ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം; ഉടന്‍ മടങ്ങിയെത്തും

Posted on: August 15, 2019 7:37 pm | Last updated: August 16, 2019 at 11:08 am

ന്യൂഡല്‍ഹി: ബ്രിട്ടാഷ് നാവികസേന പിടിച്ചെടുത്ത ഇരാനിയന്‍ എണ്ണക്കപ്പലായ ഗ്രേസ് ഒന്നിലെ ഇന്ത്യക്കാരെ മോചിപ്പിച്ചു. മലയാളികളുള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മൂന്ന് മലയാളികളുള്‍പ്പടെ 24 ഇന്ത്യക്കാരായിരുന്നു പിടിച്ചെടുത്ത കപ്പലില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് വിദേസകാര്യ മന്ത്രാലയത്തെ അറിയിച്ചത്.

മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കിടുകിടുപ്പന്‍ വീട്ടില്‍ അബ്ബാസിന്റെ മകന്‍ ജൂനിയര്‍ ഓഫിസര്‍ കെ കെ. അജ്മല്‍ (27),കാസര്‍കോട് ബേക്കലിലെ നമ്പ്യാര്‍ കീച്ചില്‍ പൗര്‍ണമിയില്‍ പി പുരുഷോത്തമന്റെ മകന്‍ തേഡ് എന്‍ജിനീയര്‍ പി പ്രജിത്ത് (33), ഗുരുവായൂര്‍ മമ്മിയൂര്‍ മുള്ളത്ത് ലൈനില്‍ ഓടാട്ട് രാജന്റെ മകന്‍ സെക്കന്‍ഡ് ഓഫിസര്‍ റെജിന്‍ (40) എന്നിവരായിരുന്നു കപ്പലിലെ മലയാളികള്‍.

ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് കഴിഞ്ഞ മാസം നാലിനാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ച് ബ്രിട്ടന്‍ കപ്പല്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് ഒരു മാസം കൂടി കപ്പല്‍ തടങ്കലില്‍വക്കാന്‍ അവിടുത്തെ സുപ്രീം കോടതി ഉത്തരവിട്ടു. മറുപടിയെന്നോണം ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപറോ എണ്ണക്കപ്പല്‍ ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാനും പിടിച്ചെടുത്തും. ആ കപ്പലിലുമുണ്ട് മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 18 ഇന്ത്യക്കാര്‍.

ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതിയിലെ കേസ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍ തയ്യാറായതോടെയാണ് ഗ്രേസ് 1 എണ്ണക്കപ്പലിലെ മലയാളികളുടെ മോചനത്തിന് വഴിയൊരുങ്ങിയത്. ജീവനക്കാരെ മോചിപ്പിക്കുമെങ്കിലും അമേരിക്ക ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കപ്പല്‍ ഉടന്‍ വിട്ടു നല്‍കില്ലെന്ന തീരുമാനത്തിലായിരുന്നു ബ്രിട്ടന്‍. എന്നാല്‍ ജിബ്രാള്‍ട്ടന്‍ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കപ്പല്‍ വിട്ടു നല്‍കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതരായി. കപ്പല്‍ വിട്ടു നല്‍കരുതെന്ന് ആവശ്യപ്പെട്ട് അമേരിക്ക കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു. കപ്പല്‍ വിട്ടു നല്‍കിയാല്‍ ഇറാനും കപ്പല്‍ വിട്ട് നല്‍കാനാണ് സാധ്യത.