മലയാളി ഉള്‍പ്പെട്ട ലഷ്‌കര്‍ ഇ ത്വയിബ ഭീകര സംഘം തമിഴ്‌നാട്ടില്‍; കനത്ത ജാഗ്രത

Posted on: August 23, 2019 12:27 pm | Last updated: August 23, 2019 at 2:06 pm

കോയമ്പത്തൂര്‍: ശ്രീലങ്ക വഴി മലയാളി ഉള്‍പ്പെടെ ആറ് ലഷ്‌കര്‍ ഇ ത്വയിബ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ സ്വദേശിയായ ഇല്യാസ് അഹമ്മദ് അടക്കമുള്ള സംഘമാണ് ഇവിടെയെത്തിയത്. തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദറാണ് സംഘത്തിലെ മലയാളിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘം തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ എത്തിയെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന വിവരം.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ചെന്നൈയിലും പൊലീസ് പട്രോളിംഗ് ശക്തമാക്കിയതായി ചെന്നൈ പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

അഫ്ഗാന്‍ ഭീകരരെ കശ്മീരില്‍ വിന്യസിക്കുന്നതിനായി പാകിസ്ഥാന്‍ ശ്രമിക്കുന്നതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. വിമാനത്താവളം, റെയില്‍വെ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. കോയമ്പത്തൂരില്‍ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.