സൈക്കിളിലെത്തിയ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവെ ബൈക്ക് മറിഞ്ഞു; യുവാവ് മരിച്ചു

Posted on: August 19, 2019 10:11 pm | Last updated: August 19, 2019 at 10:11 pm

മലപ്പുറം: സൈക്കിളില്‍ എതിരെ വന്ന കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മണ്ണാര്‍ക്കാട് കണ്ടമംഗലം സ്വദേശി പള്ളത്ത് അലിയുടെ മകന്‍ നിഷാദ്(25) ആണ് മരിച്ചത്. തിങ്കളാള്ച വൈകിട്ടോടെ എടപ്പാളിലായിരുന്നു അപകടം. നിഷാദിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതര പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൈക്കിളിലെത്തിയ കുട്ടിയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ അരികിലെ ചാലിലേക്ക് മറിയുകയായിരുന്നു. രണ്ട് ദിവസം മുമ്പ് വിദേശത്തുനിന്നും അവധിക്കെത്തിയതായിരുന്നു നിഷാദ്. ഗള്‍ഫിലുള്ള സുഹൃത്ത് കൊടുത്തുവിട്ട സാധനങ്ങള്‍ പൊന്നാനിയിലെ വീട്ടിലെത്തിക്കാന്‍ പോകവെയാണ് അപകടം. ആമിനയാണ് നിഷാദിന്റെ ഉമ്മ. സഹോദരങ്ങള്‍: നുസൈമ, ആഷിഫ്.