പുന്നപ്ര വയലാര്‍ സമര നായിക അനസൂയ അന്തരിച്ചു

Posted on: August 20, 2019 10:31 am | Last updated: August 20, 2019 at 3:37 pm

ആലപ്പുഴ: പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തതിന് പോലീസ് പ്രതി ചേര്‍ത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളും വിപ്ലവ കവിയുമായ അനസൂയ (84)അന്തരിച്ചു. വാര്‍ധ്യകസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്ന അനസൂയ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തപ്പോള്‍ 12 വയസായിരുന്നു അനസൂയയുടെ പ്രായം. രാജസഭരത്തിനെതിരെ കലാപത്തില്‍ പങ്കെടുത്തതില്‍ പ്രതിയായതിനെ തുടര്‍ന്ന് 11 മാസം കോട്ടയത്ത് ഒളിവ് ജീവിതം നയിച്ചു.

അഞ്ചു വയസ് തികയും മുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വേദികളിലെത്തിയ ആളാണ് അനസൂയ.യോഗം തുടങ്ങും മുന്‍പ് അനസൂയയുടെ ഗാനാലാപനം ഉണ്ടാകും. ക്രമേണ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയായി. ആദ്യകാല നേതാക്കള്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവം. പി കൃഷ്ണപിള്ള മരിച്ചശേഷമുള്ള അനുശോചന യോഗത്തില്‍ അന്ത്യാഭിവാദ്യ ഗാനം പാടിയത് അനസൂയയായിരുന്നു.

പുന്നപ്ര വയലാലര്‍ സമരത്തില്‍ പങ്കെടുക്കാന്‍ പോയ വളണ്ടിയേഴ്‌സിന് അലക് ചെത്തിമിനുക്കി കുന്തമുണ്ടാക്കിയത്, അനസൂയയുടെ കാഞ്ഞിരം ചിറയിലെ ആഞ്ഞിലിപ്പറമ്പ് വീട്ടിലായിരുന്നു.
പുന്നപ്രവയലാര്‍ സമരഭടനായിരുന്ന പരേതനായ കൃഷ്ണനാണ് ഭര്‍ത്താവ്. എട്ട് മക്കളുണ്ട്.