കശ്മീര്‍ പുനസ്സംഘടന വികസനത്തിനെന്ന് മോദി; യുദ്ധസമാന സാഹചര്യമുണ്ടായാല്‍ ഉത്തരവാദി ഇന്ത്യയെന്ന് ഇമ്രാന്‍

Posted on: August 14, 2019 11:45 pm | Last updated: August 15, 2019 at 12:55 pm

ന്യൂഡല്‍ഹി: വികസനം മുന്‍നിര്‍ത്തിയാണ് കശ്മീരിനെ പുനസ്സംഘടിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നടപടിയില്‍ രാഷ്ട്രീയമില്ലെന്നും ഇന്ത്യന്‍ ജനത തീരുമാനം അംഗീകരിച്ചു കഴിഞ്ഞുവെന്നും വാര്‍ത്താ ഏജന്‍സിയോടു സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. 370ാം വകുപ്പ് റദ്ദാക്കിയതില്‍ തീവ്രവാദത്തോട് അനുഭാവം പുലര്‍ത്തുന്ന നിക്ഷിപ്ത രാഷ്ട്രീയ ഗ്രൂപ്പുകളില്‍ പെട്ട കുറച്ച് പേര്‍ക്ക് മാത്രമേ എതിര്‍പ്പുള്ളു. പ്രത്യേക പദവി ഇത്രയും കാലം കശ്മീരിനെ ഒറ്റപ്പെടുത്തുകയും അവിടുത്തെ വികസനം തടസപ്പെടുത്തുകയും ചെയ്തതായി മോദി പറഞ്ഞു.

അതേസമയം, കശ്മീര്‍ വിഷയത്തില്‍ യുദ്ധസമാന സാഹചര്യമുണ്ടായാല്‍ ഉത്തരവാദി ഇന്ത്യയായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ മുന്നറിയിപ്പു നല്‍കി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയ ഇന്ത്യയുടെ നടപടി നിയമ വ്യവസ്ഥയേയും മനുഷ്യാവകാശത്തെയും ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ യു എന്‍ രക്ഷാ സമിതിയെ സമീപിച്ചു. രക്ഷാസമിതി പ്രത്യേക യോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. പാകിസ്ഥാന്‍ എന്തിനും സജ്ജമാണെന്ന് ഇമ്രാന്‍ വ്യക്തമാക്കി.