കശ്മീരില്‍ നിന്ന് വേറെയും വാര്‍ത്തകളുണ്ട്

Posted on: August 19, 2019 6:47 pm | Last updated: August 19, 2019 at 6:48 pm

“ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ ഉറച്ചുതന്നെ നില്‍ക്കും. കശ്മീരില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന ആരോപണങ്ങള്‍ ഞങ്ങള്‍ ശക്തമായി നിഷേധിക്കുന്നു. വളരെ കൃത്യമായും നിഷ്പക്ഷമായുമാണ് ഞങ്ങള്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റുള്ള മാധ്യമങ്ങളെപ്പോലെ ഞങ്ങളും കശ്മീരില്‍ പല നിയന്ത്രണങ്ങളും മറികടന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തുതന്നെ വന്നാലും കശ്മീരില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരും.’

കശ്മീരില്‍ നടക്കുന്ന സംഭവങ്ങള്‍ സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളായ ബി ബി സി, റോയിട്ടേഴ്സ് എന്നിവര്‍ ചെയ്യുന്ന റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന മോദി സര്‍ക്കാറിന്റെ ആരോപണത്തിന് മറുപടിയുമായി ബി ബി സി കഴിഞ്ഞ ദിവസം പുറത്തുവിട്ട കുറിപ്പാണിത്. കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയിലൂടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ശ്രീനഗറില്‍ പതിനായിരത്തിലേറെ പേര്‍ പങ്കെടുത്ത റാലി നടന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയെ പിന്തുണച്ച് ബി ബി സി വീഡിയോ പുറത്തു വിടുകയും ചെയ്തിരുന്നു. എന്നാല്‍, ഈ വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയുണ്ടായി. ഇത്തരത്തിലുള്ള വാര്‍ത്ത തീര്‍ത്തും വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് വസുധ ഗുപ്ത ട്വീറ്റ് ചെയ്തത്. ഇതിനോട് പ്രതികരിച്ചാണ് ബി ബി സിയുടെ ഔദ്യോഗിക പ്രതികരണം.

കശ്മീരില്‍ എല്ലാം ഭദ്രമാണെന്ന് ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളുടെ റിപ്പോര്‍ട്ടുകള്‍ക്കപ്പുറമുള്ള വസ്തുതകളാണ് ബി ബി സി അടക്കമുള്ള അന്താരാഷ്ട്ര ചാനലുകളും പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ ഇല്ലാതെ കശ്മീരിന്റെ പ്രത്യേക അവകാശങ്ങളും സംസ്ഥാന പദവിയും എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിഷേധങ്ങളാണ് കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്നത്. കശ്മീരില്‍ സ്ഥിതിഗതികള്‍ വളരെ മോശമാണെന്നും ജനങ്ങള്‍ രോഷാകുലരാണെന്നും ചൂണ്ടിക്കാണിച്ച് വിശദമായ റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസും പ്രസിദ്ധീകരിച്ചിരുന്നു. ജനങ്ങള്‍ അവശ്യ സാധനങ്ങള്‍ പോലും കിട്ടാതെ ബുദ്ധിമുട്ടുകയാണെന്ന് പ്രസ്തുത റിപ്പോര്‍ട്ട് അടിവരയിടുന്നുണ്ട്. സൈന്യത്തിന്റെ സാന്നിധ്യമാണ് കശ്മീരിലെല്ലായിടത്തും. കര്‍ഫ്യൂ ഇടവേളകളില്‍ പോലും പുറത്തിറങ്ങി നടക്കാന്‍ സൈനികരോട് യാചിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്ന ജനങ്ങളുടെ പ്രതികരണമാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പ്രധാന ഉള്ളടക്കം. മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ക്ക് പോലും ക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മീരില്‍ പ്രതിഷേധങ്ങള്‍ കാര്യമായി ഇല്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദങ്ങളെ ഖണ്ഡിക്കുന്ന സൈനികരുടെ പ്രതികരണവും ന്യൂയോര്‍ക്ക് ടൈംസ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുണ്ട്.

“”എന്തെങ്കിലും ഒരവസരം കിട്ടുമ്പോള്‍, അത് രാത്രിയായാലും പകലായാലും സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങുകയും കല്ലേറ് നടത്തുകയുമാണ്”… ബാരമുല്ലയിലുള്ള രവി കാന്ത് എന്ന സൈനികനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ രോഷാകുലരാണെന്നും അവര്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്നും ഈ സൈനികന്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ചില ഗ്രാമങ്ങളില്‍ ഒരോ കുടുംബത്തിന്റെയും വീടുകള്‍ക്ക് മുന്നില്‍ ഒരു സൈനികന്‍ എന്ന നിലയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുറത്തുള്ള ബന്ധുക്കളെ ബന്ധപ്പെടാന്‍ അധികൃതര്‍ നല്‍കുന്ന ഫോണ്‍ ഉപയോഗിക്കുന്നതിന് മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ജനങ്ങളെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

കശ്മീരില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യങ്ങള്‍, പ്രത്യേകിച്ച് കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെയുള്ള ജനരോഷവും പ്രതിഷേധവും, പുറംലോകത്തെത്താതിരിക്കാന്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ നേരത്തേ തന്നെ സര്‍ക്കാര്‍ വിച്ഛേദിച്ചിരുന്നു. കശ്മീര്‍ ജനതയുടെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും കവര്‍ ചെയ്യുന്നതിന് പകരം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം വലിയ നേട്ടമായി ആഘോഷിക്കാനാണ് ദേശീയ മാധ്യമങ്ങള്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. കശ്മീര്‍ ജനതയെ സംബന്ധിച്ച് തീര്‍ത്തും ജനവിരുദ്ധമായ ഈ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കിയതു മുതല്‍ കശ്മീരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഒരിക്കലും എളുപ്പമായിരുന്നില്ല. കശ്മീരിലെ പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകര്‍ നന്നായി കഷ്ടപ്പെടേണ്ടി വന്നു. കശ്മീരിന് പുറത്തുള്ള ഒരു ജേണലിസ്റ്റിന് കഴിഞ്ഞ കുറേ ദിവസങ്ങളായി അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ല. ശ്രീനഗറില്‍ തമ്പടിച്ച “ഇന്ത്യന്‍’ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് താരതമ്യേന തൊഴില്‍ ചെയ്യാന്‍ സാധിക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗം മാധ്യമങ്ങളും കേന്ദ്ര സര്‍ക്കാറിനെ വാഴ്ത്താന്‍ മാത്രം ശ്രദ്ധിച്ചുപോന്നു. കശ്മീരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നീതി നിഷേധവും ജനാധിപത്യ വിരുദ്ധതയും അതിനെത്തുടര്‍ന്നുണ്ടാകുന്ന ജനവികാരവും ദേശീയ മാധ്യമങ്ങള്‍ കണ്ടതേയില്ല. ദേശീയ രംഗത്തെ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളില്‍ നിന്ന് എന്‍ ഡി ടി വി മാത്രമാണ് ഇപ്പോള്‍ ശ്രീനഗറില്‍ നിന്ന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പബ്ലിക് ടി വി ഉള്‍പ്പെടെയുള്ള മറ്റു ചാനലുകളെല്ലാം കേന്ദ്ര സര്‍ക്കാറിന്റെ വേര്‍ഷന്‍ ഓരോ ദിവസവും എയര്‍ ചെയ്യുന്നു. എന്‍ ഡി ടി വിയുടെ രവീഷ് കുമാര്‍ ചെയ്യുന്ന കശ്മീര്‍ വാര്‍ത്തകളില്‍ സ്വാഭാവികമായും ജനങ്ങളുടെ പ്രതികരണങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. “ഞങ്ങള്‍ക്ക് രണ്ട് ശത്രുക്കളാണുള്ളത്. ഒന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റൊന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍’ എന്നു പറഞ്ഞ് പ്രതിഷേധിക്കുന്ന കശ്മീരിയെ കവര്‍ ചെയ്തതും എന്‍ ഡി ടി വിയായിരുന്നു.

