന്റെ വിശ്വാസ്യതയെ ഇതു ബാധിക്കും. എന്തിനും ഏതിനും വിമര്‍ശിക്കുന്നവരെ ജനം വിശ്വസിക്കുകയില്ല. വിമര്‍ശനത്തില്‍ ക്രിയാത്മകത പുലര്‍ത്തുന്നവരുടെ വാക്കുകള്‍ സമൂഹവും എതിര്‍ പക്ഷവും എപ്പോഴും പരിഗണിക്കുകയും ചെയ്യും. വിമര്‍ശനത്തിന്റെ ഭാഷക്കും വേണം മാന്യത. മാന്യമായ ഭാഷയില്‍ ഒരാളെ വിമര്‍ശിച്ചാല്‍ അയാള്‍ അത് ശ്രദ്ധിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യും. കാടടച്ചുള്ള വെടിവെപ്പ് ഈ ഗുണം ചെയ്യില്ല. ആരെയും എന്തും പറയാം എന്ന അവസ്ഥ വന്നാല്‍ വിമര്‍ശനത്തിന്റെ മൂര്‍ച്ച നഷ്ടപ്പെടും. തെറികൊണ്ട് ഒരാളെ തിരുത്താനോ മാറ്റാനോ കഴിയില്ല. വിമര്‍ശനം ഏതു തലം വരെയാകാം എന്ന ധാരണ നല്ല നേതൃത്വത്തിന്റെ അടിസ്ഥാന ഗുണമാണ.്

മോദി സ്തുതിയാണല്ലോ വിഷയം. ഇത് രണ്ട് തരത്തില്‍ നടക്കുന്നുണ്ട്. രാഷ്ട്രീയമോ സാമ്പത്തികമോ ആയ നേട്ടമാണ് ചിലരുടെ ലക്ഷ്യം. കോണ്‍ഗ്രസിലായിരിക്കെ എ പി അബ്ദുല്ലക്കുട്ടി നടത്തിയ മോദി സ്തുതി ഈ ഗണത്തില്‍ പെട്ടതായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വന്‍ വിജയം നേടിയതിനു പിന്നാലെയാണ് മോദിയെ പ്രകീര്‍ത്തിച്ചും ഗാന്ധിജിയോട് ഉപമിച്ചും അബ്ദുല്ലക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. താമസിയാതെ അദ്ദേഹം ബി ജെ പിയില്‍ ചേരുകയും ചെയ്തു. മഞ്ചേശ്വരം നിയമസഭാ സീറ്റോ രാജ്യസഭാ സീറ്റോ ആണ് അബ്ദുല്ലക്കുട്ടിയുടെ ലക്ഷ്യമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സ്വാര്‍ഥ താത്പര്യങ്ങളൊന്നുമില്ലാതെ മോദി നല്ലതു ചെയ്താല്‍ അതിനെ സ്വാഗതം ചെയ്യുകയോ അനുകൂലിച്ചു സംസാരിക്കുകയോ ചെയ്യുന്നവരുണ്ട്. അത് രാഷ്ട്രീയ മാന്യതയാണ്. തരൂരിന്റെ ട്വീറ്റ് ഈ വിധത്തിലാണ് വിലയിരുത്തപ്പെടേണ്ടതെന്നു തോന്നുന്നു. ഇന്ന് വരെയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ സാക്ഷ്യപ്പെടുത്തുന്നതും അതാണ്. പല നിര്‍ണായക ഘട്ടങ്ങളിലും പാര്‍ലിമെന്റിലും പുറത്തും മോദിയുടെയും സര്‍ക്കാറിന്റെയും ജനാധിപത്യ വിരുദ്ധ നിലപാടുകളെയും നീതി നിഷേധത്തെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് തരൂര്‍ എന്നും ഇതിനോട് ചേര്‍ത്തുവായിക്കണം.