മന്ത്രിയുടെയും എസ് പിയുടെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെട്ടു; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: August 16, 2019 7:28 pm | Last updated: August 16, 2019 at 10:58 pm

കൊല്ലം: മന്ത്രിയുടെയും എസ് പിയുടെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെട്ട് വഴിയില്‍ കുടുങ്ങിയതിന് മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം ഉച്ചക്ക് കൊല്ലം മയ്യത്തുംകരയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെയും എസ് പി. ഹരിശങ്കറിന്റെയും വാഹനങ്ങള്‍ 20 മിനുട്ടോളം വഴിയില്‍ പെട്ടതിനാണ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രി പത്തനംതിട്ടയില്‍ സ്വാതന്ത്ര്യ ദിനാഘോഷം കഴിഞ്ഞും എസ് പി ശൂരനാട്ടെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷവും മടങ്ങുകയായിരുന്നു.

ശൂരനാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി പി ഒ. ഹരിലാല്‍, സി പി ഒ. രാജേഷ്, റൂറല്‍ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചിലെ എ എസ് ഐ. നുക്യുദീന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഗുരുതര സുരക്ഷാ വീഴ്ചയാണ് ഇവര്‍ക്കെതിരെ ആരോപിച്ചിട്ടുള്ളത്. മന്ത്രിയുടെയും എസ് പിയുടെയും വാഹനം കടന്നുപോകുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും വേണ്ട സൗകര്യം ഒരുക്കിയില്ലെന്ന് കണ്ടെത്തിയാണ് നടപടി സ്വീകരിച്ചത്.