താഴ്‌വരയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രധാന പരാതി, വിവരങ്ങളുടെ സമ്പൂര്‍ണ നിഷേധമാണ്. മാധ്യമങ്ങള്‍ക്ക് ശരിയായ ഇന്‍ഫര്‍മേഷന്‍ എത്താതിരിക്കാനുള്ള മനഃപൂര്‍വമായ നീക്കങ്ങളാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാങ്കേതിക സൗകര്യങ്ങള്‍ നിഷേധിക്കുന്നതും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാതിരിക്കുന്നതും കശ്മീരില്‍ ഇപ്പോള്‍ പതിവ് കാഴ്ചയായിരിക്കുന്നു. പ്രാദേശിക ലേഖകന്മാരുടെ അകമഴിഞ്ഞ സഹായമില്ലാതെ ഒരക്ഷരം പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ ഇപ്പോള്‍ സാധിക്കില്ലെന്ന് വിശദീകരിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സബാ നഖ്‌വി ഡെയ്‌ലി ഓ പോര്‍ട്ടലില്‍ തുറന്നെഴുതിയത് കഴിഞ്ഞ ദിവസമാണ്. സാധാരണക്കാരുടെ ജീവിതം വഴിമുട്ടിയിരിക്കുന്നു. അടിയന്തരാവസ്ഥാ കാലത്തെ സാമൂഹിക ജീവിതം നയിക്കാന്‍ കശ്മീര്‍ ജനത നിര്‍ബന്ധിതരാകുന്നു. ജനങ്ങളോട് വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ ഉച്ചഭാഷിണിയിലൂടെ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് വാഹനങ്ങള്‍ നഗരത്തിലൂടെ പോകുന്നത് കണ്ടതായി ചില കേന്ദ്രങ്ങള്‍ അറിയിച്ചെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. കച്ചവടക്കാരോട് കടകള്‍ അടച്ചിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആശയ വിനിമയം, സഞ്ചാരം, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, അഭിപ്രായ സ്വാതന്ത്ര്യം, പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങി ഒരു കശ്മീരിയുടെ സാധാരണ ജീവിതമാണ് വഴിമുട്ടി നില്‍ക്കുന്നത്. പ്രസവിക്കാനായ ഇന്‍ശ അശ്‌റഫ് എന്ന കശ്മീര്‍ യുവതിയുടെ ദാരുണാനുഭവങ്ങള്‍, എന്താണ് ഇപ്പോള്‍ കശ്മീര്‍ ജനത നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ എന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു. ഒരു കശ്മീര്‍ വനിതയുടെ പ്രസവിക്കാനുള്ള പോരാട്ടങ്ങള്‍ എന്ന തലക്കെട്ടില്‍ ദി വയര്‍ ന്യൂസ് പോര്‍ട്ടല്‍ കഴിഞ്ഞ ദിവസം വിശദമായി ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ശ്രീനഗറിന് പുറത്തുള്ള ബെമിനയിലാണ് ഇന്‍ശയുടെ വീട്. ആഗസ്റ്റ് 13ാം തീയതി വെളുപ്പിന് അഞ്ച് മണിക്കാണ് പ്രസവത്തിന്റെ എല്ലാ ലക്ഷണങ്ങളും കണ്ടുതുടങ്ങിയത്. ഇനി അധിക സമയമില്ല. ഏതു നിമിഷവും പ്രസവിച്ചേക്കാം. ഏഴ് കിലോമീറ്റര്‍ അകലെയുള്ള ലാല്‍ഡെഡ് ആശുപത്രിയാണ് ഏറ്റവും അടുത്ത ആതുരാലയം. ഇന്‍ശയുടെ മാതാവ് മുബീന അനിയത്തി നിഷയെയും കൂട്ടി അയല്‍ വാസിയുടെ ഓട്ടോറിക്ഷയില്‍ യാത്ര തിരിച്ചു. സൈനികര്‍ എല്ലായിടത്തും റോന്തുചുറ്റുന്നുണ്ട്. മറ്റ് വാഹനങ്ങള്‍ ഒന്നും ഓടുന്നില്ല. ഏതാനും ദൂരം മുന്നോട്ടു പോയപ്പോള്‍ തന്നെ സൈന്യം വാഹനം തടഞ്ഞു. ഒരു വാഹനവും കടത്തിവിടരുതെന്നാണ് നിര്‍ദേശമെന്നാണ് സൈനികര്‍ പറഞ്ഞത്. “ഞാനൊരു ഗര്‍ഭിണിയാണ്. ഏതു നിമിഷവും പ്രസവിച്ചുപോകും. ദയവായി കടത്തിവിടണം.’ ഇന്‍ശ സൈനികരോട് അപേക്ഷിച്ചുനോക്കി. പക്ഷേ, അവര്‍ ഒരു ദയയും കാണിച്ചില്ല. കുറേ നേരത്തെ സംസാരത്തിനൊടുവില്‍ ആശുപത്രിയിലേക്ക് നടന്നുപോകാന്‍ അവര്‍ സമ്മതം നല്‍കി. മറ്റു വഴികളൊന്നുമില്ലാത്തതിനാല്‍ ഒരടി പോലും നടക്കാന്‍ കഴിയാതിരുന്നിട്ടും ഇന്‍ശ അശ്‌റഫ് മുന്നോട്ടു നടന്നു. എന്നാല്‍ ആ നടത്തത്തിനിടയില്‍ ഓരോ 500 മീറ്ററിലും സ്ഥാപിച്ചിരിക്കുന്ന ചെക്ക്‌പോസ്റ്റുകളിലും അവരെ തടഞ്ഞു. തന്റെ പ്രസവ വേദന ഓരോ ചെക്ക് പോസ്റ്റിലും അവര്‍ക്ക് വിവരിക്കേണ്ടി വന്നു. ഓരോ ചെക്ക് പോസ്റ്റിലും അവരുടെ യാചന നിരസിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ആശുപത്രിയിലെത്താന്‍ അരകിലോമീറ്റര്‍ ദൂരത്ത് അവര്‍ കുഴഞ്ഞുവീണു. ആശുപത്രിയിലെത്താതെ തൊട്ടടുത്ത ക്ലിനിക്കില്‍ വെച്ച് ഇന്‍ശ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പക്ഷേ, ആ കുഞ്ഞിനെ പുതപ്പിക്കാന്‍ ഒരു കഷണം തുണിപോലുമില്ലാത്ത അവസ്ഥയിലായിരുന്നു ആ ക്ലിനിക്കിലെ ജീവനക്കാര്‍. എല്ലാം തീര്‍ന്നുപോയിരുന്നു. പുറത്തുനിന്ന് കൊണ്ടുവരാന്‍ ഗതാഗത സൗകര്യങ്ങളും ചരക്കുവണ്ടികളുമില്ല.

കശ്മീര്‍ ജനതയുടെ സത്യസന്ധമായ ഈ യാഥാര്‍ഥ്യങ്ങളാണ് അന്തര്‍ ദേശീയ മാധ്യമങ്ങളും നട്ടെല്ലുള്ള ചില ന്യൂസ് പോര്‍ട്ടലുകളും ഇപ്പോള്‍ വിശദമായി പുറത്തുകൊണ്ടു വരുന്നത്. സ്വന്തം കുടുംബത്തോടും സുഹൃത്തുക്കളോടും സംസാരിച്ചിട്ട് ആഴ്ചകളായെന്ന് കശ്മീര്‍ പ്രസിന്റെ ചീഫ് എഡിറ്റര്‍ മുഖ്താര്‍ ബാബ ഇന്നലെ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പില്‍ തുറന്നെഴുതിയിട്ടുണ്ട്. താനിപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അവര്‍ക്കറിയില്ല എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. തന്റെ ജീവിതത്തില്‍ ഇത്രമേല്‍ വെല്ലുവിളി നിറഞ്ഞ കാലമുണ്ടായിട്ടില്ല എന്നും 1988 മുതല്‍ കശ്മീര്‍ മാധ്യമ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുള്ള മുഖ്താര്‍ ബാബ ഭയത്തോടെ നിരീക്ഷിക്കുന്നു. “എന്റെ കീഴില്‍ 25 റിപ്പോര്‍ട്ടര്‍മാരുണ്ട്. എന്നാല്‍ എന്നോട് കോണ്ടാക്ട് ഉള്ളത് അവരില്‍ നാല് പേര്‍ക്ക് മാത്രമാണ്. ബാക്കിയുള്ളവര്‍ ബാരാമുല്ല, അനന്ത്‌നാഗ്, പുല്‍വാമ, സുല്‍പൂര്‍ എന്നിവിടങ്ങളില്‍ എവിടെയോ ഉണ്ടാകും എന്നു മാത്രമേ എനിക്കറിയൂ.’ ഇ ടി വി ഭാരതിന്റെ പത്രാധിപര്‍ മുഹമ്മദ് ദുല്‍ഖര്‍നൈന്‍ പറഞ്ഞതായി ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കശ്മീരില്‍ വിനിമയ ബന്ധങ്ങള്‍ വിഛേദിച്ചതിനാല്‍ പല ഇന്ത്യന്‍ മാധ്യമങ്ങളും കഴിഞ്ഞ ദിവസങ്ങളിലാണ് കശ്മീര്‍ വിഭജനത്തിന് ശേഷം ആദ്യമായി പ്രത്യേക റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്നത്. ദി ഹിന്ദുവിലും ഇന്ത്യന്‍ എക്സ്പ്രസിലും വന്ന ചില റിപ്പോര്‍ട്ടുകളിലെങ്കിലും ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധത്തിന്റെ സൂചനകള്‍ നിഴലിച്ചു നിന്നതും ശ്രദ്ധേയമാണ്.

കശ്മീരിലെ പ്രാദേശിക ലേഖകന്മാരുടെ ജീവിതം അതിദാരുണമാണ്. കേന്ദ്ര സര്‍ക്കാറിന്റെ അജന്‍ഡകളുടെ ഇരകളായി തങ്ങള്‍ മാറുന്നുവെന്ന് കശ്മീരിലെ മിക്ക പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കും ബോധ്യമാകുന്നുവെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ ന്യൂസും പെന്‍ഡ്രൈവിലാക്കണം. അത് പാരാമിലിറ്ററി ചെക്ക് പോസ്റ്റ് കടന്നുപോയി കൈമാറണം. ജേര്‍ണലിസ്റ്റാണെന്ന് എതെങ്കിലും പട്ടാളക്കാരനോട് പറഞ്ഞു പോയാല്‍ അന്ന് വാര്‍ത്ത എത്തിക്കാനാകില്ല. ചോദ്യങ്ങള്‍, ശകാരം, ഭീഷണി. അടുത്തുള്ള ഹോസ്പിറ്റലിലുള്ള തന്റെ ബന്ധുവിനെ കാണാന്‍ പോകുകയാണെന്ന് പറയും. അല്ലെങ്കില്‍ സമാനമായ എന്തെങ്കിലും. തിരിച്ച് വീടണയുമെന്ന് ആര്‍ക്കും ഉറപ്പില്ല. ന്യൂസ് പ്രിന്റ് ലഭ്യമല്ലാത്ത അവസ്ഥ കശ്മീര്‍ പത്രങ്ങളെ ഇതിനകം വല്ലാതെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ശ്രീനഗറിലെ നാഷണല്‍ ഡെയ്‌ലി ബ്യൂറോയുടെ ഒറ്റമുറി ഓഫീസാണ് മിക്ക മാധ്യമ പ്രവര്‍ത്തകരുടെയും കേന്ദ്രം. ഇവിടെയെത്തുന്ന സര്‍ക്കാര്‍ പ്രസ് റിലീസുകള്‍ക്കപ്പുറത്തേക്കുള്ള വാര്‍ത്തകള്‍ കവര്‍ ചെയ്യണമെങ്കില്‍ വലിയ സാഹസികത തന്നെ വേണം. ജീവന്‍ പോലും അപകടത്തിലാകും. ഈ അപകടകരമായ സാഹചര്യങ്ങളിലാണ് ബി ബി സിയും അല്‍ ജസീറയും റോയിട്ടേഴ്‌സും കശ്മീര്‍ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്നത്. ഈ പ്രതികൂല സാഹചര്യത്തിലും കശ്മീരില്‍ നിന്ന് സത്യസന്ധമായ വാര്‍ത്തകള്‍ വരുന്നു എന്നത് ഏറെ ആശ്വാസം നല്‍കുന്നു. കശ്മീരില്‍ സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങി ശ്രദ്ധേയനായ ഷാ ഫൈസലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിടികൂടി വീട്ടു തടങ്കലിലാക്കിയ വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ വന്നത്. സ്വയംഭരണാവകാശം നീക്കിയ നടപടിക്കെതിരെ ശക്തമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു കൊണ്ടിരുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ് ഷാ ഫൈസല്‍ എന്നതും ശ്രദ്ധേയമാണ്.

അന്തര്‍ദേശീയ മാധ്യമങ്ങള്‍ മാത്രമാണ് രോഷാകുലരായി പ്രതിഷേധിക്കുന്ന കശ്മീരികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. ഉദാഹരണത്തിന്, അസോസിയേറ്റഡ് പ്രസ് ഡൗണ്‍ ടൗണില്‍ വെള്ളിയാഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിടുകയുണ്ടായി. ബി ബി സി പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ക്ക് സമാനമായി “ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച തീരുമാനം അംഗീകരിക്കാനാകില്ല’ എന്ന ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കുന്ന ആളുകളുടെ ദൃശ്യങ്ങള്‍ വ്യക്തമായി കാണാം. സൗറയില്‍ നടന്ന പ്രതിഷേധ റാലിയില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്ന കശ്മീരി സ്ത്രീകളുടെ ചിത്രവും ലോകശ്രദ്ധ പിടിച്ചുപറ്റി. അസോസിയേറ്റഡ് പ്രസ് തന്നെയാണ് പ്രസ്തുത ചിത്രവും പുറത്തുവിട്ടത്. സര്‍ക്കാര്‍ നിലപാടുകളോട് കശ്മീര്‍ സ്ത്രീകള്‍ അനുകൂലമാണ് എന്ന ബി ജെ പിയുടെയും ചില ഇന്ത്യന്‍ മാധ്യമങ്ങളുടെയും വാദങ്ങള്‍ക്ക് മറുപടിയാണ് ഈ ചിത്രം. കേന്ദ്ര തീരുമാനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെയും അതിനെ തുടര്‍ന്നുള്ള അടച്ചുപൂട്ടലുകളെയും വിലക്കുകളെയും വിലകുറച്ച് കാണുകയാണ് സര്‍ക്കാര്‍. പ്രതിഷേധങ്ങള്‍ ഒറ്റപ്പെട്ടതാണെന്നും കശ്മീരിലെ സ്ഥിരം പ്രതിഷേധങ്ങളേക്കാള്‍ ആളെണ്ണം കുറവാണെന്നുമാണ് ഭരണകൂട ഭാഷ്യം. മിക്ക ദേശീയ മാധ്യമങ്ങളും ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ചില ഇംഗ്ലീഷ് പത്രങ്ങള്‍ വേറിട്ടു നില്‍ക്കുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ സംരക്ഷിച്ചു പോരുന്ന ദേശീയ മാധ്യമങ്ങളില്‍ നിന്ന് കൂടുതലായി ഒന്നും പ്രതീക്ഷിക്കരുത്. നല്ല വാര്‍ത്തകള്‍ അവസാനിക്കുന്നില്ല എന്ന ധീരമായ നിലപാടാണ് കശ്മീരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന അന്തര്‍ദേശീയ മാധ്യമങ്ങള്‍ പ്രഖ്യാപിക്കുന്നത്. തങ്ങളുടെ നിലപാടില്‍ ഇനിയും ഉറച്ചുനില്‍ക്കും എന്ന് ഉറക്കെ പറയുന്ന ഈ മാധ്യമങ്ങള്‍ ജനാധിപത്യത്തിന് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.