നിയമം കൈയിലെടുത്തുള്ള പ്രക്ഷോഭത്തിനൊപ്പമില്ല: മായാവതി

Posted on: August 22, 2019 6:31 pm | Last updated: August 23, 2019 at 10:11 am

ന്യൂഡല്‍ഹി: തലസ്ഥാനത്തെ തുഗ്ലക്കാബാദിലെ രവി ദാസ് ക്ഷേത്രം പൊളിച്ചതിനെതിരെ ദളിത് സംഘടനകള്‍ നടത്തുന്ന സമരത്തില്‍ ബി എസ് പി വിട്ടുനിന്നതിന് വിശദീകരണവുമായി മായാവതി. നിയമം അനുശാസിക്കുന്ന പ്രക്ഷോഭങ്ങളോട് മാത്രമേ ബി എസ് പി സഹകരിക്കൂവെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി ട്വിറ്ററില്‍ പറഞ്ഞു.

തകര്‍ക്കല്‍ സംഭവങ്ങള്‍ ഡല്‍ഹിയില്‍ പതിവാണ്. പത്യേകിച്ച് തുഗ്ലക്കാബാദില്‍. ഇത് അന്യായമാണ്. ബി എസ് പിക്ക് പ്രത്യേകിച്ചൊന്നും ഇതില്‍ ചെയ്യാനില്ല. ബി എസ് പി ഭരണഘടനയെയും നിയമത്തെയും ബഹുമാനിക്കുന്നു. സന്യാസികളുടേയും ഗുരുക്കന്‍മാരുടേയും മഹാന്‍മാരുടെയും പേരില്‍ നിരപരാധികളായ മനുഷ്യര്‍ക്ക് ബി എസ് പി പ്രവര്‍ത്തകര്‍ അപകടം ഉണ്ടാക്കില്ലെന്നും മായാവതി പറഞ്ഞു.

എന്ത് നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായാലും ക്രിമിനല്‍ നിയമത്തിലെ സെക്ഷന്‍ 144 ലംഘിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് മായാവതി ആവശ്യപ്പെട്ടു.