ദുരന്ത മുഖത്ത് വ്യാജപ്രചാരണം നടത്തുന്നവരെ വെറുതെവിടില്ല: മുഖ്യമന്ത്രി

Posted on: August 10, 2019 1:35 pm | Last updated: August 10, 2019 at 4:40 pm

തിരുവനന്തപുരം: കേരളം ഒരുമിച്ച് നിന്ന് ഒരു ദുരന്തത്തെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ്ത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. തെറ്റായ സന്ദേശം പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ഡാമും തുറക്കുന്നുവെന്നും പെട്രോള്‍ പമ്പുകള്‍ ആകെ അടക്കുന്നുവെന്നും പ്രചരിപ്പിക്കുന്നു. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കേരളം മൊത്തത്തില്‍ കനത്ത മഴ ആശങ്ക സൃഷ്ടിക്കുമ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തലവേദന സൃഷ്ടിക്കുന്നുണ്ട്. നാളെ കേരളത്തിലെവിടെയും വൈദ്യുതി ഉണ്ടാവില്ലെന്ന് കെ എസ് ഇ ബി അറിയിച്ചു, എ ടി എമ്മുകളില്‍ പണം തീരാന്‍ പോകുന്നതിനാല്‍ ഉടനെ പോയി പണം പിന്‍വലിക്കുക, പെട്രോള്‍ പമ്പുകളില്‍ ഇന്ധനക്ഷാമം നേരിടുന്നു അതിനാല്‍ പരമാവധി പെട്രോളടിച്ചു വെക്കുക എന്നൊക്കെയാണ് ഇപ്പോള്‍ വാട്‌സാപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളിലുള്ളത്.

സാമാന്യയുക്തിക്ക് പോലും നിരക്കാത്ത തരത്തിലുള്ളവയാണ് പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പലതുമെങ്കിലും ഇടവലം നോക്കാതെ പലരും ഇതെല്ലാം ഫോര്‍വേര്‍ഡ് ചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് ശക്തമായ മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.