കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പാലായില്‍ മാത്രം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുഷ്ടലാക്കോടെ: കോടിയേരി

Posted on: August 25, 2019 2:21 pm | Last updated: August 25, 2019 at 6:00 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നിരിക്കെ പാലായില്‍ മാത്രം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാലാക്ക് മുന്നേ മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിയിരിക്കെ പാലായില്‍ മാത്രം ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുഷ്ടലാക്കോടെയാണെന്നും കോടിയേരി പറഞ്ഞു.

ഗുജറാത്തില്‍ രണ്ട് സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിയിരിക്കെ രണ്ട് സീറ്റിലേക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറായില്ല. അങ്ങിനെ നടത്തിയെങ്കില്‍ രണ്ട് സീറ്റും ബിജെപിക്ക് ലഭിക്കാതെ ഒന്ന് കോണ്‍ഗ്രസിന് ലഭിച്ചേനെ. ഇത്തരത്തിലുള്ള കുതന്ത്രമാണ് ഇവിടേയും നടത്തുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ഇടത്പക്ഷം സജ്ജമാണ്. പാല തിരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമായി മാറ്റും. എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. പാലയില്‍ യുഡിഎഫ് പ്രതിസന്ധിയിലാണ്. കേരള കോണ്‍ഗ്രസ് ജോസ് കെമാണിയുടേയും പിജെ ജോസഫിന്റേയും നേൃത്വത്തില്‍ രണ്ട് പാര്‍ട്ടിപോലെയായ സാഹചര്യത്തില്‍ ഏത് പാര്‍ട്ടിയെ പിന്തുണക്കുമെന്നതാണ് യുഡിഎഫിന്റെ പ്രതിസന്ധി. ശബരിമല വിഷയങ്ങളില്‍ മാറ്റമുണ്ടായിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികള്‍ പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ തുടങ്ങിയെന്ന് സമീപകാലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നുണ്ട്. പാലാ സീറ്റില്‍ എന്‍സിപിയാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇവിടെ ആര് മത്സരിക്കണമെന്നത് സംബന്ധിച്ച് ബുധനാഴ്ച
എല്‍ഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു