പിടികിട്ടി ആ കുശുകുശയുടെ ഉൾപൊരുൾ!

നാം സകാത്ത് കൊടുക്കുന്നത് സ്വദഖ കൊടുക്കുമ്പോലയല്ല. അതിന് കൃത്യമായ ചിട്ടവട്ടങ്ങളും നിഷ്ഠാരീതികളുമുണ്ട്. അത് കൃത്യമായ അളവിൽ അർഹരായ ആളിലേക്ക് തന്നെ എത്തിക്കണം. സകാത്താകുന്ന കടുത്ത ഫർള് കഴുത്തൊടിക്കുന്ന ഭാരമായി തലയിലേറ്റി നടക്കുന്നവർ സുന്നത്തായ സംഭാവനകൾ ഒഴുക്കിവിടുന്നതിൽ ഗുരുതരമായ തരക്കേടുണ്ട്.
വഴിവിളക്ക്
Posted on: August 29, 2019 3:46 pm | Last updated: August 29, 2019 at 3:48 pm

ഇതിപ്പോൾ രണ്ടാം തവണയാണ്. മുമ്പൊരിക്കൽ, അഥവാ മൂന്നാല് കൊല്ലം മുമ്പ് ഇത് ശ്രദ്ധയിൽ പെട്ടിരുന്നു. അന്ന് പക്ഷേ അതത്ര കാര്യമാക്കിയില്ല. കൂട്ടത്തിൽ ചേരാതെ, വിഘടിച്ചു നിൽക്കുക എന്നത് ഒരു സൗഹൃദക്കൂട്ടായ്മക്ക് ചേർന്നതല്ലല്ലൊ.

അന്ന് കുറുമാത്തൂരിനടുത്ത് ഉള്ളോട്ട് ഏതോ ഒരു അന്തകുന്താമിയിലായിരുന്നു ഞങ്ങൾ പോയത്. ഉപ്പയില്ലാത്ത പെൺകുട്ടിയുടെ കല്യാണമായിരുന്നു. നന്നേ പാവം. വളച്ചുകെട്ടിയ കൂര. കാര്യമായി എന്തെങ്കിലും കൊടുക്കേണ്ട കേസാണ്. ഞങ്ങളഞ്ചു പേരാണുള്ളത്.

അധ്യാപകരാകുമ്പോൾ പോയി, പങ്കെടുത്ത്, ഞണ്ണി വന്നാൽ തന്നെ വലിയ കാര്യമായി എന്ന് കരുതിയിരിക്കേണ്ട. കൊടുക്കേണ്ടിടത്ത് കൊടുക്കുക തന്നെ വേണം. രണ്ടായിരം വെച്ച് അഞ്ച് പേരെടുത്താൽ പൂർണമായ ഒരു പത്തിന്റെ കവർ കൈമാറാമല്ലൊ എന്ന് കരുതിയതാണ്. ശരീഫ് മാഷ് കൂട്ടത്തിൽ കൂടുന്നില്ല. ഞങ്ങൾക്കാണേ അഞ്ഞൂറ് കൂടി അധികമെടുത്ത് പത്ത് തികക്കാനുള്ള ആവതില്ല താനും, ആയതിനൊട്ട് മനസ്സ് വരുന്നുമില്ല.
നെയ്‌ച്ചോറും ചോന്ന മൂരിക്കറിയും തട്ടി, കൈ കഴുകിയ ശേഷം സ്വല്പ നേരത്തേക്ക് ശരീഫ് മാഷിനെ കാൺമാനില്ല. നോക്കുമ്പോൾ മൂപ്പർ വീട്ടിനകത്ത് കയറി കാർണോർമാരുമായി കുശുകുശ നടത്തുകയാണ്. ഞങ്ങൾ കവർ അടച്ച്, പല്ലിൽ കുത്തി ച്ചിരി മാറി നിൽക്കുമ്പോഴേക്കും ‘വാ പോകാ’ എന്ന് പറഞ്ഞ് മാഷിങ്ങെത്തി. എന്തായിരിക്കും മാഷ്, മുനീറയുടെ കാർണോർമാരോട് പറഞ്ഞിരിക്കുക. ‘ഞങ്ങൾ അഞ്ച് പേരുടെ പേരിലുള്ള കവർ അവിടെ കൊടുക്കുന്നുണ്ട്, ഞാനാണ് അതൊക്കെ മുന്നിൽ നിന്ന് സംഘടിപ്പിച്ചത്, കൂടെ വന്നതൊക്കെ കട്ട കഞ്ഞികളാ…’ ആവാം, ആവാതിരിക്കാം.

ഇതിപ്പോൾ ഇക്കഴിഞ്ഞയാഴ്ചയാണ്. പാപ്പിനിശ്ശേരിയിൽ നിന്ന് മൂന്ന് മൂന്നര കിലോ മീറ്റർ ഉള്ളോട്ടാണ്. കോളജിനടുത്ത് പെട്ടിക്കട നടത്തുന്ന മൊയ്തീൻ കുട്ടിക്കയുടെ ഹൗസ്‌വാമിംഗാണ്. ഇപ്രാവശ്യം നമ്മൾ എട്ടാളാണ് പോയത്; ഇന്നോവയിൽ, ഞെരുങ്ങിയിരുന്ന്. മൊയ്തീൻ കുട്ടിക്ക ക്ഷയരോഗിയാണ്. ഒരു വീട് തട്ടിമുട്ടി അങ്ങനെ ഉണ്ടാക്കിയതാണ്. തേച്ചിട്ടില്ല. നിലം വൃത്തിയാക്കിയിട്ടില്ല. കക്കൂസിൽ പോലും ടൈലിട്ടില്ല. കാര്യമായി ചെയ്യേണ്ട കേസാണ്. ഇത്തരം കേസുകളിൽ നമ്മൾ തിരിച്ചുകിട്ടൽ പ്രതീക്ഷിച്ച് അല്ലല്ലൊ വല്ലതും ചെയ്യുക. അങ്ങനെയാകുമ്പോൾ വിശദമായ പേരുവിവരങ്ങളോടെ ബുക്കിലെഴുതിക്കേണ്ട കാര്യവുമില്ല.

എട്ട് പേർ ചേർന്ന് ഒരു സംഖ്യ ഒപ്പിച്ച് മൊയ്തീൻ കുട്ടിക്ക വശം കൊടുക്കാം എന്ന് കരുതിയതാണ്. പക്ഷേ, ശരീഫ് അതിൽ പങ്കെടുക്കില്ല എന്നത് എനിക്കറിയാം. കരുതിയത് പോലെ തന്നെ, അവൻ വഴുതി മാറി. അരി കടിക്കുന്ന ചിക്കൻ ബിരിയാണി കാക്കുടൽ മാത്രം തട്ടി നമ്മൾ കവർ കൊടുത്തു- അന്നേരം ശരീഫ് എന്ത് ചെയ്തിരിക്കും? കുശുകുശുക്കുന്നു. ആരുമായി? മൊയ്തീൻ കുട്ടിക്കയുമായി. എന്തായിരിക്കും പറഞ്ഞിരിക്കുക? ആ!

കണക്കുമാഷാണ് ശരീഫ്. കണക്കുമാഷൻമാരുടെയും കണക്കുടീച്ചർമാരുടെയും ജീവിതത്തിൽ കണക്കിന്റെ കാർക്കശ്യം അമിതമായി ഇടപെടുകയും അവരിലെ മനുഷ്യപ്പറ്റിനെ ആവിയാക്കുകയും ചെയ്തതായി ചില അനൗദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കാറുണ്ട്. എന്നുവെച്ച് അത് ജനറലൈസ് ചെയ്യാൻ പാടില്ല. എന്നല്ല, ശരീഫ് മാഷെ ആ ഗണത്തിൽ പെടുത്തി മാറ്റിനിർത്തിയും കൂടാ. അദ്ദേഹത്തിന്റെ വലിഞ്ഞുകളിയുടെയും കുശുകുശയുടെയും രഹസ്യം ഞാനിതാ ചോർത്തിയെടുത്തിരിക്കുന്നു, ഇപ്പോഴിതാ പരസ്യപ്പെടുത്താൻ പോകുന്നു!

തന്റെ കണക്കിലെ കേമത്തം മാഷ് സകാത്തിന്റെ കാര്യത്തിൽ കരുതലോടെ അപ്ലൈ ചെയ്യുന്നു. പി എഫ്, എസ് എൽ ഐ, ജി ഐ എസ് തുടങ്ങിയ സകല നിക്ഷേപങ്ങളുടെയും സകാത്ത് കണക്ക് കൃത്യമായി സൂക്ഷിക്കുകയും അവസരോചിതം അത് വീട്ടുകയും ചെയ്യുക എന്നതാണ് മാഷിന്റെ പോളിസി.

നാം സകാത്ത് കൊടുക്കുന്നത് സ്വദഖ കൊടുക്കുമ്പോലെയല്ല. അതിന് കൃത്യമായ ചിട്ടവട്ടങ്ങളും നിഷ്ഠാരീതികളുമുണ്ട്. അത് കൃത്യമായ അളവിൽ അർഹരായ ആളിലേക്ക് തന്നെ എത്തിക്കണം. എന്നുവരുമ്പോൾ കുറേ പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനത്തിലേക്ക്, യതീംഖാനയിലേക്ക്, മദ്‌റസയിലേക്ക്, പള്ളിയിലേക്ക്, ചാരിറ്റബ്ൾ ട്രസ്റ്റിലേക്ക് ഒന്നും സകാത്ത് കൊടുത്താൽ വീടില്ല. സകാത്താകുന്ന കടുത്ത ഫർള് കഴുത്തൊടിക്കുന്ന ഭാരമായി തലയിലേറ്റി നടക്കുന്നവർ സുന്നത്തായ സ്വദഖകൾ ഒഴുക്കിവിടുന്നതിൽ ഗുരുതരമായ തരക്കേടുണ്ട്.അപ്പോൾ, നമ്മൾ നമ്മളോട് തന്നെ ഒരു ചോദ്യം ചോദിക്കുകയായി. നാളിങ്ങോളമായി എന്റെ മേൽ ഏതെങ്കിലും വിധേനകളായി എത്ര രൂപ സകാത്ത് ബാധ്യതയായി കിടപ്പുണ്ട്? കഴിഞ്ഞ കാലങ്ങളിൽ കല്യാണത്തിനും വീട്ടുകൂടലിനും സ്ഥാപനങ്ങളുടെ പിരിവിലേക്കും മറ്റും മറ്റുമായി എത്ര പൈസ നാം ദാനമായി കൊടുത്തു കഴിഞ്ഞു? ആരും തന്നെ ശരീഫ് മാഷിനെ കളിയാക്കാൻ നിൽക്കണ്ട, പറഞ്ഞേക്കാം.

അദ്ദേഹം ചെയ്തത് ഇത്രയേ ഉള്ളൂ. അർഹരായ ദരിദ്രരുടെ കല്യാണം, കുടികൂടൽ, ഭവനനിർമാണം പോലുള്ള സംഭവങ്ങളുണ്ടാകുമ്പോൾ തന്റെ സകാത്തിന്റെ വിഹിതം അതിലേക്ക് തിരിക്കുകയും അത് നേരിട്ടോ ബന്ധപ്പെട്ടവർ മുഖാന്തിരമോ സകാത്ത് വീട്ടലായി തന്നെ നിർവഹിക്കുകയും ചെയ്യുന്നു. നമ്മൾ ഒരാൾക്ക് സകാത്ത് കൊടുക്കുന്നു, അന്നേ ദിവസം മറ്റൊരുപാട് ആളുകൾ കൊടുക്കരുതെന്നോ, അതൊരു വിശേഷദിവസം ആകരുതെന്നോ വിവാഹം, ഗൃഹപ്രവേശം പോലുള്ള അത്യാവശ്യ ഘട്ടത്തിൽ ആകരുതെന്നോ ഇസ്‌ലാമിൽ നിയമമില്ല. പിന്നെന്തുകൊണ്ട് നമുക്ക് ശരീഫ് മാഷെ മാതൃകയാക്കി ആ വഴി പിന്തുടർന്നുകൂടാ. ഇനി ഒരു ചോദ്യം ചോദിച്ച് കൊണ്ട്, അതിന്റെ ഉത്തരം ചിന്തിച്ച് കൊണ്ട് നമുക്ക് പിരിയാം. ഒരു ധനാഢ്യന്റെ വലിയൊരു തുക സകാത്തായി കിടപ്പുണ്ട്. അത് നമുക്കൊരു സ്ഥാപനത്തിന് ലഭ്യമാക്കണം. വ്യക്തികൾക്കല്ലാതെ സ്ഥാപനത്തിന്/ ട്രസ്റ്റിന്/ കമ്മിറ്റിക്ക് ഒന്നും സകാത്ത് കൊടുത്തുകൂടാ, വാങ്ങിക്കൂടാ. പിന്നെ എന്തുണ്ടൊരു പോംവഴി?

ഫൈസൽ അഹ്‌സനി ഉളിയിൽ
[email protected]