കുരുക്ക് മുറുക്കി സിബിഐ; ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ്

Posted on: August 21, 2019 8:44 pm | Last updated: August 21, 2019 at 10:33 pm

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന് എതിരെ സിബിഐ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ചിദംബരം രാജ്യം വിടുന്നത് തടയുകയാണ് ലക്ഷ്യം. വിമാനത്താവളങ്ങളില്‍ എല്ലാം ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചിദംബരത്തിന് എതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിതെ തുടര്‍ന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള തീവ്രശ്രമത്തിലാണ് സിബിഐ സംഘം. ഇതിനായി ഇന്നലെയും ഇന്നും അവര്‍ ഡല്‍ഹിയിലെ ചിദംബരത്തിന്റെ വസതിയില്‍ എത്തിയിരുന്നു. എന്നാല്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ച ഉടന്‍ കോടതിയില്‍ നിന്ന് പുറത്തുവന്ന അദ്ദേഹം ഡ്രൈവറെയും ക്ലാര്‍ക്കിനെയും വഴിയില്‍ ഇറക്കിവിട്ട് കാറോടിച്ച് പോയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, താന്‍ ഒളിവില്‍ കഴിയുന്നില്ലെന്നാണ് ചിദംബരം അഭിഭൂാഷകന്‍ മുഖേന വ്യക്തമാക്കിയത്. ബുധനാഴ്ച രാത്രി എഐസിസി ആസ്ഥാനത്തെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒപ്പം അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു.

അതിനിടെ, ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഇന്ന് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഒരു ദിവസം നീണ്ടു നിന്ന നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കി സുപ്രീം കോടതി രജിസ്ട്രാര്‍ ഉത്തരവിറക്കിയത്. ഈ സാഹചര്യത്തില്‍ ചിദംബരത്തിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്.