പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാറുമായി യോജിച്ചു പ്രവർത്തിക്കുമെന്ന് കാന്തപുരം

Posted on: August 19, 2019 11:25 am | Last updated: August 19, 2019 at 11:46 am
നിലമ്പൂരിലെ പുനരധിവാസ പ്രവർത്തനങ്ങളെ കുറിച്ച് കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ്കാന്തപുരം എ പി അബൂബക്കർ മുസ്്‌ലിയാർ, ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർ പൊതുമരാമത്ത് മന്ത്രി ജി സുധാകരനുമായി ചർച്ച നടത്തുന്നു. 

നിലമ്പൂർ: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മന്ത്രി ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. നിലമ്പൂർ ചന്തക്കുന്ന് വെളിയന്തോട് കെ എഫ് ആർ ഐ റസ്റ്റ് ഹൗസിൽ പി വി അൻവർ എം എൽ എയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാറുമായി യോജിച്ചു പ്രവർത്തിക്കുമെന്ന് കാന്തപുരം വ്യക്തമാക്കി. പ്രളയത്തിൽ വേറിട്ട ഗ്രാമങ്ങളെ ഒന്നിപ്പിക്കുന്നതിന് തകർന്ന പാലങ്ങൾ, റോഡുകൾ ഉടൻ പുനഃസ്ഥാപിക്കണം. കേടുപാടുകൾ സംഭവിച്ച കരുളായി, പൂക്കോട്ടുമണ്ണ പാലങ്ങൾ, കേരള – തമിഴ്‌നാട് അതിർത്തി പങ്കിടുന്ന പ്രധാന റോഡായ നാടുകാണി ചുരം, മറ്റു തകർന്ന റോഡുകൾ തുടങ്ങിയവയുടെ നവീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നിർവഹിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി , കെ പി ജമാൽ കരുളായി, കെ ടി അബ്ദുർറഹ്്മാൻ അരീക്കോട്, സ്വാദിഖ് ഹാജി കരിമ്പുഴ, ഇ പത്മാക്ഷൻ, ജിദ്ദ ഐ സി എഫ് പ്രതിനിധികളായ റഹീം വണ്ടൂർ, ഉസ്മാൻ പാച്ചീരി സംബന്ധിച്ചു.

കൂടിക്കാഴ്ചക്കുശേഷം മന്ത്രിയുടെ കൂടെ നേതാക്കൾ പ്രളയത്തിൽ പാലം ഒന്നാകെ ഒലിച്ചു പോയ കൈപ്പിനി കടവ്, ഉരുൾപൊട്ടിയ കവളപ്പാറ, പാതാർ എന്നിവിടങ്ങൾ സന്ദർശിച്ചു. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു.